കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജിന്റെ തിരുവനന്തപുരം കുമാരപുരത്തെ ഭൂമിതട്ടിപ്പ് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും അറിവോടെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വ്യാജതണ്ടപ്പേരുപയോഗിച്ച് കുമാരപുരത്ത് 40 ഏക്കര്‍ ഭൂമിയാണ് അനധികൃതമായി കൈക്കലാക്കിയത്. 150 കുടുംബങ്ങളുടെ കൈവശമുണ്ടായിരുന്ന 400 കോടി രൂപവിലവരുന്ന ഭൂമി വര്‍ക്കല കഹാറിന്റെ ഭാര്യയുടെ പിതാമഹന്റെ പേരില്‍ വ്യാജ തണ്ടപ്പേര് ചമച്ചാണ് കൈക്കലാക്കിയത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരാതിരിക്കാനാണ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സലിം രാജിനുവേണ്ടി ഹാജരായത്, സുരേന്ദ്രന് വിശദീകരിച്ചു.
തണ്ടപ്പേര് രജിസ്റ്ററിന്റെ ഒറിജിനല്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഒരു മാസം മുമ്പ് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഹാജരാക്കിയിട്ടില്ല. ഒറിജിനല്‍ തണ്ടപ്പേര് രജിസ്റ്ററില്‍ കൃത്രിമം കാണിച്ച് ബന്ധപ്പെട്ട പേജുകള്‍ നശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും ബന്ധുക്കളുടെയും മന്ത്രി അടൂര്‍ പ്രകാശിന്റെയും ജില്ലാകലക്ടര്‍ സതീശന്റെയും അറിവോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. തട്ടിപ്പിന് വിധേയരായ പരാതിക്കാരോട് തുടര്‍നടപടികളുമായി മുന്നോട്ടുപോവരുതെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി നിലപാട് വ്യക്തമാക്കണം. നിയമവിരുദ്ധമായി സ്വകാര്യവ്യക്തിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വക്കറ്റ് ജനറലിനെ തല്‍സ്ഥാനത്ത് നീക്കം ചെയ്ത് നിയമവാഴ്ച സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം, സുരേന്ദ്രന് ആവശ്യപ്പെട്ടു.
സലിം രാജിന്റെ ഭാര്യ ഇപ്പോള്‍ റവന്യൂവകുപ്പില്‍ ലാന്റ് റവന്യൂ ബോര്‍ഡിലാണ് ജോലി ചെയ്യുന്നത്. ഭൂമി തട്ടിപ്പിന് നേതൃത്വം കൊടുത്ത സലിംരാജിന്റെ പങ്കാളികളാരെന്ന് കണ്ടെത്താന്‍ സലിംരാജിന്റെ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണം. നാല്‍പ്പത് ഏക്കറില്‍ ഒന്നര ഏക്കര്‍ പോക്കുവരവ് നടത്തികഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥ ഉടമകളെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. സ്വന്തം ഭൂമിയില്‍ ഇവര്‍ക്ക് നികുതിയടക്കാന്‍ കഴിയുന്നില്ലെന്ന് സുരേന്ദ്രന് പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: