ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പിടിയിലായ അമേരിക്കന്‍ സായുധക്കപ്പലിനെപ്പറ്റിയുള്ള ദുരൂഹത തുടരുന്നു.കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസും അധികൃതരും മടിക്കുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ആധുനിക ആയുധങ്ങള്‍ സഹിതം അമേരിക്കന്‍ കപ്പലിലെ 35 പേരെ കഴിഞ്ഞ ശനിയാഴ്ചയാണ് തൂത്തുക്കുടി തുറമുഖത്തുനിന്ന് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇപ്പോള്‍ തമിഴ്നാട് പോലീസിലെ ക്യു ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.
വിവിധ ദേശീയ ഏജന്‍സികളില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥരടക്കം പലരും ഇവരെ ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണ ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. കപ്പലിന്റെ സാന്നിദ്ധ്യത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നും സായുധ ഭീഷണിയില്ലെന്നുമാണ് ദേശീയ സുരക്ഷാ ഉപദേശകന് നേഹാല്‍ സന്ധു പറയുന്നത്. എന്നാല്‍ ഒട്ടേറെ ദുരൂഹതയുണര്‍ത്തുന്ന ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു.
കഴിഞ്ഞ ആഗസ്തിലാണ് കപ്പല്‍ കൊച്ചി തീരത്തെത്തിയത് . ആ സമയത്ത് കപ്പലില്‍ മുഴുവന്‍ രേഖകളുമുണ്ടായിരുന്നു. തുറമുഖത്തെ പരിശോധനയിലും ഡീസല്‍ നിറക്കുന്നതിനുമായി ഈ രേഖകള്‍ കൊച്ചിയില്‍ ഹാജരാക്കിയതുമാണ്. എന്നാല്‍ തൂത്തുക്കുടിയില്‍ പിടിയിലാകുമ്പോള്‍ കപ്പലിന്റെ ഉടമസ്ഥതയോ ലൈസന്‍സോ സംബന്ധിച്ച രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ രേഖകള്‍ എങ്ങിനെ അപ്രത്യക്ഷമായെന്നത് ദുരൂഹമാണ്. അതേസമയം രേഖകള്‍ സുരക്ഷാ മുന്‍കരുതല്‍ കണക്കിലെടുത്ത് കപ്പലില്‍ സൂക്ഷിക്കാറില്ലെന്നും വിമാനമാര്‍ഗ്ഗം അയക്കുകയോ കൊണ്ടു പോവുകയോ ചെയ്യാറുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
ആഫ്രിക്കന്‍ സമുദ്ര മേഖലയില്‍ കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനുള്ള അമേരിക്കന്‍ കപ്പലാണിതെന്നാണ് അധികൃതര്‍ പറയുന്നത്. കപ്പലുടമകളായ അഡ്വാന് ഫോര്‍ട്ട് എന്ന അമേരിക്കന്‍ ഷിപ്പിങ്ങ് കമ്പനിയുടെ മറ്റു കപ്പലുകള്‍ക്ക് അകമ്പടി പോകുക എന്നതാണ് പിടിയിലായ എം വി സീമാന്‍ ഗാര്‍ഡ് ഒഹിയോ എന്ന കപ്പലിന്റെ ജോലി. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഫൈലിന് ചുഴലിക്കാറ്റിന്റെ ഭീഷണി നേരിടുന്ന സമയത്ത് കപ്പല്‍ എന്തിന് തൂത്തുക്കുടി തുറമുഖത്തെത്തി എന്ന ചോദ്യവും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് ആയുധം എത്തിച്ചു നല്കലായിരുന്നോ കപ്പലിന്റെ ഉദ്ദേശ്യമെന്നും സംശയമുണ്ട്. കപ്പിത്താനടക്കം കപ്പലിലെ രണ്ട് ക്രൂ അംഗങ്ങള്‍ ആത്മഹത്യക്കു ശ്രമിച്ചതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കപ്പലിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്താത്തതും ദുരഹത വര്‍ദ്ധിപ്പിക്കുന്നു. പിടിയിലായ 35 പേരില്‍ 10 പേര് ക്രൂ അംഗങ്ങളാണ്. മറ്റുള്ളവര്‍ സായുധ കമാന്റോകളും. അനധികൃതമായി തുറമുഖത്ത് പ്രവേശിച്ചതിനും രേഖകളില്ലാതെ 1500 ലിറ്റര്‍ ഡീസല്‍ വാങ്ങിയതിനുമാണ് ഇപ്പോള്‍ കപ്പലിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രത്യക്ഷത്തില്‍ രാജ്യ സുരക്ഷക്ക് ഭീഷണിയൊന്നുമില്ലെങ്കിലും കപ്പലിന്റെ വരവിനു പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ ദക്ഷിണ നാവിക കമാന്റര്‍ വൈസ് അഡ്മിറല്‍ സുശീല്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: