പള്ളുരുത്തി: നരേന്ദ്ര മോദിയുടെ തരംഗത്തിന്റെ പ്രതിഫലനം കേരളത്തിലും അലയടിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. പള്ളുരുത്തിയില്‍ മോദി ആരാധകര്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതം വഴിമുട്ടിയ കേരള കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മരുഭൂമിയില്‍പോലും വ്യവസായവും കൃഷിയും ചെയ്യാമെന്ന് നരേന്ദ്ര മോദി നമ്മെ കാട്ടിത്തരുന്നു. ആര്‍ഷസംസ്കാരത്തിന്റെ പ്രതീകമായ നരേന്ദ്ര മോദി ഗുജറാത്തില്‍ രാഷ്ട്രപ്രചോദിതമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.
ഭാരതമാകമാനം നരേന്ദ്ര മോദി തരംഗം ആഞ്ഞടിക്കുമ്പോള്‍ തീര്‍ച്ചയായും അതിന്റെ പ്രതിഫലനം കേരളത്തിലുണ്ടാകും. ഭൂരിപക്ഷം വരുന്ന ആളുകള്‍ മോദി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ന്യൂനപക്ഷങ്ങളെ താലോലിച്ച് കേരളത്തിലെ മുന്നണികള്‍ ആത്മവഞ്ചന നടത്തുകയാണെന്നും രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
പ്രൊഫ. പി.എസ്. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ മുരളി പാറപ്പുറം മുഖ്യപ്രഭാഷണം നടത്തി. എം.എച്ച്. ഹരീഷ്, കെ.ഡി. ദയാപരന്‍, എം.ആര്. സുഭാഷ്, പി.പി. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഒത്തുചേര്ന്നവര്ക്കിടയില് ആവേശം അലതല്ലി. പള്ളുരുത്തി ശ്രീനാരായണ നഗറിലെ എസ്എന്‍ ഓഡിറ്റോറിയത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്. ഫേസ്ബുക്കിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പരിചയപ്പെട്ടവര്‍ ഒന്നിച്ചുകൂടിയ അനുഭവം ഹൃദ്യമായി.
മോദിയെ സ്നേഹിക്കുന്നവരും സംഘബന്ധുക്കളും ഒത്തുചേര്‍ന്നാണ് പള്ളുരുത്തി കേന്ദ്രീകരിച്ച് മോദി ആരാധകസംഘം രൂപീകരിച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനത്ത് എത്തുന്നതുവരെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെ സഹായിക്കുക എന്നതാണ് മോദി ആരാധകസംഘത്തിന്റെ ലക്ഷ്യമെന്ന് സംഘത്തിലെ മുതിര്‍ന്ന അംഗം കെ.ഡി. ദയാപരന്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ 10 ന് സംഘടിപ്പിച്ച ചടങ്ങുകള്‍ പ്രശസ്ത ഹാര്‍മോണിസ്റ്റ് കെ.എസ്. രാധാകൃഷ്ണന്റെ കീബോര്‍ഡില്‍നിന്നും വന്ദേമാതരം ഒഴുകിയെത്തിയതോടെയാണ് ആരംഭിച്ചത്. അന്തരിച്ച സംഗീതസംവിധായകന് രാഘവന്മാസ്റ്റര്ക്കുവേണ്ടി ഒരു നിമിഷം മൗനപ്രാര്‍ത്ഥനയും സമ്മേളനത്തില്‍ നടന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ചടങ്ങിന് ഭദ്രദീപം കൊളുത്തി. രാഷ്ട്രസ്നേഹം സ്ഫുരിക്കുന്ന വ്യക്തിഗീതവും ചടങ്ങില്‍ ആലപിച്ചു. പിന്നീട് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാന്‍ അശ്രാന്ത പരിശ്രമം നടത്തുമെന്നുള്ള പ്രതിജ്ഞയെടുത്തു.
മുരളി പാറപ്പുറം രചിച്ച ‘നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന്’ എന്ന പുസ്തകത്തിന്റെ മുന്‍കൂര്‍ വില്‍പ്പനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: