റാഞ്ചി: ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ നാട്ടില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം പോരിനിറങ്ങുന്നു. ഒരുദിവസം ഉജ്ജ്വല ഫോമിലേക്കുയരുന്ന ടീം ഇന്ത്യ അടുത്ത ദിവസം തലകുത്തനെ മറിഞ്ഞുവീഴുന്നതാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളിലും കണ്ടത്. ആദ്യ ഏകദിനത്തില്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞ ടീം ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 360 റണ്‍സിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം മറികടക്കുന്നതാണ് കണ്ടത്. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ കളി വീണ്ടും മാറി. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നപ്പോള്‍ തലയുയര്‍ത്തിപ്പിടിച്ച് നിന്നത് ക്യാപ്റ്റന്‍ ധോണിയും വിരാട് കോഹ്ലിയും മാത്രം. ധോണിയുടെ അപരാജിത സെഞ്ച്വറിയും കോഹ്ലിയുടെ അര്‍ദ്ധസെഞ്ച്വറിയുമാണ് ഇന്ത്യയെ ഈ മത്സരത്തില്‍ മാന്യമായ സ്കോറിലെത്തിച്ചത്.
എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നിട്ടും അവസാന നാല് ഏകദിനങ്ങള്‍ക്കും അതേ ടീം നിലനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഓസ്ട്രേലിയ മൂന്നൂറ് റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിരുന്നു. ഇത് ഇന്ത്യന്‍ ബൗളര്‍മാരുടെ കഴിവുകേടുതന്നെയാണ്. വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭുവനേശ്വര്‍കുമാര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടിയത്. ഇഷാന്ത് ശര്‍മ്മ, ധോണിയുടെ വിശ്വസ്തരായ അശ്വിന്, രവീന്ദ്ര ജഡേജ, വിനയ്കുമാര്‍ എന്നിവര്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ മത്സരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നാം ഏകദിനത്തില്‍ ഇഷാന്ത് ശര്‍മ്മ എറിഞ്ഞ 48-ാം ഓവറാണ് കളിയുടെ ഗതിതിരിച്ചത്. ഇഷാന്തിന്റെ ഈ ഓവറില്‍ ഫള്‍ക്നര്‍ അടിച്ചുകൂട്ടിയ 30 റണ്‍സാണ് കളി ഓസ്ട്രേലിയക്ക് അനുകൂലമാക്കിയത്. അതുവരെ 7 ഓവറില്‍ 33 റണ്‍സായിരുന്നു ഇഷാന്ത് വഴങ്ങിയിരുന്നത്. ഈ മത്സരത്തില്‍ രവീന്ദ്രജഡേജയാണ് മികച്ച ബൗളിംഗ് നടത്തിയത്. 10 ഓവറില്‍ 31 റണ്‍സ് വഴങ്ങിയ ജഡേജ ഒരുവിക്കേറ്റ്ടുക്കുകയും ചെയ്തു. എന്നാല്‍ ബാറ്റിംഗില്‍ ജഡേജ സമ്പൂര്‍ണ്ണ പരാജയമാണ്.
കഴിഞ്ഞ മത്സരത്തില്‍ യുവരാജ് സിംഗ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20യില്‍ ഉജ്ജ്വല ഫോമിലായിരുന്ന യുവരാജിന് ഏകദിനത്തില്‍ ബാറ്റ് ചെയ്ത രണ്ട് മത്സരത്തിലും ശോഭിക്കാന്‍ കഴിഞ്ഞില്ല. അതുപോലെ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ടാം മത്സരത്തില്‍ മാത്രമാണ് മികച്ച ഇന്നിംഗ്സ് കളിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ടീം ഇന്ത്യക്ക് ക്യാപ്റ്റന്‍ ധോണിയുടെ നാട്ടിലും കണ്ണീരുകുടിക്കേണ്ടിവരും. അതേസമയം മൊഹാലിയില്‍ ഏറെ റണ്‍സ് വിട്ടുകൊടുത്ത ഇഷാന്ത് ശര്‍മ്മയെ ഒഴിവാക്കി ഉനദ്കത്തിനെ ഇന്ത്യ കളത്തിലിറക്കിയേക്കും.അതുപോലെ റാഞ്ചിയിലെ പിച്ച് സ്പിന്നര്‍മാര്‍ക്കും സഹായം നല്കുമെന്നതിനാല് അമിത് മിശ്രക്കും സാധ്യതയുണ്ട്.
എന്നാല്‍ ഓസ്ട്രേലിയന്‍ നിര മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ഹ്യൂഗ്സും ഫിഞ്ചും മികച്ച തുടക്കം നല്‍കുന്നുണ്ട്. അതുകൊണ്ട് പിന്നീട് വരുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. വാട്സണ്, ജോര്‍ജ് ബെയ്ലി, വോഗ്സ്, ഹാഡിന് തുടങ്ങിയവര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ഇന്ത്യയെ അപേക്ഷിച്ച് ഓസീസ് ബൗളര്‍മാരാണ് ഭേദം. രണ്ടാം മത്സരത്തിലൊഴികെ ഇന്ത്യയെ വിറപ്പിച്ചുനിര്‍ത്താന്‍ മിച്ചല്‍ ജോണ്‍സണും മക്കായും ഫള്‍ക്നറും ഉള്‍പ്പെട്ട ബൗളിംഗ് നിരക്ക് കഴിഞ്ഞിരുന്നു. എന്തായാലും ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് ഓസ്ട്രേലിയ മുന്നിലാണ്. അതുകൊണ്ടുതന്നെ ഇന്ന് ഇന്ത്യക്ക് വിജയിച്ചേ മതിയാവൂ. അതിനായി പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൈമെയ് മറന്ന് പൊരുതാന്‍ ടീം ഇന്ത്യ ഇറങ്ങിയാല്‍ മത്സരം തീപാറുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: