മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ബാഴ്സലോണയുടെയും അത്ലറ്റികോ മാഡ്രിഡിന്റെയും അപരാജിത കുതിപ്പുകള്‍ക്ക് വിരാമം. മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കി.
ലാ ലീഗയിലെ ആദ്യ എട്ട് മത്സരങ്ങളിലും വിജയം വരിച്ച ബാഴ്സയുടെയും അത്ലറ്റികോയുടെയും അപരാജിത കുതിപ്പുകള്‍ക്കാണ് ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ വിരാമമായത്. ബാഴ്സയെ താരതമ്യേന ദുര്‍ബലരായ ഒസാസുന ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ അത്ലറ്റികോ മാഡ്രിഡിനെ എസ്പാനിയോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി.
സൂപ്പര്‍ താരം മെസ്സി പകരക്കാരനായി ഇറങ്ങിയ മത്സരത്തില്‍ ഫിനിഷിംഗിലെ പോരായ്മയാണ് ബാഴ്സലോണക്ക് തിരിച്ചടിയായത്. മത്സരത്തിലെ 76 ശതമാനം സമയവും പന്ത് കൈവശം വെക്കുകയും ഗോളിലേക്ക് 12 ഷോട്ടുകള്‍ ഉതിര്‍ക്കുകയും ചെയ്തിട്ടും നിലവിലെ ചാമ്പ്യന്മാരായ ബാഴ്സക്ക് ഒസാസുന വല കുലുക്കാന്‍ കഴിഞ്ഞില്ല. ഇതിന് പുറമെ ലഭിച്ച അഞ്ച് കോര്‍ണറുകളും വിഫലമായി. 2012 ജനുവരിക്ക് ശേഷം ആദ്യമായാണ് ബാഴ്സിലോണ ഗോള്‍രഹിത സമനിലയില്‍ കുടുങ്ങുന്നത്. കളിയില്‍ സ്കോര്‍ ചെയ്യാനുള്ള തുറന്ന അവസരങ്ങള്‍ ഇനിയേസ്റ്റയും ഫാബ്രിഗാസും നെയ്മറും നഷ്ടപ്പെടുത്തുക കൂടി ചെയ്തതോടെ ബാഴ്സിലോണ ആദ്യമായി തളര്‍ന്നു. കാല് മുട്ടിലേറ്റ പരുക്കിനെ തുടര്‍ന്ന് ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം നായകന് കാര്‍ലോസ് പുയോള്‍ മടങ്ങി വന്നിട്ടും ബാഴ്സക്ക് ഗുണകരമായില്ല. സെപ്തംബര്‍ 28 ന് തുടയിലേറ്റ പരുക്കിനെ തുടര്‍ന്ന് വിശ്രമിക്കുകയായിരുന്ന ലയണേല്‍ മെസ്സിയെ 68-ാം മിനിറ്റില്‍ പകരക്കാരനായിട്ട് ഇറക്കിയിട്ടും ബാഴ്സയെ സമനിലകുരുക്കില്‍ നിന്ന് രക്ഷിക്കാനായില്ല.
അതേസമയം പോയിന്റ് പങ്കിടേണ്ടി വന്നെങ്കിലും ആ ഒരു പോയിന്റും ഒന്നാം സ്ഥാനത്ത് തുടരുന്നതില്‍ ബാഴ്സക്ക് ഗുണകരമായി. എസ്പാനിയോളിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത്ലറ്റികോക്ക് ഒറ്റക്ക് ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി നേരിട്ട പരാജയത്തോടെ അത്ലറ്റികോ രണ്ടാം സ്ഥാനത്തായി. 9 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായാണ് ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അത്ലറ്റികോക്ക് 24 പോയിന്റാണുള്ളത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 54-ാം മിനിറ്റില്‍ അത്ലറ്റികോ താരം ടിബോട്ട് കോര്‍ട്ടിയസിന്റെ സെല്‍ഫ് ഗോളാണ് എസ്പാനിയോളിനെ വിജയത്തിലേക്ക് നയിച്ചത്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മലാഗയെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 46-ാം മിനിറ്റില്‍ അര്‍ജന്റീനന്‍ പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയും ഇഞ്ച്വറി സമയത്ത് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്. ഡി മരിയ പെപ്പെയുടെ പാസില്‍ നിന്നും ക്രിസ്റ്റ്യനോ റൊണാള്‍ഡോ പെനാല്‍റ്റിയില്‍ നിന്നുമാണ് ഗോളുകള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍താരം ഗരെത്ത് ബെയ്ലിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. മത്സരത്തില്‍ അഞ്ച് മലാഗന് താരങ്ങള്‍ക്ക് മഞ്ഞകാര്‍ഡ് ലഭിച്ചു. മത്സരത്തില്‍ 22 തവണയാണ് റയല്‍ ഷോട്ടുകളുതിര്ത്തിയത്. ഇതില്‍ 15ഉം ലക്ഷ്യത്തിലേക്കായിരുന്നു. മലാഗക്ക് മൂന്ന് തവണ മാത്രമാണ് എതിര് പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ക്കാന്‍ കഴിഞ്ഞത്. റയലിന് 10 കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചപ്പോള്‍ മലാഗക്ക് ഒരെണ്ണം മാത്രമാണ് കിട്ടിയത്. എന്നാല്‍ ക്രിസ്റ്റ്യാനോ അടക്കമുള്ള സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മയാണ് റയലിന്റെ വിജയമാര്‍ജിന്‍ കുറച്ചത്. 9 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.
മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: