പെരുമ്പാവൂര്‍: ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടാറായിട്ടും ഇവിടുത്തെ ഈഴവരടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങളെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുകയാണെന്ന് എസ്എന്‍ഡിപിയോഗം യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ചെര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഭൂമി, തൊഴില്‍, വിദ്യാഭ്യാസം, രാഷ്ട്രീയ അധികാരം എന്നിവയില്‍ ആനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന തിരുവിതാംകൂര്‍ മഹാസംഗമത്തിന്റെ മുന്നോടിയായി കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യൂണിയന്‍തല യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. മത ന്യൂനപക്ഷങ്ങളുടെ മാത്രം താല്പര്യസംരക്ഷകരായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മാറുന്നു. ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങള്‍ക്ക് ഫണ്ടില്ല എന്ന് പറയുന്ന സര്‍ക്കാരുകള്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് ഗ്രാന്റായും സ്കോളര്‍ഷിപ്പായും, പെന്‍ഷനായും കോടിക്കണക്കിന് രൂപ വാരിക്കോരി നല്കുന്നു. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരായുള്ള തിരിച്ചടിയായി തിരുവിതാംകൂര്‍ മഹാസമ്മേളനം മാറുമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശക്തമായ താക്കീത് യോഗം പ്രവര്‍ത്തകര്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് കെ.കെ.കര്‍ണ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ യൂണിയന് സെക്രട്ടറി ഇ.ബി.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍മാരായ സജിത്ത് നാരായണന്, സജീവ് പാറയ്ക്കല്‍, യോഗം ബോര്‍ഡ്മെമ്പര്‍ മാരായ എം.എ.രാജു, ടി.എന്‍.സദാശിവന്, യൂണിയന് കൗണ്‍സിലര്‍മാരായ കെ.എന്‍.ഗോപാലകൃഷ്ണന്, ബൈജു കിടങ്ങൂര്‍ സുനില്‍ മാളിയേക്കല്‍, കേന്ദ്രസമിതി കണ്‍വീനര്‍ അനില്‍ തറനിലം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: