പാളയംകോട്ട: തൂത്തുക്കുടിയില്‍ പിടിയിലായ അമേരിക്കന്‍ കപ്പലിലെ ക്യാപ്റ്റന്‍ വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാളയംകോട്ട ജയിലിലാണ് ആത്മഹത്യാ ശ്രമം നടത്തിയത്. രണ്ട് ദിവസം മുമ്പ് കപ്പലില്‍ വെച്ച് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്ത് പാളയംകോട്ട ജയിലില്‍ അടച്ചത്.
കപ്പലിലെ മറ്റ് ജീവനക്കാരെ തൂത്തുക്കുടി മജിസ്ട്രേറ്റ് കോടതി ഒക്ടോബര്‍ 31 വരെ റിമാന്‍ഡ് ചെയ്തെങ്കിലും കപ്പലിന്റെ മേല്‍നോട്ടത്തിനായി കൊവലെറിയെയും ക്യാപ്റ്റനെയും കപ്പലില്‍ തന്നെ പാര്‍പ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് കൊവലെറിയെയും പാളയംകോട്ടെ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് 47 മൈല്‍ അകലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഒക്ടോബര്‍ 13നാണ് മതിയായ രേഖകള്‍ ഇല്ലാതെ എംപി സീമാന്‍ ഗാര്‍ഡ് എന്ന കപ്പല്‍ പിടിച്ചെടുത്തത്. ഇന്ത്യന്‍ തീരത്ത് ഉണ്ടായ ഫൈലീന്‍ ചുഴലിക്കാറ്റും ഡീസല്‍ തകരാറും കാരണമാണ് കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്നതെന്നാണ് കപ്പല്‍ കമ്പനി നല്കിയ വിശദീകരണം.
അതിനിടെ കപ്പലില്‍ ഇന്ധം നിറയ്ക്കാനായി ഒരുലക്ഷം രൂപ നല്‍കിയത് കപ്പലിന്റെ ഏജന്റായ കൊച്ചി സ്വദേശിയായ ചാക്കോ തോമസ് ആണെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്നാട് പോലീസ് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് തൂത്തുക്കുടി പമ്പില്‍നിന്ന് 1,500 ലിറ്റര്‍ ഡീസല്‍ വാങ്ങി നല്കിയ വിജയ്, വിജയ് ശങ്കര്‍, മുരുകേശന്, ശെല്‍വം എന്നിവര്‍ ക്യൂ ബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.
കൊവലെറി അടക്കം കപ്പലിലെ 35 ജീവനക്കാരെയും തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് ഒക്ടോബര്‍ പതിനെട്ടിനാണ് അറസ്റ്റ് ചെയ്തത്. എ.കെ. 47 തോക്കുകളും തിരകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കപ്പല്‍ പിടിച്ചെടുത്തതും ജീവനക്കാരെ അറസ്റ്റ് ചെയ്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: