കോട്ടയം: ധര്‍മസൂയ മഹായാഗം ലോകനന്മയ്ക്കുവേണ്ടിയാണെന്ന് പാലക്കാട് വണ്ടിത്താവളം തപോവരിഷ്ഠാശ്രമം ആചാര്യന് തഥാതന് പറഞ്ഞു. ഫെബ്രുവരി ആറു മുതല്‍ 12 വരെ ആശ്രമത്തില്‍ നടക്കുന്ന ധര്‍മസൂയ മഹായാഗത്തിന്റെ മുന്നോടിയായി കോട്ടയം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ നടന്ന മഹായാഗ സന്ദേശ സമ്മേളനത്തില്‍ യാഗസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ആരോഗ്യവും വിദ്യാഭ്യാസവും ലോകനിലനില്‍പ്പിനും വേണ്ടിയാണ് യാഗം. ലോകത്ത് അധര്‍മ്മം പടരുകയാണ്. മനുഷ്യരില്‍ മാറ്റമുണ്ടായാലെ സമൂഹത്തില്‍ മാറ്റമുണ്ടാകൂ.സാമൂഹിക പങ്കാളിത്തത്തോടെ നടത്തുന്ന യാഗത്തിനെ സമൂലമാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. കൂട്ടായ പ്രവര്‍ത്തനത്തിന് ഫലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ ദീപ പ്രോജ്ജ്വലനം നടത്തി. സ്വാഗത സംഘം അദ്ധ്യക്ഷ ലതിക സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: