ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ വ്യവസായി കുമാരമംഗലം ബിര്‍ളയ്ക്കെതിരെയുള്ള കേസ് സി.ബി.ഐ അവസാനിപ്പിച്ചേക്കും. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതിനെ ശക്തമായി ന്യായീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്ത് എത്തിയ സാഹചര്യത്തിലാണിത്.
കല്‍ക്കരിപ്പാടം ഇടപാടില്‍ ആദിത്യബിര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാരമംഗലം ബിര്‍ളയ്ക്കെതിരെ കേസെടുത്ത സി.ബി.ഐ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ബിര്‍ളയും മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരേഖും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കല്‍ക്കരിപ്പാടം നല്‍കിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് കുമാരമംഗലം ബിര്ളയ്ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ പരേഖ് പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെ രംഗത്ത് വന്നിരുന്നു. കല്‍ക്കരി പാടം സംബന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതില്‍ മൂന്നാം പ്രതിയാകേണ്ടത് പ്രധാനമന്ത്രിയാണെന്നായിരുന്നു പരേഖ് പരാതിപ്പെട്ടത്. ഇത് തെളിയിക്കുന്ന തരത്തില്‍ ചില രേഖകള്‍ പുറത്തു വരികയും ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട രേഖകളില്‍ പ്രധാനമന്ത്രിയുടെ പേരിന് പകരമായി ചുമതലക്കാരനെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണം ബലപ്പെടുത്തുന്നതായിരുന്നു ഈ തെളിവുകള്‍. ബിര്‍ളയ്ക്കും പരേഖിനുമെതിരെയുള്ള കേസിനേപ്പറ്റിയുള്ള വിശദാംശങ്ങള്‍ സിബിഐ സമര്‍പ്പിക്കും.
അഴിമതിക്കേസില്‍ സിബിഐ നാളെ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയേക്കും. കേസിലെ വിവരങ്ങള്‍ കോടതി പരസ്യപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ സിബിഐ അന്വേഷണത്തിനെതിരെ രംഗത്തെത്തിയ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിസന്ധിയിലാണ്. കല്‍ക്കരി കേസില്‍ കാണാതായ ഫയലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും സിബിഐ നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്നറിയുന്നു.
എഫ്ഐആറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ പരാമര്‍ശിക്കുന്ന തരത്തില്‍ സിബിഐ എഴുതിച്ചേര്‍ത്തതും വിവാദമായിരുന്നു. എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൂടുതല്‍ കാര്യങ്ങളെപ്പറ്റിയുള്ള വിവരം നാളെ റിപ്പോര്‍ട്ട് കോടതിക്കു മുന്നിലെത്തുന്നതോടെ വ്യക്തമാകും. എഎംആര്‍ അയണ്‍ ആന്റ് സ്റ്റീല്‍,ഡെഎല്ഡി യവത്മാല്‍ എനര്‍ജി,വിനി അയണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ്,ജാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ക്യാപിറ്റല്‍ പ്രവൈറ്റ് ലിമിറ്റഡ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍,രതി സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ്,ഗ്രീര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍,പുഷ്പ് സ്റ്റീല്‍,ഹിന്‍ഡാല്‍ക്കോ എന്നീ കമ്പനികളെയാണ് 14 കേസുകളിലായി കല്‍ക്കരിപ്പാടം നേടിയെടുത്തതില്‍ നടന്ന അഴിമതിയുടെ പേരില്‍ കേസില്‍പ്പെടുത്തിയിരിക്കുന്നത്.
1993 മുതലുള്ള കല്‍ക്കരിപ്പാടം വിതരണത്തെപ്പറ്റി അന്വേഷിക്കണമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിബിഐ നടത്തുന്ന അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണ് നില്‍ക്കുന്നതെന്നാണ് സൂചന. പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും വിവാദ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ പങ്കുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകളാണ് ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കര്‍ശന നിലപാടാണ് സിബിഐ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നത് കേന്ദ്രസര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: