ന്യൂദല്‍ഹി: ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയെന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രചാരണം ബിജെപി ദല്‍ഹി ഘടകം പ്രസിഡന്റ് വിജയ് ഗോയല്‍ തള്ളിക്കളഞ്ഞു. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗമല്ലാത്ത താന്‍ ഇറങ്ങിപ്പോയെന്ന വാര്‍ത്ത നല്‍കിയത് ദുരുദ്ദേശപരമാണെന്നും ദല്‍ഹിയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ബിജെപി കേന്ദ്ര നേതൃത്വമാണെന്നും വിജയ് ഗോയല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏതെങ്കിലും സ്ഥാനത്തിനു വേണ്ടിയുള്ള ശ്രമത്തിലല്ല താനെന്നും സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന്റെ പരിശ്രമങ്ങളാണ് നടത്തുന്നതെന്നും വിജയ് ഗോയല്‍ പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് താന്‍. പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിനായാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നതെന്നും വിജയ് ഗോയല്‍ പറഞ്ഞു.
ഗുജറാത്തിനേക്കാള്‍ മികച്ച ഭരണമാണ് ദല്‍ഹിയില്‍ നടക്കുന്നതെന്ന ഷീലാ ദീക്ഷിത് സര്‍ക്കാരിന്റെ അവകാശ വാദത്തെ എതിര്‍ത്ത ഗോയല്‍ ബിജെപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഷീലാ ദീക്ഷിത് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് പറഞ്ഞു.
സര്‍ക്കാരിന്റെ വികസന അവകാശ വാദത്തെ പൊളിക്കുന്ന 15 ചോദ്യങ്ങള്‍ ചോദിച്ചിട്ട് ഉത്തരം നല്കാന് ഷീലാ ദീക്ഷിതിനാകുന്നില്ല. വീണ്ടും സര്‍ക്കാര്‍ പൊള്ളത്തരം വ്യക്തമാക്കുന്ന ചോദ്യങ്ങളുമായി ബിജെപി രംഗത്തിറങ്ങുകയാണ്. ദല്‍ഹി സര്‍ക്കാരിന്റെ വരുമാന നഷ്ടം 2700 കോടി രൂപയായതിനേപ്പറ്റിയുള്ള സിഎജി റിപ്പോര്‍ട്ടിനെപ്പറ്റി എന്തുകൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതികരിക്കാത്തത്.
ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരോ വര്‍ഷവും മരിക്കുന്നത് 10,000 കുഞ്ഞുങ്ങളാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ മരിച്ചത് അമ്പതിനായിരം കുട്ടികളാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ആയിരത്തില്‍ 28 കുട്ടികളും മരിക്കുകയാണെന്നാണ് സംസ്ഥാനത്തെ ആശങ്കാജനകമായ ആരോഗ്യസ്ഥിതിയേപ്പറ്റിയുള്ള വിവരം.
ദല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിയതിന്റെ ചിലവ് 296 കോടിയില്‍നിന്ന് 28,054 കോടിയിലേക്ക് ഉയരാന്‍ കാരണമായതെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. യമുനയുടെ ശുദ്ധീകരണത്തിനായി സര്‍ക്കാര്‍ 2072 കോടി രൂപ ചിലവഴിച്ചിട്ടും യമുന കൂടുതല്‍ മാലിന്യവാഹിനിയായി തുടരുന്നതിനേപ്പറ്റി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വിജയ് ഗോയല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: