ന്യൂദല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ ക്രമവിരുദ്ധമായി വിതരണം ചെയ്തതിലെ ഗൂഢാലോചനയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനു പങ്കുണ്ടെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയെ കേസില്‍ പ്രതിചേര്‍ക്കാന്‍ സിബിഐ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും മുന്‍വകുപ്പ് സെക്രട്ടറി പി.സി. പരേഖ് പ്രതികരിച്ചു.
ഒറീസയിലെ തലബിരയില്‍ ഹിഡാല്കോയ്ക്ക് രണ്ടു കല്‍ക്കരി പാടങ്ങള്‍ വിതരണം ചെയ്തതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആദിത്യ ബിര്‍ളാ ഗ്രൂപ്പ് ചെയര്മാന് കുമാരമംഗലം ബിര്‍ളയ്ക്കും പി.സി. പരേഖിനുമെതിരെ കഴിഞ്ഞ ദിവസം സിബിഐ കേസെടുത്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതെന്നും തനിക്കെതിരെ കേസെടുത്ത സിബിഐ, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിനു അന്തിമ അനുമതി നല്കിയ പ്രധാനമന്ത്രിയെ എന്തിന് ഒഴിവാക്കിയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
‘കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്. എന്നാല്‍ ബിര്‍ളാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് പാടങ്ങള്‍ അനുവദിച്ച് ഫയലില്‍ ഒപ്പുവച്ചിരിക്കുന്നത് അന്നു വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രി മന്മോഹന്സിംഗാണ്. ഹിന്‍ഡാല്‍കോയ്ക്ക് പാടങ്ങള്‍ അനുവദിച്ചതില്‍ എന്തെങ്കിലും തരത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇതിനുപിന്നില്‍ താനും കുമാരമംഗലം ബിര്‍ളയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ കേസിലെ മൂന്നാം പ്രതിയാകേണ്ടത് മന്മോഹന് സിംഗാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയെ കേസില്‍ പ്രതിചേര്‍ക്കാന്‍ സിബിഐ തയ്യാറാകാത്തത്’,പി.സി. പരേഖ് ചോദിച്ചു.
ബിര്‍ള ഗ്രൂപ്പിന് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടു നടന്ന രഹസ്യനടപടിക്രമങ്ങളും പ്രധാനമന്ത്രി നടത്തിയ ഇടപെടലുകളും പി.സി. പരേഖ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ‘ഒറീസയിലെ കല്‍ക്കരി പാടങ്ങള്‍ക്കായി രണ്ട് അപേക്ഷകളാണ് കല്ക്കരിമന്ത്രാലയത്തിനു മുന്നിലെത്തിയത്. ആദ്യം അപേക്ഷിച്ചത് ഹിന്‍ഡാല്‍കോയും രണ്ടാമത് അപേക്ഷിച്ചത് പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനുമായിരുന്നു. കല്‍ക്കരി മന്ത്രാലയത്തിലെ അപേക്ഷാ പരിശോധനാ സമിതി നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനു കല്‍ക്കരിപ്പാടങ്ങള്‍ നല്‍കാനാണ് തീരുമാനിച്ചത്. ആ സമയത്താണ് കുമാരമംഗലം ബിര്‍ള പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് പാടങ്ങള്‍ക്കായി ആദ്യം അപേക്ഷിച്ചത് തന്റെ കമ്പനിയാണെന്ന് അറിയിച്ചത്. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനു കല്‍ക്കരിപ്പാടം നല്‍കാനുള്ള തീരുമാനം കല്‍ക്കരിവകുപ്പ് പുനഃപരിശോധിച്ചത്. ഇതേ ആവശ്യവുമായി ബിര്‍ള തന്നെയും സമീപിച്ചിട്ടുണ്ട്. തുടര്‍ന്നാണ്് ഹിന്‍ഡാല്‍കോയും നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനും സംയുക്ത സംരംഭമായി കമ്പനി രൂപീകരിച്ച് കല്‍ക്കരിപ്പാടങ്ങള്‍ നല്കാന് തീരുമാനമെടുത്തത്,പരേഖ് കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇനി കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നു പറഞ്ഞ പരേഖ് കല്‍ക്കരിപ്പാടം കൈമാറിയതില്‍ തനിക്കു പങ്കില്ലെന്നു പറയില്ലെന്നും എന്നാല്‍ പ്രധാനമന്ത്രിക്കുള്ള പങ്കു മാത്രമാണ് തനിക്കുമുള്ളതെന്നും വ്യക്തമാക്കി.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: