കൊട്ടിയം: കണ്ണനല്ലൂര്‍ റൂട്ടില്‍ ബസുകളടക്കമുള്ള വാഹനങ്ങള്‍ക്ക് മരണപാച്ചില്‍. സ്വകാര്യ ബസുകളുടെയും ലോറികളുടെയും ട്രെയ്ലറുകളുടെയും കോണ്‍ക്രീറ്റ് റെഡിമിക്സ് വാഹനങ്ങളുടെയും മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം ശക്തമായി. ഇവയുടെ മരണപ്പാച്ചിലില്‍ കഴിഞ്ഞയാഴ്ച രണ്ടു ജീവനുകള്‍ പൊലിഞ്ഞു. തിങ്കളാഴ്ച അയത്തിലിലുണ്ടായ അപകടത്തില്‍ കോണ്‍ക്രീറ്റ് റെഡിമിക്സ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ പുന്തലത്താഴംസ്വദേശി മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ദേശീയപാതയില്‍ തട്ടാമലയില്‍ നടന്ന അപകടത്തില്‍ ട്രെയ്ലര് ഇടിച്ചു ബൈക്ക് യാത്രക്കാരനായ ആസാദ് മരിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഇവയ്ക്കു വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടില്ലാത്തതിനാല്‍ വേഗനിയന്ത്രണം ഉണ്ടാകാറില്ല. പകലുണ്ടാകുന്ന സമയനഷ്ടം നികത്താന്‍ രാത്രിയില്‍ അമിതവേഗത്തിലാണ് ഇവ വരുന്നത്. ഇതു പരിശോധിക്കാന്‍ പൊലീസോ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോ മുതിരുന്നില്ല. പകല്‍ സമയം സ്വകാര്യബസുകള്‍ കണ്ണനല്ലൂര്‍ റൂട്ടില്‍ നടത്തുന്ന മത്സരയോട്ടം ശ്വാസമടക്കി നോക്കി നില്‍ക്കാനേ പലപ്പോഴും കഴിയാറുള്ളൂ. ട്രാന്‍സ്പോര്‍ട്ട് അധികൃതരും പോലീസും ഇവിടെ ഇത്തരം പരിശോധനകള്‍ക്ക് മുതിരാത്തത് കൂടുതല്‍ സൗകര്യപ്രദമാകുകയാണ്. പോലീസ് പലപ്പോഴും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനകള്‍ മാത്രമാണ് ഇവിടെ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: