കൊല്ലം: സ്വാമി വിവേകാനന്ദന്റെ ജീവിതസന്ദേശം സാധാരണക്കാരില്‍ എത്തിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കലായാത്രയില്‍ അവതരിപ്പിക്കാനുള്ള ദൃശ്യശ്രവ്യസംഗീത പരിപാടി ‘വിശ്വം വിവേകാനന്ദ’ത്തിന്റെ പരിശീലനകളരി കൊല്ലം മാമൂട്ടില്‍കടവ് പുതിയകാവ് ഭഗവതി സെന്‍ട്രല്‍ സ്കൂളില്‍ അരങ്ങേറി.
ബാലഗോകുലം തിരുവനന്തപുരം വിഭാഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലനകളരിയില്‍ രണ്ടു ജില്ലകളില്‍ നിന്നായി ഇരുന്നുറോളം കുട്ടികളാണ് പങ്കെടുത്തത്. വിവേകാനന്ദ സ്തുതികളോടെ ആരംഭിക്കുന്ന നൃത്തസംഗീതപരിപാടി സ്വാമിയുടെ ജീവിതത്തിന്റെ എല്ലാ മുഹൂര്‍ത്തങ്ങളും സ്പര്‍ശിച്ചുകൊണ്ടാണ് സമാപിക്കുന്നത്. പി.കെ.ഗോപിയുടെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് കോഴിക്കോട് സുരേന്ദ്രന്മാസ്റ്ററാണ്. കോഴിക്കോട് മാതാ ആര്‍ട്സ് തിയേറ്ററിലെ പ്രമുഖ നൃത്തധ്യാപകനായ കനകദാസിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കലാപരമായ കഴിവുകളുള്ള ബാലഗോകുലത്തിലെ കുട്ടികളെ പരിശീലിപ്പിക്കുന്നത്.
പരിശീലന കളരിയുടെ ഉദ്ഘാടനം ജില്ലാ ഓംബുഡ്സ്മാന് ബി.സി.മേനോന് നിര്‍വഹിച്ചു. എസ്.ചന്ദ്രചൂഡന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിഭാഗ് കാര്യദര്‍ശി ജി.സന്തോഷ്കുമാര്‍, സംഘടനാ കാര്യദര്‍ശി എസ്.വാരിജാക്ഷന്‍, ജില്ലാ കാര്യദര്‍ശി വി.വിജയകുമാര്‍, സംഘടനാ കാര്യദര്‍ശി ജി.സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: