അഗര്‍ത്തല: ത്രിപുരയില്‍ നോട്ട്കെട്ടുകള്‍ക്ക് മേല്‍ കിടന്നുറങ്ങിയ സി.പി.എം നേതാവിനെ പാര്‍ട്ടി പുറത്താക്കി. ബന്കുമാരി ലോക്കല്‍ കമ്മിറ്റിയംഗം സമര് അചാര്ജി നോട്ട്കെട്ടുകള്‍ക്ക് മേല്‍ കിടക്കുന്ന ദൃശ്യം ചില ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടതിന് പിറകെയാണ് പാര്‍ട്ടി നടപടി.
സംഭവം വിവാദമായതിതോടെ പാര്‍ട്ടി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സമര് അചാര്ജിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്ഷന് ചെയ്തത്. അനധികൃത മാര്‍ഗങ്ങളിലൂടെ സ്വത്ത് സമ്പാദിച്ചതിനും പാര്‍ട്ടിയുടെ പ്രതിച്ഛായയെ മോശമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനുമാണ് നടപടിയെന്ന് പാര്‍ട്ടി സെക്രട്ടറി സുബ്രതാ ചക്രവര്‍ത്തി അറിയിച്ചു.
നോട്ടുകെട്ടുകള്‍ക്ക് മേല്‍ കിടക്കണമെന്ന ആഗ്രഹം ബാങ്ക് അക്കൗണ്ടില്‍ നിന്നും 20ലക്ഷം രൂപ പിന്‍വലിച്ച് നിറവേറ്റിയതായി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പാര്‍ട്ടി നേതാവിനോട് സമര് പറയുന്നുണ്ട്. സ്വത്തുകള്‍ ധാരാളം സമ്പാദിച്ചിട്ടും പാവപ്പെട്ടവര്‍ എന്ന് നടിക്കുന്ന മറ്റ് സഖാക്കളെപ്പോലെ കപട നാട്യക്കാരനല്ല താനെന്നും സമര് പറയുന്നു.
രണ്ടര കോടി രൂപ സമ്പാദിച്ചു. അഗര്‍ത്തല നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ ചെലവ് കുറഞ്ഞ കക്കൂസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ നിന്നാണ് പണം സമ്പാദിച്ചതെന്നും സമര് പറയുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പ്രാദേശിക പാര്‍ട്ടി നേതൃത്വം സമറിനോട് വിശദീകരണം നല്കാന് ആവശ്യപ്പെട്ടിരുന്നു. സമറിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പുറത്താക്കല്‍.
സംഭവം വിവാദമായതോടെ ത്രിപുരയിലെ സി.പി.എം നേതാക്കളുടെയും മന്ത്രിമാരുടേയും സമ്പത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: