ന്യൂദല്‍ഹി: ടു ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന നീരാ റാഡിയ ടേപ്പിലെ വിവരങ്ങളിന്മേല് കേസെടുത്ത് അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും തമ്മില്‍ ഗൂഢാലോചന നടന്നതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി.
ടേപ്പിലെ 14 പരാമര്ശങ്ങളേപ്പറ്റിയുള്ള വിശദമായ അന്വേഷണം നടത്താനാണ് ജസ്റ്റിസ് ജി.എസ്.സിംഗ്വി അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ടേപ്പിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ കുറ്റകരമായ പലതുമുണ്ടെന്ന് വ്യക്തമായതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരും ടെലികോം വിതരണക്കാരും മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നേട്ടമുണ്ടാക്കുന്ന തരത്തിലുള്ള നിലപാടുകള്‍ക്ക് വഴിയൊരുക്കിയെന്നതു വ്യക്തമാക്കുന്നതാണ് ടെലഫോണ്‍ സംഭാഷണങ്ങളെന്നും കോടതി പറഞ്ഞു. ടെലികോം മന്ത്രി എ.രാജയ്ക്കുവേണ്ടി നീരാ റാഡിയ പ്രവര്‍ത്തിച്ചു എന്നതും വ്യക്തമാണെന്നും കോടതി പറഞ്ഞു. ഡിസംബര്‍ 16നകം കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: