ന്യൂദല്‍ഹി:ബംഗളുരു സ്ഫോടനകേസില്‍ പ്രതിയായി കര്‍ണാടക ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ ശസ്ത്രക്രിയ നടത്താനാവശ്യമായ കാര്യങ്ങള്‍ എത്രയും വേഗം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ചികിത്സാ വേളയില്‍ മദനിയോടൊപ്പം നില്‍ക്കുന്നതിന് ഭാര്യ സൂഫിയയ്ക്കും അനുമതി നല്കി. ഡിസംബര്‍ 19ന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ കേരളത്തെയും കക്ഷി ചേര്ര്ക്കണമെന്ന മദനിയുടെ ആവശ്യത്തിന്മേല് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. ജാമ്യാപേക്ഷ അടുത്ത മാസം 19ന് പരിഗണിക്കും.
നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കര്‍ണാടക സര്‍ക്കാരിന് കോടതി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും അപേക്ഷ പരിഗണിച്ചപ്പോള്‍ നോട്ടീസിന് മറുപടി നല്കാന് കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ബംഗളുരു സ്ഫോടനക്കേസില്‍ ജാമ്യം നല്കിയാല് താന്‍ വിചാരണക്കെത്തുമെന്ന് കേരള സര്‍ക്കാരില്‍ നിന്ന് സുപ്രീംകോടതിക്ക് ഉറപ്പുവാങ്ങാമെന്ന് ചൂണ്ടിക്കാട്ടിയാണ് മദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് ഇതേ ആവശ്യം ഉന്നയിച്ച് അപേക്ഷ ഫയല്‍ ചെയ്തത്.
ജാമ്യം അനുവദിച്ചാല്‍ താന്‍ വിചാരണയ്ക്കായ് ബംഗളുരുവില്‍ എത്തില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കരുതുന്നത് ശരിയല്ലെന്നാണ് മദനിയുടെ വാദം. കേരള സര്‍ക്കാര്‍ നല്കുന്ന ബി കാറ്റഗറി സുരക്ഷ ഉള്ളത് കൊണ്ട് തനിക്കൊപ്പം എപ്പോഴും പോലീസ് ഉണ്ടാകും. അതുകൊണ്ട് താന്‍ വിചാരണയ്ക്ക് എത്തുമെന്ന് സുപ്രീംകോടതിക്ക് കേരള സര്‍ക്കാരില്‍ നിന്ന് രേഖാമൂലം ഉറപ്പ് വാങ്ങാം. ഉറപ്പ് പാലിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും മദനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: