റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ജയില്‍ ചട്ടങ്ങള്‍ക്ക് പുല്ലുവിലപോലും നല്‍കുന്നില്ലെന്നും അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്നും റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഝാര്‍ഖണ്ഡ് പോലീസ് ജയില്‍ സൂപ്രണ്ടിന് മുന്നറിയിപ്പ് നല്കി.
റാഞ്ചിയിലെ ബിര്‍സമുണ്ട സെന്‍ട്രല്‍ ജയിലിലാണ് ലാലു തടവിലുള്ളത്. മറ്റു കുറ്റവാളികളില്‍ നിന്ന് അകറ്റി, ജയില്‍വളപ്പിലെ ഏറ്റവും മെച്ചപ്പെട്ട ഇടത്താണ് ലാലുവിന്റെ സെല്‍. പ്രത്യേക ശയനമുറി, ടിവി, കൊതുകുവല, കോട്ടുകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം മുന്‍ ബീഹാര്‍ മുഖ്യനുവേണ്ടി ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ദൂരദര്ശന് വാര്‍ത്തകള്‍ കാണാനും പത്രംവായിക്കാനും ലാലുവിനു അനുമതിയുണ്ട്. മിക്കപ്പോഴു ലാലു ജയിലറുടെ ചേംബറിലാണ് ഇരിപ്പ്. നിത്യവും നൂറുകണക്കിനുപേര്‍ ലാലുവിനെ കാണാന്‍ എത്തുന്നു.അതില്‍ ഭൂരിഭാഗംപേരും വിവിഐപികളും.
ഝാര്‍ഖണ്ഡ് ടൂറിസം മന്ത്രി സുരേഷ് പവന്, ജലവിഭവവകുപ്പ് മന്ത്രി അന്നപൂര്‍ണാ ദേവി എന്നിവര്‍ അടുത്തിടെ ലാലുവിനെ സന്ദര്‍ശിച്ചിരുന്നു. റാഞ്ചയിലെ കോണ്‍ഗ്രസ് എംപി സുബോധ് കാന്ത് സഹായിയും ലാലുവിന്റെ സന്ദര്‍ശകരില്‍ ഉള്‍പ്പെടുന്നു. ജയില്‍ വളപ്പിനെ ലാലു രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള വേദിയാക്കുകയാണ്. ചട്ടങ്ങള്‍ ലംഘിച്ചുള്ള സ്വതന്ത്ര വിഹാരം അദ്ദേഹത്തിന്റെ ജീവന് ഭീഷണയുയര്‍ത്തുന്ന തരത്തില്‍ വളര്‍ന്നെന്ന് ജയില്‍ അധികൃതരും മനസിലാക്കിക്കഴിഞ്ഞു. എന്നാല്‍ ലാലുവിനോട് ഇടയാന്‍ അവര്‍ക്കു ധൈര്യമില്ല. ചില ജയില്‍ ഉദ്യോഗസ്ഥരെ ലാലു രഹസ്യമായി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ചട്ട പ്രകാരം, പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ തടവു പുള്ളികള്‍ക്ക് സന്ദര്‍ശകരെ അനുവദിക്കാറുള്ളു. ജയിലിനുള്ളില്‍ രാഷ്ട്രീയം പറയാനും പാടില്ല. എന്നാല്‍ ജയിലറുടെ ചേംബറില്‍ ഇരുന്നാണ് ലാലുവിന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍. ലാലുവിന്റെ വഴിവിട്ട നടത്തവും വിഐപികളുടെ തുടര്‍ച്ചയായുള്ള സന്ദര്‍ശനങ്ങളും വാര്ഡന്മാരുടെ ഉറക്കംകെടുത്തിക്കഴിഞ്ഞു. മാവോയിസ്റ്റുകള്‍ ഉള്‍പ്പടെയുള്ള കൊടും കുറ്റവാളികളുടെ സാന്നിധ്യവും ജയില്‍ ഉദ്യോഗസ്ഥരുടെ ആധിയേറ്റുന്നുണ്ട്. ലാലുവിനൊപ്പം അദ്ദേഹത്തെ കാണാനെത്തുന്ന വിശിഷ്ട വ്യക്തിയുടെയും സുരക്ഷയെന്ന ഭാരിച്ച ജോലി ഏറ്റെടുക്കേണ്ട അവസ്ഥയിലാണവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: