തലശ്ശേരി: മലയാളിയുടെ മനസില്‍ അനശ്വര സംഗീതത്തിന്റെ ശ്രുതിമീട്ടിയ കെ.രാഘവന് മാസ്റ്റര്‍ (99) വിടചൊല്ലി.
ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഘവന് മാസ്റ്ററുടെ വിടവാങ്ങല്‍ ഇന്നലെ പുലര്‍ച്ചെ 4.20 നായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ട ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്, സംസ്ഥാന മന്ത്രിമാരായ കെ.പി. മോഹനന്, എം.കെ.മുനീര്‍, ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, കോണ്‍ഗ്രസ് എസ് സംസ്ഥാന അധ്യക്ഷന്‍ രാമചന്ദ്രന് കടന്നപ്പള്ളി, എം.പി.വീരേന്ദ്രകുമാര്‍, പി.വി.ചന്ദ്രന്, മുന്‍മന്ത്രി കെ.പി.നൂറുദ്ദീന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ആമിനാ മാളിയേക്കല്‍ തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗത്തെ നേതാക്കളും ചലചിത്രരംഗത്തെ പ്രമുഖരും, നാട്ടുകാരും പുഷ്പചക്രമര്പ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ന് കാലത്ത് തലശ്ശേരി ബിഇഎംപി സ്കൂളില്‍ പൊതുദര്‍ശനത്തിനു വെക്കുന്ന മൃതദേഹം വൈകുന്നേരം 3 മണിയോടെ തലശ്ശേരി കോടതി പരിസരത്തുള്ള സെന്റിനറി പാര്‍ക്കില്‍ സംസ്കരിക്കും. മയ്യഴിക്കാരന് കൃഷ്ണന്-ഉപ്പിച്ചി ദമ്പതികളുടെ മകനായി 1913 ഡിസംബര്‍ 2ന് ജനിച്ച രാഘവന് മാസ്റ്റര്‍ 100 വയസ്സ് തികയുന്നതിന് ഒന്നര മാസം മുമ്പാണ് സംഗീത സപര്യയോടും, ലോകത്തോടും വിടപറഞ്ഞത്. ഭാര്യ പരേതയായ യശോദ. മക്കള്‍: വീണാധാരി, മുരളീധരന്, കനകാംബരന്, വാഗേശ്വരി, ചിത്രാംബരി. മരുമക്കള്‍: മുരളീധരന്, ത്യാഗരാജന്, സുരേഷ്. കെ. ദാസ്, റീന, ലിന്റ. സഹോദരന്: പരേതനായ ലക്ഷ്മണന്.
ഭാരതീയ ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട് എന്നീ സംഗീത രംഗങ്ങളില്‍ സംവിധായകനായും, കമ്പോസറായും കഴിവുതെളിയിച്ച രാഘവന് മാസ്റ്റര്‍ തബല, കീബോര്‍ഡ്, തംബുരു, ഡ്രംസ്, നാടന്‍ വാദ്യങ്ങള്‍ എന്നീ മേഖലകളിലൊക്കെ കഴിവ് തെളിയിച്ചിട്ടുണ്ട്.
1951 ല്‍ പുള്ളിമാനിലൂടെ ചലച്ചിത്രരംഗത്തെത്തിയ രാഘവന് മാസ്റ്റര്‍ 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ എന്ന സിനിമയിലെ കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്ന ഗാനത്തോടെയാണ് സംഗീത സംവിധാന രംഗത്ത് ലബ്ധപ്രതിഷ്ഠ നേടിയത്. തുടര്‍ന്ന് പി.ഭാസ്കരന്റേതുള്പ്പെടെ 65 ഓളം ചിത്രങ്ങളിലായി 405 ഓളം ഗാനങ്ങള്‍ക്ക് ഈണം നല്കിയ രാഘവന് മാസ്റ്റര്‍ക്ക് 1973ല്‍ നിര്‍മ്മാല്യം എന്ന ചിത്രത്തിലും, 1977ല്‍ പൂജക്കെടുക്കാത്ത പൂക്കള്‍ എന്ന സിനിമയിലുമടക്കം രണ്ടു തവണ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും, 1997ല്‍ ജെ.സി ഡാനിയേല്‍ പുരസ്കാരവും, 1981ല്‍ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും, 2000 ല്‍ ബെസ്റ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും, 2006 ല്‍ സ്വരലയ യേശുദാസ് അവാര്‍ഡും, 2011 ല്‍ എം.ജി.രാധാകൃഷ്ണന് അവാര്‍ഡും ലഭിച്ചു.
മലയാള സിനിമാ സംഗീത സംവിധാനത്തിലെ കുലപതിയായ രാഘവന് മാസ്റ്റര്‍ക്ക് അര്‍ഹമായ ആദരവും, അംഗീകാരവും ലഭിച്ചില്ല എന്ന സംഗീത പ്രേമികളുടെ നിരന്തര ആക്ഷേപത്തെ തുടര്‍ന്ന് 2010ല്‍ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്കി ആദരിച്ചു.
തലശ്ശേരിയില്‍ ഏറെനാളായി വിശ്രമജീവിതം നയിക്കുകയായിരുന്ന രാഘവന് മാസ്റ്റര്‍ ടെമ്പിള്‍ഗേറ്റിലെ സംഗീതപ്രേമികള്‍ ചേര്‍ന്ന് രൂപീകരിച്ച ജഗന്നാഥ സംഗീത വിദ്യാലയത്തിന്റെ രക്ഷാധികാരിയെന്ന നിലയില്‍ സജീവമായിരുന്നു. ഒടുവില്‍ 100 വയസ്സ് പൂര്‍ത്തിയാകാന്‍ ഒന്നര മാസത്തോളം മാത്രം ബാക്കി നില്‍ക്കെയാണ് ഈണങ്ങളുടെ കുലപതി ലോകത്തോട് വിടചൊല്ലിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: