ഭൂരിപക്ഷത്തിന് ഭരണം. അതാണ് ജനാധിപത്യത്തിന്റെ തത്വം. എന്നാല്‍ ആ തത്വം അങ്ങ് പള്ളീപ്പറഞ്ഞാല്‍ മതി എന്നാണ് കേരളത്തിന്റെ നാട്ടുനടപ്പ്.
ഭൂരിപക്ഷ സമുദായത്തിന് വേണമെങ്കില്‍ വെള്ളം കോരാം, അല്ലെങ്കില്‍ വിറകു വെട്ടാം. ന്യൂനപക്ഷം കേരളം ഭരിക്കും. ന്യൂനപക്ഷമാണ് വിഭവങ്ങളുടെ നേരവകാശിയെന്ന് വിശ്വസിക്കുകയും അതിനായി പത്തായം തുറന്നുവയ്ക്കുകയും ചെയ്താല്‍ കയ്യിട്ടുവാരാതെ തന്നെ അനുഭവിക്കാമല്ലോ. ഇടതായാലും വലതായാലും അതിന് വേര്‍തിരിവൊന്നുമില്ല. കേന്ദ്രസര്‍ക്കാര്‍ മുസ്ലിം പ്രീണനത്തിന് സച്ചാര്‍ കമ്മറ്റി രൂപീകരിച്ച് തിടുക്കത്തില്‍ ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടി ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ അക്കമിട്ട് നിരത്തി. അത് വെളിച്ചം കാണും മുമ്പുതന്നെ കേന്ദ്രത്തെ തോല്‍പ്പിക്കാന്‍ സച്ചാറിന്റെ ചുവടുപിടിച്ച് പാലൊളി കമ്മറ്റി ഉണ്ടാക്കിയ സംസ്ഥാനമാണല്ലോ കേരളം. ‘അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴീടെ മൂടു തേഞ്ഞു’ എന്ന പോലെ ഇരുകൂട്ടരും ഭരിച്ചു ഭരിച്ച് ഭൂരിപക്ഷ സമുദായത്തെ ഒരു പരുവത്തിലാക്കി.
ഇപ്പോള്‍ ഭരണം നയിക്കുന്നത് കോണ്‍ഗ്രസ്സാണെങ്കിലും കടിഞ്ഞാണ്‍ മുഖ്യമന്ത്രിയുടെ കയ്യിലല്ല. ‘മുസ്ലിം ലീഗണ്ന് മൂക്കുവിറപ്പിച്ചാല്, കേരളാ കോണ്‍ഗ്രസ് പുരികം ചുളിച്ചാ’ല്‍ കോണ്ഗ്രസ്സുകാര് പിന്നെ അവരുടെ മുന്നില്‍ ശയനപ്രദക്ഷിണമായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രസവാനുകൂല്യത്തിന് അര്‍ഹത പുതുക്കി പ്രായപരിധിയേ നോക്കേണെന്നു നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം നിയമപ്രകാരം ഇപ്പോള്‍ 18 വയസ്സാണ്. അത് കുറയ്ക്കാന്‍ മുസ്ലിം മതസംഘടനകള്‍ സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മുസ്ലിം സമുദായത്തിലെ ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് അതിനെ എതിര്‍ക്കുന്നത്. മതസംഘടനകളെന്നു പറയുമ്പോള്‍ അതില്‍ മുസ്ലിംലീഗുമുണ്ട്. ആ കക്ഷി വവ്വാലിന്റെ സ്വഭാവമാണ് കാലങ്ങളായി തുടരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. മതസംഘടനകളുടെ യോഗത്തില്‍ മുസ്ലിം ലീഗുണ്ടാകും. രാഷ്ട്രീയക്കാരുടെ മുന്‍നിരയിലും ഈ കക്ഷിയെ കാണാം. ചിറകു നോക്കിയാല്‍ പറവ. മുഖം നോക്കിയാല്‍ മൃഗം. അതാണല്ലോ വവ്വാല്.
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറഞ്ഞത് 18 ആയി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത മതസംഘടനകളുടെ കൂട്ടത്തിലും ലീഗിന്റെ രണ്ട് സംസ്ഥാന നേതാക്കള്‍ പങ്കെടുത്തതാണ്. അതിനെക്കുറിച്ച് വിവാദമുയര്‍ന്നപ്പോള്‍ മുഖ്യഭരണകക്ഷിക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല. അതിനു പുറകെയാണ് പ്രസവാനുകൂല്യം കിട്ടാന്‍ 18 വയസ്സ് ആകേണ്ടെന്ന തീരുമാനം. ആരോഗ്യവകുപ്പ് ഭരിക്കുന്നത് കോണ്‍ഗ്രസ്സുകാരനാണ്. എന്നാലും മുസ്ലിം സംഘടനകള്‍ ഒരാവശ്യം ഉന്നയിച്ചാല്‍ മുന്‍-പിന് നോക്കാനൊന്നും കാക്കില്ല. ആര്‍ക്കും പ്രസവാനുകൂല്യം. എത്ര പെറ്റാലും ആനുകൂല്യം വാങ്ങാം. ‘കുട്ടികള്‍ ഒന്നോ രണ്ടോ’ എന്നായിരുന്നു കുടുംബാസൂത്രണത്തിന്റെ ആദ്യ മുദ്രാവാക്യം. അതിപ്പോള്‍ ‘ആണായാലും പെണ്ണായാലും’ ഒന്നുമതി എന്നാണ്. ഇത് അംഗീകരിച്ച ഒരു രാജ്യത്ത് എത്ര പ്രസവിച്ചാലും ആനുകൂല്യം നല്ക്കാന് ഉത്തരവിറക്കുന്നവര്‍ ആരായാലും അവരുടെ സ്ഥാനം കുതിരവട്ടത്തോ ഊളമ്പാറയിലോ ആണ്. കുടുംബാസൂത്രണത്തെ തന്നെ അട്ടിമറിക്കുന്ന ഒരു തീരുമാനമാണല്ലോ ഇത്. ‘രണ്ടും കെട്ടും നാലും കെട്ടും ഇഷ്ടം പോലെ കുട്ടികളെ പോറ്റും’ എന്ന മുദ്രാവാക്യക്കാര്ക്ക് അംഗീകാരം നല്‍കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭവിഷ്യത്ത് എന്താകും?
നിയമസഭാ മണ്ഡലങ്ങളുടെ പുനസ്സംഘടന വന്നപ്പോള്‍ പല ജില്ലകളിലും മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞു. കൂടിയത് മലപ്പുറത്ത് മാത്രം. കേരളത്തില്‍ ജനസംഖ്യ വാണം പോലെ കുതിച്ചുയരുന്ന ഏകജില്ല മലപ്പുറമാണ്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയ്ക്കാണ്. നാലര പതിറ്റാണ്ടിന് മുമ്പ് മലപ്പുറം ജില്ല രൂപീകരിക്കാന്‍ പറഞ്ഞ ന്യായം വികസനമാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറി മാറി ഭരിച്ചിട്ടും ജില്ല ഇന്നും അവികസിതം തന്നെ. വികസിക്കാന്‍ മലപ്പുറം വിഭജിച്ച് മറ്റൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവും സജീവമാണ്. ആദ്യപടിയായി സെക്രട്ടേറിയറ്റിന്റെ അനക്സ് കോഴിക്കോട് സ്ഥാപിക്കാന്‍ മുസ്ലിംലീഗ് ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാതിരിക്കില്ല. കമ്മ്യൂണിസ്റ്റുകാരും അതിനെ എതിര്‍ക്കാന്‍ മുതിരില്ല. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട്’ എന്നതാണ് ഇരുകക്ഷികളെയും നയിക്കുന്ന വികാരം.
‘ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം’ എന്നായിരുന്നല്ലോ ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യം. അത് അറബിക്കടലിലെറിഞ്ഞു. ഇപ്പോള്‍ ഞങ്ങളിലില്ല ഹൈന്ദവരക്തമെന്ന് പറഞ്ഞേക്കാം. എന്നാല്‍ മുസ്ലിംരക്തത്തിലും ക്രൈസ്തവരക്തത്തിലും അവര്‍ അഭിമാനം കൊള്ളും. ഈ വിഭാഗത്തില്‍പെട്ടവരുടെ പ്രത്യേക സമ്മേളനങ്ങള്‍ വിളിച്ച് അവരെ ആവേശം കൊള്ളിക്കുന്നു. അമ്പലം തകര്‍ന്നാല്‍ അന്ധവിശ്വാസം നശിക്കുമെന്ന് പ്രഖ്യാപിക്കുന്നവര്‍ സമ്മേളനങ്ങളില്‍ നിസ്കാരപ്പായ വിരിക്കുന്നു. കമ്മ്യൂണിസം കമ്മ്യൂണലിസത്തിന് വഴി മാറുമ്പോള്‍ ലീഗിനെയെന്നല്ല മദനിയെപ്പോലും തലോടാനും താലോലിക്കാനും അവരെന്തിന് മടിക്കണം! കോണ്‍ഗ്രസുകാര്‍ മതപ്രീണനം നടത്തുമ്പോള്‍ എതിര്‍ക്കാന്‍ അവര്‍ മുന്നോട്ടുവരാതിരിക്കുന്നതിന്റെ രാഷ്ട്രീയം വ്യക്തമാണ്. തഞ്ചവും തരവും നോക്കി ബാന്ധവം സൃഷ്ടിക്കണം!
മുസ്ലിം കുട്ടികള്‍ക്ക് മാത്രമായി സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല മുസ്ലിങ്ങളെ സംവരണ ലിസ്റ്റില്‍പ്പെടുത്തിയത് ഇ.എം.എസ് സര്‍ക്കാരാണെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. മലപ്പുറം ജില്ല നല്‍കിയത് ഇ.എം.എസ് അല്ലേ എന്നും അവര്‍ ചോദിക്കുന്നു. അലിഗഡ് മുസ്ലിം സര്‍വകലാശാല കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് മലപ്പുറത്ത് തന്നെ വേണമെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ഭിന്നാഭിപ്രായമില്ല.
എല്ലാ വകുപ്പിലും കയറി ലീഗിന് ഭരിക്കാം. ലീഗുകാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പേതെന്ന് നിശ്ചയിക്കുന്നത് ലീഗ് പ്രസിഡന്റാകുന്ന കാഴ്ചയും കേരളം കണ്ടു. മന്ത്രിമാര്‍ക്ക് വകുപ്പ് വീതിച്ചു നല്‍കുന്നത് മുഖ്യമന്ത്രിയുടെ മാത്രം അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. എന്നാല്‍ ലീഗ് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പേതൊക്കെയെന്ന് മുഖ്യമന്ത്രി പറയും മുമ്പേ ലീഗ് പ്രസിഡന്റ് പ്രഖ്യാപിച്ചു. അഞ്ചാംമന്ത്രിയെ നേടിയ ലീഗ് അതിനെ എതിര്‍ക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുന്ന കാഴ്ചയും കണ്ടു. മലയോരങ്ങള്‍ കേരള കോണ്‍ഗ്രസിനും കടലോരങ്ങള്‍ മുസ്ലിംലീഗിനും തീറെഴുതിക്കൊടുത്തു. ഇരുപാര്‍ട്ടികളും ഭരണം തറവാട്ടുസ്വത്തു പോലെ കൈകാര്യം ചെയ്യുന്നു.
നാലിലൊന്ന് മന്ത്രിമാരാണ് ലീഗിനുള്ളത്. എന്നാല്‍ കേരളത്തിന്റെ നാലില്‍ മൂന്ന് വിഭവങ്ങളും കൈകാര്യം ചെയ്യുന്നത് മുസ്ലിം ലീഗാണ്. അവരുടെ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലെല്ലാം സ്വന്തം സമുദായക്കാരെ തേടിപ്പിടിച്ച് കുടിയിരുത്തി. അയോഗ്യരെപ്പോലും തലപ്പത്തു വച്ച് മുന്നേറുമ്പോള്‍ അതിനെ ചോദ്യംചെയ്യാന്‍ മുന്നണി സംവിധാനത്തിനാകുന്നില്ല. വകുപ്പുകളിലെല്ലാം അഴിമതി കൊടികുത്തി വാഴുന്നു. ഏറ്റവും ഒടുവില്‍ മലയാള സര്‍വകലാശാലയില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളെ തേടിപ്പിടിച്ച് കോഴ ചോദിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സര്‍വകലാശാലയില്‍ നിന്നും ഉദ്യോഗാര്‍ഥികളുടെ പേരുവിവരങ്ങളെടുത്ത് തേടിപ്പിടിച്ചെത്തി 25 ലക്ഷവും അതിന് മുകളിലും തുക ആവശ്യപ്പെട്ടെന്ന പരാതിഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിയിലധികം വരും വിദ്യാഭ്യാസ വകുപ്പില്‍. എന്നിട്ടും നിയമനവും സ്ഥാപനവും വര്‍ധിപ്പിക്കാന്‍ ശ്രമം തുടരുന്നു. അത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനല്ല അഴിമതി വ്യവസായം വളര്‍ത്താനാണെന്നു വ്യക്തം. വികസനവും കരുതലും എന്ന മുദ്രാവാക്യം അഴിമതി വ്യാപനത്തിലാണ് ഊന്നല്‍ നല്‍കുന്നത്. പ്രഖ്യാപിത പദ്ധതികളൊന്നെങ്കിലും ലക്ഷ്യം കാണുമെന്ന വിദൂരപ്രതീക്ഷയ്ക്ക് പോലും വഴിയില്ല. (തുടരും)
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: