ന്യൂദല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഒരുമാസമായി തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതലയോഗം ചേരുന്നു. പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ അദ്ധ്യക്ഷതയില്‍ ഈ മാസം അവസാനം ദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ കര-നാവിക-വ്യോമ സേനാധിപന്മാരും പ്രതിരോധ സെക്രട്ടറിയും പങ്കെടുക്കും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോനും യോഗത്തില്‍ പങ്കെടുത്തേക്കും. പാക്കിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദി സംഘത്തിനെതിരെ ഇന്ത്യന്‍ സേന ജമ്മുകാശ്മീരിലെ കേരാന്‍ സെക്ടറില്‍ 15 ദിവസം നീണ്ട ഓപ്പറേഷന് നടത്തിയ പശ്ചാത്തലത്തിലാണ് യോഗം. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തേപ്പറ്റിയും യോഗം വിലയിരുത്തും.
അതിര്‍ത്തിയില്‍ നടന്ന വെടിവെയ്പ്പിനേപ്പറ്റി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സൈന്യം പുറത്തു വിട്ട കണക്കുകളില്‍ വൈരുദ്ധ്യമുണ്ടെന്ന നിലപാടിലാണ് പ്രധാനമന്ത്രി. ഇതോടെ അതിര്‍ത്തി സംഭവ വികാസങ്ങളേപ്പറ്റി കരസേനാധിപന് യോഗത്തില്‍ വിശദീകരിക്കും.
ഇന്നാരംഭിക്കുന്ന നാലുദിവസത്തെ സേനാ കമാണ്ടര്‍മാരുടെ യോഗത്തിലും കേരാര്‍ ഓപ്പറേഷന്സിനേപ്പറ്റി വിശദമായ ചര്‍ച്ചകള്‍ നടക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു ഭാവിയില്‍ സ്വീകരിക്കേണ്ട നിലപാടുകളും കമാണ്ര്മാരുടെ യോഗം വിലയിരുത്തും.
കഴിഞ്ഞ പത്തു മാസത്തിനിടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനം നടക്കുന്നത് ഗൗരവകരമാണെന്നാണ് സൈന്യത്തിന്റെ നിലപാട്.
എന്നാല്‍ സൈന്യത്തിന്റെ കണക്കുകള്‍ അതിശയോക്തി കലര്‍ത്തിയതാണെന്ന തരത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതികരിച്ചതാണ് ഇന്ത്യന്‍ സൈന്യത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: