കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്ക് കോട്ടയത്ത് ക്ഷീണം പറ്റുമെന്ന പ്രചാരണം ശക്തമായതോടെ ഗവ.ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണി വിലക്കിടുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടക്കമുള്ള യുഡിഎഫ് മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ തുടര്‍ച്ചയായി പി.സി. ജോര്‍ജ്ജ് പ്രസ്താവനകള്‍ നടത്തിയിട്ടും കണ്ടില്ലെന്ന് നടിച്ച കെ.എം. മാണി താന്‍ കോട്ടയത്തെ വോട്ടറാണെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓര്‍മ്മപ്പെടുത്തലോടെയാണ് പി.സി. ജോര്‍ജ്ജിനെ കയറിട്ടുപിടിക്കാന് തീരുമാനിച്ചതെന്നാണ് സൂചന. തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം മാധ്യമ പ്രവര്‍ത്തകരെ കണ്ട കോട്ടയം ഡിസിസി പ്രസിഡന്റ് തങ്ങളും കോട്ടയത്തെ വോട്ടര്‍മാരാണെന്ന കാര്യം ഓര്‍മ്മിപ്പിച്ചത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമായി മാറുന്നുവെന്നതും പി.സി. ജോര്‍ജ്ജിന് വിനയായി.
ജോര്‍ജ്ജിന്റേത് വിമര്‍ശാത്മകമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് മുമ്പു പലവട്ടംപറഞ്ഞ കെ.എം. മാണി ഒരുഘട്ടത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായംതന്നെയാണ് പി.സി.യുടേതെന്നും പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ആഭ്യന്തരമന്ത്രിയും ഡിസിസി പ്രസിഡന്റുമടക്കം കോട്ടയത്തെ കോണ്‍ഗ്രസ് വോട്ടര്‍മാരുടെ കാര്യം മാണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിനുപുറമേ കെ.എം. മാണിയുമായി ബന്ധപ്പെട്ടിട്ടുള്ള പൂര്‍വ്വകാല സംഭവങ്ങള്പലതും ഈ നിലതുടര്‍ന്നാല്‍ പുറത്തുവരുമെന്ന സൂചനയും കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കിയതായാണ് അറിയുന്നത്.
കേരളാ കോണ്‍ഗ്രസില്‍ മാണിയുടെ വലംകൈ ആയിരുന്ന നേതാക്കള്‍പോലും പി.സി. ജോര്‍ജ്ജിനെ നിയന്ത്രിക്കണമെന്ന് മുമ്പും പലവട്ടം ആവശ്യപ്പെട്ടപ്പോഴും കെ.എം. മാണി ചിരിച്ചുതള്ളുകയായിരുന്നുവത്രെ. തനിക്കെതിരെ സംസാരിച്ച കേരളാകോണ്‍ഗ്രസ് നേതാക്കളെപ്പോലും പരസ്യമായി വിമര്‍ശിക്കാന്‍ ജോര്‍ജ്ജ് തയ്യാറായിട്ടും മാണി അതെല്ലാം നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. ഇപ്പോള്‍ മകന്റെ രാഷ്ട്രീയഭാവി അപകടത്തിലാകുമെന്ന തരിച്ചറിവുണ്ടായപ്പോഴാണ് പരിഹാരം തേടി കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെ. ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: