തിരുവനന്തപുരം: അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരായ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. സോളാര്‍ പ്രശ്നത്തില്‍ സരിത നായര്‍, ബിജു രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈ എടുത്ത് അതിവിപുലമായ വെട്ടിപ്പ് നടത്തി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണ്. അതിനെ സി.പി.എമ്മും എല്‍.ഡി.എഫും ചേര്‍ന്ന് ശക്തമായി ചെറുക്കുമെന്നും വി.എസ് പറഞ്ഞു.
സോളാര്‍ പ്രശ്നത്തില്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും കേസ് തേച്ചുമായ്ച്ചു കളയാനുള്ള ഹീനശ്രമമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്നത്. ഉമ്മന്‍ചാണ്ടിയെ രാജി വയ്പിക്കുന്നത് വരെയും ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത് വരെയും എല്‍.ഡി.എഫ് സമരം മുന്നോട്ട് കൊണ്ടുപോകും. അതുവരെ ഇടതുപക്ഷത്തോടൊപ്പം ഞാനും ഉണ്ടാകുമെന്നും വി.എസ് പറഞ്ഞു. തൊണ്ണുറാം പിറന്നാള്‍ ആഘോഷവേളയില്‍ തന്നെ കാണാനായി കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.
രാവിലെ മുതല്‍ തന്നെ കന്റോണ്‍മെന്റ് ഹൗസില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. പ്രതിരോധ മന്ത്രി എ.കെ ആന്റണി അടക്കമുള്ള നേതാക്കള്‍ വി.എസിനെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്, സീതാരാം യെച്ചൂരി, സ്പീക്കര്‍ ജി.കാര്ത്തികേയന് എന്നിവരും ടെലിഫോണിലൂടെ ആശംസകള്‍ നേര്‍ന്നു. മന്ത്രി കെ.എം മാണി നേരിട്ടെത്തി വി.എസിന് ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: