ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ വഴിവാണിഭക്കാരുടെ സ്ഥാനമാണ് ഇടതുപക്ഷപാര്‍ട്ടികള്‍ക്ക് എന്നുമുണ്ടായിരുന്നത്. ആള്‍ത്തിരക്കേറിയ ഇടങ്ങളില്‍ തങ്ങളുടെ ഉത്പന്നത്തിന്റെ ഇല്ലാത്ത മേന്മകള് ഉറക്കെ വിളിച്ചു പറഞ്ഞ് കച്ചവടം നടത്താന്‍ ശ്രമിക്കുന്നവര്‍. അവര്‍ക്കുതന്നെ പരിപൂര്‍ണ്ണ ബോധ്യമുണ്ട് തങ്ങളുടെ ഉത്പന്നം നിലവാരമില്ലാത്തതും പഴഞ്ചനുമാണെന്ന്. എങ്കിലും ഉപജീവനത്തിനുവേണ്ടി ചില ചില്ലറ തട്ടിപ്പുകള്‍. ബഹളങ്ങള്‍ക്കെല്ലാം ഒടുവില്‍ ലാഭം കിട്ടുന്ന ചില്ലറത്തുട്ടുകളുടെ കിലുക്കത്തില്‍ മാത്രമാണ് കാര്യം. അധര വ്യായാമങ്ങളൊക്കെ ജനങ്ങളെ പറ്റിക്കാന്‍ മാത്രം.
ഇടതുപക്ഷം ഇന്നകപ്പെട്ടിരിക്കുന്ന അസ്തിത്വ പ്രതിസന്ധി ഇതിലുമെത്രയോ രൂക്ഷമാണ്. ദ്വികക്ഷി സമ്പ്രദായത്തിലേക്ക് ക്രമേണ വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ അധികം താമസിയാതെ ഈ പാര്‍ട്ടികള്‍ തീര്‍ത്തും അപ്രസക്തമായി മാറിയേക്കും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം എന്ന നിലയില്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിന് കാണികളുടെ റോള്‍ മാത്രമാണുള്ളത്. അഞ്ഞൂറിലേറെ നിയമസഭ സീറ്റുകള്‍, ഒമ്പത് കോടിയിലേറെ വോട്ടര്‍മാര്‍, ഇത്രയും വലിയ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വെറും കാണികളുടെ റോളിലേക്ക് മാറുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ അനിവാര്യമായ രാഷ്ട്രീയ ചരമക്കുറിപ്പ് എഴുതുകയല്ലെങ്കില് പിന്നെ എന്താണ് ചെയ്യുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയം ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും രണ്ടായി വിഭജിക്കപ്പെടുമെന്നും നെഹ്റുവിന്റെ കാലത്തിനു ശേഷം വലതുപക്ഷത്തെ പരാജയപ്പെടുത്തി ഇടതുപക്ഷം അധികാരത്തിലെത്തുമെന്നും ഇ.എം.എസ് പ്രധാനമന്ത്രിയാവുമെന്നുമൊക്കെ സ്വപ്നം കാണുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറി. ഇന്ത്യന്‍ ഇടതുപക്ഷത്തിനു സംഭവിച്ച അപചയം അവരുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പാപ്പരത്തം കൊണ്ടുണ്ടായതാണ്.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രസക്തി തന്നെ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ബൂര്‍ഷ്വാ- പെറ്റി ബൂര്‍ഷ്വാ നിലപാടുകള്‍ക്കെതിരായ രാഷ്ട്രീയ മുന്നേറ്റം എന്ന നിലയിലാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിനു വലതുപക്ഷ ചായ്വേറുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നുവല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം. ഈ ജന്മ ദൗത്യം തന്നെ മറന്ന നിലയിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവര്‍ കോണ്‍ഗ്രസ് ഫ്യൂഡലിസത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടായാണിപ്പോള് ശ്രമം നടത്തുന്നത്.
ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ കമ്യൂണിസവും മാര്‍ക്സിസവും പരാജയപ്പെടുകയും തകരുകയും ചെയ്തുവെങ്കിലും ആഗോള സാഹചര്യത്തില്‍ തന്നെ ഒരു ഇടതുപക്ഷ രാഷ്ട്രീയ നിലപാടിനു ഏറെ പ്രസക്തിയുളള സാഹചര്യമാണ് ഇപ്പോഴത്തേത്. എന്നാല്‍ ഇക്കാര്യം വേണ്ടതു പോലെ തിരിച്ചറിയാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായില്ല. അവര്‍ ഇന്ന് നേരിടുന്ന അസ്തിത്വ- രാഷ്ട്രീയ പ്രതിസന്ധിയുടെ പ്രധാന കാരണവും ഈ തിരിച്ചറിവില്ലായ്മയാണ്.
ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്താണ് ലോകരാഷ്ട്രീയത്തില്‍ ഇടതുപക്ഷം എന്ന വാക്ക് ശ്രദ്ധേയമാവുന്നത്. ഇന്നതിന്റെ അര്‍ത്ഥവും വ്യാപ്തിയും ഏറെ മാറിയിരിക്കുന്നു.
ആരംഭകാലത്ത് സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ആശയങ്ങളായിരുന്നു പൊതുവെ ഇടതുപക്ഷ ആശയങ്ങള്‍ എന്ന പേരില്‍ വ്യവഹരിക്കപ്പെട്ടു വന്നിരുന്നത്. പിന്നീടതിന്റെ പരിധിയില്‍ റിപ്പബ്ലിക്കനിസം, സോഷ്യലിസം, കമ്യൂണിസം, തുടങ്ങിയ ആശയങ്ങളും കടന്നു വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അരാജക വാദം പോലും വിശാലമായ അര്‍ത്ഥത്തില്‍ ഇടതുപക്ഷം എന്നവകാശപ്പെടാന്‍ തുടങ്ങി. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മനുഷ്യാവകാശ- പൗരാവകാശ പ്രസ്ഥാനങ്ങള്‍, ലിംഗനീതി പ്രസ്ഥാനങ്ങള്‍, പരിസ്ഥിതി സംരക്ഷണ ആശയങ്ങള്‍ എന്നിവയെല്ലാം ഇടതു പക്ഷ രാഷ്ട്രീയമായാണ് കണക്കാക്കപ്പെടുന്നത്.
വിശാലമായ ഈ ഇടതുപക്ഷ മനസ്സ് സ്വന്തമാക്കുന്നതിലോ പിന്തുടരുന്നതിലോ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിജയിക്കാനായില്ല. അതിനു പകരം അഴിമതിയും വര്‍ഗ്ഗീയതയും ചൂഷണവും ആശയദാരിദ്ര്യവുമൊക്കെയായി ജീര്‍ണ്ണിച്ച കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ആലിംഗനം ചെയ്യുകയാണ് അവര്‍ ചെയ്തത്. അന്തരിച്ച നേതാവ് ജ്യോതി ബസു ഒരിക്കല്‍ പറഞ്ഞതുപോലെ പ്രധാനമന്ത്രി ആകാതിരുന്നതല്ല ചരിത്ര പരമായ വിഢ്ഢിത്തം . മറിച്ച് കോണ്‍ഗ്രസിനെ രാഷ്ട്രീയമായി പിന്തുണച്ചതാണ്. ആ വിഢ്ഢിത്തത്തിന് പാര്‍ട്ടി ഇനിയും ഏറെ വില നല്‍കേണ്ടി വരും. രസകരമായ സംഗതി ഈ പരാജയത്തില്‍ നിന്നും ആ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ ഒന്നും പഠിച്ചിട്ടില്ല എന്നതാണ്. വീണ്ടും കോണ്‍ഗ്രസ് പാളയത്തിലെ ജീര്‍ണ്ണതകള്‍ ചുമക്കാനൊരുങ്ങുകയാണവര്.
യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഒരു വിശാലമായ അര്‍ത്ഥത്തില്‍ ജനാധിപത്യ-മതേതര -സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ആദ്യം മുന്നോട്ടു വക്കുന്നത് ഭാരതീയ ജനസംഘമാണ്. അതിന് ഇടതുപക്ഷം എന്ന പേര് നല്‍കിയില്ലെന്നു മാത്രം .കോണ്‍ഗ്രസിന്റെ ജീര്‍ണ്ണതക്കും അധികാര പ്രമത്തതക്കും എതിരെ അടിയന്തിരാവസ്ഥയില്‍ നടന്ന പോരാട്ടം ഇതിന്റെ ഏറ്റവും നല്ല രാഷ്ട്രീയ പാഠങ്ങളിലൊന്നാണ്. ജയപ്രകാശ് നാരായണനും രാം മനോഹര്‍ ലോഹ്യയും മറ്റും പ്രതിനിധാനം ചെയ്ത സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും ജനസംഘത്തിന്റെ രാഷ്ട്രീയ നിലപാടുകളും പലപ്പോഴും സമാനമായിരുന്നു. കോണ്‍ഗ്രസിനു ബദലായി കമ്യൂണിസ്റ്റ്് പാര്‍ട്ടികള്‍ക്ക് പകരം ബിജെപി വളര്‍ന്നു വന്നതും ഈ വിശാലമായ പുരോഗമന രാഷ്ട്രീയം നിമിത്തമാണ്.
പറഞ്ഞു വന്നത് അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരിതാപകരമായ പ്രകടനത്തെക്കുറിച്ചാണ്. ദല്‍ഹിയിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ചില സീറ്റുകളില്‍ സി.പി.ഐയും സി.പിഎമ്മും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടുണ്ട്. ഛത്തീസ് ഗഢിലെ ദന്തേവാഡയാണ് പാര്‍ട്ടി പ്രതീക്ഷ പുലര്‍ത്തുന്ന സീറ്റുകളിലൊന്ന്. ഇവിടെ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ തങ്ങള്‍ ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കുന്നതായി സി.പി.ഐ അവകാശപ്പെടുന്നു. എന്നാല്‍ നക്സല്‍ സ്വാധീന മേഖലയായ ഇവിടെ ജയിക്കുമെന്ന് പാര്‍ട്ടിയുടെ കേഡര്‍മാര്‍ പോലും കരുതുന്നുണ്ടാവില്ല. ദല്‍ഹിയിലെയും മധ്യപ്രദേശിലെയും സ്ഥിതിയും വ്യത്യസ്തമല്ല. പാര്‍ട്ടി സംവിധാനങ്ങളുടെ അപര്യാപ്തതയും ഫണ്ടിന്റെയും പ്രചരണ സാമഗ്രികളുടെയും കുറവും കാര്യമായി ബാധിക്കുന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞടുപ്പിനു ശേഷം കോണ്‍ഗ്രസിനെ പിന്തുണച്ചേക്കുമെന്ന തരത്തില്‍ പ്രകാശ് കാരാട്ട് നടത്തിയ പ്രസ്താവനയിലും അണികള്‍ നിരാശരാണ്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: