തിരുവനന്തപുരം : വിഎസ് പതിവുകള്‍ തെറ്റിച്ചില്ല. നവതി ദിനത്തിലും പതിവ് ദിനചര്യകളും സ്വതസിദ്ധമായ ശൈലിയും. പതിവ് വ്യായാമങ്ങള്‍, അളന്നുമുറിച്ച വാക്കുകള്‍, അപൂര്‍വ്വമായി കാണാറുള്ള മന്ദഹാസം. കേക്കുമുറിച്ചുള്ള പിറന്നാള്‍ ആഘോഷവും രണ്ടുകൂട്ടം പായസവും കൂട്ടിയുള്ള സദ്യയുണ്ണലും മാത്രം വ്യത്യസ്തമായി.
90 തികഞ്ഞ ഇന്നലെ ആറുമണിയായപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ആശംസയെത്തി. തുടര്‍ന്ന് പത്രം വായന. ഇതിനിടെ ആശംസാ പ്രവാഹം ആരംഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, സ്പീക്കര്‍ ജി. കാര്ത്തികേയന്, കോടിയേരി ബാലകൃഷ്ണന്, രമേശ് ചെന്നിത്തല, വിഎം സുധീരന്, അബ്ദുറബ്ബ് കെ.പി.മോഹനന് എം.പി. വീരേന്ദ്രകുമാര്‍ എന്നിവരൊക്കെ വിളിച്ച് ആശംശനേര്ന്നു. എന്നാല്‍ സിപിഎം സെക്രട്ടറി പിണറായി വിജയന് ആശംസിച്ചവരുടെ കൂട്ടത്തിലില്ല.
കന്റോണ്മെന്തൗസിലെ ഓഫീസ് മുറിയില്‍ സഹോദരി ആയിക്കുട്ടി പിറന്നാള്‍ സമ്മാനമായ മുണ്ടും ജൂബയും വിഎസിന് നല്കി. ഭാര്യ വസുമതിയും മകന് അരുണ്‍കുമാറും കുടുംബവും മകള്‍ ആശയും കുടുംബവും ഒപ്പമുണ്ടായിരുന്നു.
12 മണി കഴിഞ്ഞതോടെ വിഎസ് ഒട്ടും പ്രതീക്ഷിക്കാത്ത ചില അതിഥികളെത്തി. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാലും സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനുമടങ്ങുന്ന ബിജെപി സംഘം. ഓഫീസ് മുറിയിലെത്തിയ ഒ. രാജഗോപാല്‍ വി.എസിന്റെ കരം പിടിച്ച്് ആശംസിച്ചു. ‘എല്ലാക്കാലവും സജീവമായിട്ടുണ്ടാവട്ടെ’ നിറഞ്ഞ ചിരിയോടെ വിഎസിന്റെ മറുപടി ‘ആയിക്കോട്ടെ വെരിവെരി താങ്ക്സ്.’ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വിഎസിനെ ഷാളണിയിച്ചു. സി. ശിവന്‍കുട്ടി, ജെ.ആര്. പത്മകുമാര്‍, വി.വി. രാജേഷ്, എസ് സുരേഷ് എന്നീ ബിജെപി നേതാക്കളെ പരിചയപ്പെട്ടു. പിന്നീട് മുണ്ടും ജൂബയും മാറ്റി മഞ്ഞ ടീഷര്‍ട്ടും കൈലിയുമുടുത്ത് പിറന്നാള്‍ സദ്യയുണ്ണാന്‍ എത്തി. ഭാര്യ വസുമതി, സഹോദരി ആയിക്കുട്ടി, മകന് അരുണ്‍കുമാര്‍, മരുമകള്‍ ഡോ. രജനി ബാലചന്ദ്രന്, കൊച്ചുമക്കളായ അര്ജ്ജുന്, അരവിന്ദ്, മകള്‍ ആശ, മരുമകന് ഡോ. തങ്കരാജ്, കൊച്ചുമകന് ആനന്ദ് എന്നിവരും സദ്യയ്ക്കൊപ്പമുണ്ടായിരുന്നു. സദ്യയുണ്ട് നേരെ വിശ്രമ മുറിയിലേക്ക്. ഇതിനിടെ ആശംസയര്‍പ്പിക്കാന്‍, സന്തത സഹചാരിയായിരുന്ന സുരേഷിന്റെ ഭാര്യ ഷീബയും മക്കളുമെത്തിയിരുന്നു. ഗള്‍ഫില്‍ നിന്നും സുരേഷ് കൊടുത്തുവിട്ട പേനയായിരുന്നു വിഎസിന് നല്കിയ പിറന്നാള്‍ സമ്മാനം.
സി രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: