ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷത അത് തത്വത്തില്‍ കേന്ദ്രീകൃതവും പ്രയോഗത്തില്‍ വികേന്ദ്രീകൃതവുമാണെന്നതാണ്. (unitary in base but fedaral in practise ). സംസ്ഥാനങ്ങളുടെ ഭരണ നിര്‍വ്വഹണപരമായ അധികാരങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടുന്നതിന് ഭരണഘടന ഒട്ടേറെ പരിമിതികള്‍ നിര്‍ദ്ദേശിക്കുന്നു. ഈ പരിധികള്‍ മറി കടക്കുന്നത് ഭരണഘടനാ പരമായ പ്രതിസന്ധികള്‍ വരെ സൃഷ്ടിച്ചേക്കാം.
ഇന്ത്യന്‍ ഭരണഘടനാ ശില്പികളുടെ ഇക്കാര്യത്തിലുള്ള ദീര്‍ഘ വീക്ഷണം അത്ഭുതാവഹമാണ്. പക്ഷേ പലപ്പോഴും ഈ അധികാര വികേന്ദ്രീകരണ സങ്കല്‍പ്പം ഫലത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംസ്ഥാനങ്ങളുടെ വികസനത്തെ തന്നെ ഗുരുതരമായി ബാധിക്കാവുന്ന വിധത്തില്‍ പലപ്പോഴും ഈ ഭരണഘടനാ സങ്കല്‍പ്പം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സന്ദര്‍ഭങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെയും അവയുടെ വികസനത്തെയും രാഷ്ട്രീയമായ കണ്ണിലൂടെ കാണുന്ന പ്രവണത രാജ്യത്ത് ശക്തമായിട്ടുള്ളത്.
ഏറ്റവുമൊടുവില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ റോഡ് വികസന പദ്ധതികളെ അട്ടിമറിച്ചു കൊണ്ടാണ് ദല്‍ഹിയിലെ മന്മോഹന് സര്‍ക്കാര്‍ അതിന്റെ കോണ്‍ഗ്രസ് പാരമ്പര്യം തുടര്‍ന്നത്. മധ്യപ്രദേശ് നിയമസഭ തെരഞ്ഞടുപ്പില്‍ ഇപ്പോള്‍ ഏറ്റവും ചൂടുള്ള ചര്‍ച്ചാവിഷയം സംസ്ഥാനത്തെ റോഡ് വികസനവും അതിന്റെ രാഷ്ട്രീയവുമാണ്.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നുമാണ് മധ്യപ്രദേശ് .എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ദേശീയ പാതാ വികസന പദ്ധതികളാണ് സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരമായത്. വടക്കു കിഴക്കന്‍ മധ്യപ്രദേശിലെ മലയോര മേഖലയാണ് ഗതാഗത പ്രശ്നങ്ങള്‍ മൂലം ഏറെ ബുദ്ധിമുട്ടുന്നത്. ജനസംഖ്യയില്‍ പകുതിയോളം ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണെന്നതും ഈ മേഖലയുടെ അസന്തുലിതമായ വികസനത്തിനു കാരണമായിട്ടുണ്ട്.
ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മേഖലയുടെ വികസനത്തിനുവേണ്ടി നടപ്പാക്കിയ വിവിധ പദ്ധതികള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ആദിവാസി മേഖലയിലെ സ്ത്രീശാക്തീകരണത്തിനു വേണ്ടി ചൗഹാന് സര്‍ക്കാര്‍ തയ്യാറാക്കിയ ഗ്രാമീണ്‍ ഹട്ട് യോജന സാമൂഹ്യ സേവനത്തിനുള്ള 2013 ലെ യു എന്‍ പുരസ്കാരം നേടുകയുണ്ടായി. മധ്യപ്രദേശിലെ വീടില്ലാത്ത മുഴുവന്‍ സ്ത്രീകള്‍ക്കും വീട് നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പരിപാടി സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ രാജ്യത്തിനാകമാനം മാതൃകയായിരുന്നു.
പറഞ്ഞു വന്നത് മധ്യപ്രദേശിലെ റോഡ് വികസനം അട്ടിമറിക്കപ്പെട്ടതിനെ ക്കുറിച്ചാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചൗഹാന് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനങ്ങള്‍ കോണ്‍ഗ്രസിനു ഉറക്കം നഷ്ടപ്പെടുത്തുന്നതാണ്. തീര്‍ച്ചയായും ഇത് തന്നെയാകാം ദേശീയ പാതാ വികസനത്തിന്റെ കാര്യത്തില്‍ മധ്യപ്രദേശിനെ അവഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാനത്തെ ദേശീയ പാത വികസനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ചുവപ്പുനാടയിലാണ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ അനുമതിക്കായി ആവര്‍ത്തിച്ചു നടത്തിയ അഭ്യര്‍ത്ഥനകള്‍ കേന്ദ്രം ചെവിക്കൊണ്ടതായി പോലും നടിച്ചില്ല. തെരഞ്ഞടുപ്പു പ്രചരണ യോഗങ്ങളില്‍ ശിവരാജ് സിംഗ് ചൗഹാന് ഇക്കാര്യം ആവര്‍ത്തിച്ച് പറയുന്നുണ്ട്. വടക്കു കിഴക്കന്‍ മേഖലയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തനവും വളരെ സജീവമാണ്. ഈ മേഖലയില്‍ ഇക്കുറി നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ജാബുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കടുത്ത വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന പ്രചരണ പരിപാടികളും പാര്‍ട്ടി നടത്തുന്നു. മലയോര മേഖലയിലേക്കുള്ള റോഡ് വികസനം അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകളാണുള്ളത് എന്ന വസ്തുത മറച്ചു വക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രാനുമതി നല്‍കുക എന്നത് സാങ്കേതികം മാത്രമായ പ്രശ്നമാണ്. പ്രത്യേകിച്ചും അത് രാജ്യത്തിന്റെ സുരക്ഷയേയോ ദേശീയോദ്ഗ്രഥനത്തേയോ ദോഷകരമായി ബാധിക്കാത്ത സാഹചര്യത്തില്‍. റോഡ് വികസനം പോലുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ താത്പര്യം കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. കേന്ദ്ര ഭരണകൂടത്തിന്റെ സാമന്തന്മാരല്ല സംസ്ഥാന ഭരണകൂടങ്ങള്‍ എന്നെങ്കിലും മനസിലാക്കാനുള്ള വിവേകം നെഹ്റുവിന്റെ പിന്മുറക്കാര്ക്കുണ്ടാകണം.ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിന് എതിരാണ് എന്നതുകൊണ്ട് 356-ാം വകുപ്പ് തന്നെ ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നകാലത്താണ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ കൂച്ചുവിലങ്ങിടാന്‍ ചുവപ്പുനാട പോലുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നത്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: