തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യഭീതി സൃഷ്ടിച്ച് വോട്ടുബാങ്ക് സ്വരൂപിക്കാനുള്ള ശ്രമം ഇടതുവലതു മുന്നണികള്‍ ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്ട്ടിന്മേല് ഇന്ന് വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷിയോഗം ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സിപിഎം പിന്തിരിയണമെന്നും വി. മുരളീധരന് പത്രസമ്മേളത്തില്‍ ആവശ്യപ്പെട്ടു.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്ട്ടിന്മേല് അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കാനാണ് ഇടതുവലതു സംഘടനകള്‍ ശ്രമിക്കുന്നത്. ഈ നീക്കം ഇരുമുന്നണികളും അവസാനിപ്പിക്കണം. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും പശ്ചിമഘട്ടങ്ങളുടെ നിലനില്‍പ്പ് അനിവാര്യമാണെന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണ്. നദികളുടെ ഉദ്ഭവസ്ഥാനമായ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യവും ഇത് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും സാധാരണക്കാരനു മനസ്സിലാകും. കുടിയൊഴിപ്പിക്കലുണ്ടാകുമെന്ന പ്രചാരണങ്ങള്‍ നടത്തുകയാണ് ചിലര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അത്തരം പരാമര്‍ശമില്ല. പരിസ്ഥിതി ദുര്‍ബലമേഖലകളായി കണക്കാക്കുന്ന പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ പ്രാദേശിക ജനവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് ഗാഡ്ഗില്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് സത്യമെന്നിരിക്കെ കുടിയൊഴിപ്പിക്കപ്പെടും എന്ന രീതിയില്‍ ഭീതിസൃഷ്ടിച്ച് കേരളത്തിലെ കുടിയേറ്റ ജനതയെ വോട്ട്ബാങ്ക് ആക്കാന്‍ ശ്രമം നടത്തുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇസ്ലാമിക സമൂഹത്തിനുവേണ്ടി പരിപാടി നടത്തിയവര്‍ കുടിയേറ്റ സമൂഹങ്ങളെ ലക്ഷ്യമിടുകയാണ്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി പറയുമ്പോള്‍ അതിനെ എതിര്‍ക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.
പാറഖനനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത എല്ലാവര്‍ക്കുമറിയാം. പുതുതായി ഖാനനത്തിന് അനുമതി നല്‍കരുതെന്നാണ് കമ്മിറ്റി പറയുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു സമൂഹത്തിനും എതിരായ സന്ദേശം നല്‍കുന്നില്ല. കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളംചേര്‍ക്കുന്നതാണ്. പശ്ചിമഘട്ടത്തെ തകര്‍ക്കാന്‍ പറ്റുന്നതരത്തില് നിലപാടെടുക്കുന്ന മുന്നണികള്‍ മനസ്സിലാക്കേണ്ടത്. ഈ നീക്കം കേരളത്തിലെ 3.5 കോടി ജനങ്ങളെയും ദോഷകരമായി ബാധിക്കും. ഇന്ന് നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കുമെന്നും തങ്ങളുടെ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: