ന്യൂദല്‍ഹി:ജമ്മു കാശ്മീരിലെ കേരന്‍ സെക്റ്ററില്‍ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് പാക്കിസ്ഥാന് സൈന്യത്തിലെ പ്രത്യേക വിഭാഗമാണെന്നു വ്യക്തമാകുന്നു. രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ പ്രതിരോധമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കേരന്‍ ദൗത്യത്തെക്കുറിച്ചുള്ള സൈനിക ഭാഷ്യത്തിലെ വിള്ളലുകള്‍ തുറന്നു കാട്ടുകയാണ്. ഇതോടെ നുഴഞ്ഞുകയറ്റ ശ്രമത്തില്‍ പാക് സൈന്യത്തിന് പങ്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദവും പൊളിയുന്നു. അതിര്‍ത്തി ലംഘിക്കുന്നതില്‍ പാക്കിസ്ഥാന്റെ ഔദ്യോഗിക പങ്ക് മറച്ചുവയ്ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അതിന്റെ ഫലമായാണ് കാര്‍ഗില്‍ സമാന അന്തരീക്ഷമില്ലെന്ന പ്രസ്താവന നടത്താന്‍ കരസേനാമേധാവി ബിക്രം സിങ് നിര്ബന്ധിതനായതുമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ ആദ്യവാരമാണ് കേരന്‍ സെക്റ്റില ഷലബത്തുവഴി ഇന്ത്യയിലേക്കു കടക്കാനുള്ള ഭീകര സംഘത്തിന്റെ ശ്രമം തടയാന്‍ സൈനിക നടപടിയാരംഭിച്ചത്. രണ്ടാഴ്ച്ച നീണ്ട ദൗത്യത്തിനൊടുവില്‍ നുഴഞ്ഞു കയറ്റ ശ്രമം പൂര്‍ണമായി വിഫലമാക്കിയതായി സൈന്യം അറിയിച്ചു. എന്നാല്‍ ദൗത്യം വിജയകരമെന്ന പ്രഖ്യാപനം വന്ന് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം മാത്രമാണ് ഷലബത്തുവിലെ ഖോക്രി, കുലാരി, മംഗെര്ത്ത പോസ്റ്റുകളുടെ നിയന്ത്രണം സൈന്യവും ബിഎസ്എഫും ചേര്‍ന്ന് ഏറ്റെടുത്തത്. പോസ്റ്റുകള്‍ക്കു സമീപം നിരന്തരം നിലയുറപ്പിച്ചിരുന്നുവെന്ന സൈന്യത്തിന്റെ വാദത്തെ ഖണ്ഡക്കുന്നതാണ് കണ്ടെത്തല്‍. ദൗത്യം അവസാനിപ്പിക്കാനുള്ള തീരുമാനം തിടുക്കത്തിലുള്ളതായിരുന്നെന്നും ഇതുതെളിയിക്കുന്നു.
തൊണ്ണൂറുകള്‍ മുതല്‍ നുഴഞ്ഞു കയറ്റക്കാരായ ഭീകരരുടെ പ്രധാന റൂട്ടായിരുന്നു ഷലബത്തു. ഇത്തവണയും അവിടെ നിന്നായിരുന്നു പാക് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്നും സൈന്യം വ്യക്തമാക്കുകയുണ്ടായി. നുഴഞ്ഞുകയറ്റക്കാരെയെല്ലാം ഷലബത്തുവില്വച്ചുതന്നെ വധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ കേരന്‍ ദൗത്യവുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ സൈനിക ഭാഷ്യം തെറ്റാണെന്നു തെളിയിക്കുന്നു.
സപ്തംബര്‍ 24 കുപ്വാര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ എഫ്ഐആര്‍ പ്രകാരം ലാസാത്നാതില്വച്ച് 65നും 70തിനും ഇടയില്‍ പ്രായമുള്ള ഒരു ഭീകരനെ വധിച്ചതായി പറയുന്നു. എന്നാല്‍ ഷലബത്തുവില് നിന്നു ലാസാതനാതിലെത്താന് രണ്ടു ദിവസം യാത്ര ചെയ്യേണ്ടിവരും. ഒരു ഇന്ത്യന്‍ സൈനികനു പരിക്കേറ്റ രണ്ടാം സംഭവവും നടന്നത് ലാസാതനാതില് തന്നെ. ഗുജ്ജാര്‍ ദോറിലെ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ കൊലപ്പെടുത്തിയതായാണ് ഒക്റ്റോബര്‍ നാലിലെ മൂന്നാം എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. ഷലബത്തുവും ഗുജ്ജാര്‍ ദോറും 27 കിലോ മീറ്റര്‍ വ്യത്യാസമുണ്ട്. ഗുജ്ജാര്‍ ദോറില്‍ കൊല്ലപ്പെട്ട ഒരു ഭീകരന്റെ മൃതശരീരം കണ്ടെത്താനായില്ലെന്നു സൈന്യം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നിയന്ത്രണ രേഖ കടന്ന് ഭീകരര്‍ 30 കിലോ മീറ്ററോളം ഉള്ളില്വന്നെന്നത് ദുരൂഹതയേറ്റുന്നു. നാലു ഭീകരെ വധിക്കപ്പെട്ട ഫത്തേഗലിയും ഷലബത്തുവും തമ്മിലും 30 കിലോമീറ്ററിന്റെ അന്തരമുണ്ട്.
അതേസമയം, ദൗത്യം സംബന്ധിച്ച സന്ദേഹങ്ങളെ സൈന്യം തള്ളിക്കളഞ്ഞു. ഷലബത്തുവിലാണ് നുഴഞ്ഞു കയറ്റ ശ്രമത്തിന്റെ തുടക്കമെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതിനെ തുടര്‍ന്ന് ഗുജ്ജാര്‍ ദോര്‍, ഫത്തേഗലി തുടങ്ങിയടങ്ങളിലേക്ക് ഭീകകരര്‍ ചിതറുകയായിരുന്നെന്നും സൈനിക നേതൃത്വം വിശദീകരിക്കുന്നു.
തുടര്‍ച്ചയായ വെടിവയ്പ്പുകാരണമാണ്, അതിര്‍ത്തിക്കു സമീപം കിടന്ന ശവശരീരങ്ങളിലൊന്ന് വീണ്ടെടുക്കാന്‍ സാധിക്കാത്തതെന്നും സൈനിക ആസ്ഥാനത്തു നിന്നുള്ള മറുപടിയില്‍ പറയുന്നു. അതേസമയം, ഇന്ത്യന്‍ നിയന്ത്രണമുള്ള മേഖലയില്‍ നിന്നും ഭീകരന്റെ ശവം ഇരുപതുകിലോമീറ്ററിലധികം പിന്നോട്ടു വലിച്ചുകൊണ്ടു പോകപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. പാക് സൈന്യം തന്നെയാണ് നുഴഞ്ഞുകയറ്റ ശ്രമത്തിനു പിന്നിലെന്ന നിഗമനം ശക്തമാക്കുന്ന ഒരു ഘടകം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: