കാണ്‍പൂര്‍: ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പേറ്റി നരേന്ദ്രമോദിയുടെ പ്രകടനം. കാണ്‍പൂരിലെ ബുദ്ധപാര്ക്കില് ബിജെപി സംഘടിപ്പിച്ച വിജയ് ശംഖനാദ് റാലിയില്‍ മോദിയെ ഒരുനോക്ക് കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും പതിനായിരങ്ങള്‍ ഒഴുകിയെത്തി.ദല്‍ഹി റാലിയില്‍ മോദി സംസാരിക്കുമെന്നറിഞ്ഞ് ദല്‍ഹി മെട്രോ അധികസര്‍വീസുകള്‍ നടത്തിയ അമ്പരപ്പ് കോണ്‍ഗ്രസിന് മാറുന്നതിന് മുമ്പാണ് ഉത്തര്‍പ്രദേശിനെ പിടിച്ചുലച്ച് വീണ്ടും മോദി തരംഗം ആഞ്ഞടിക്കുന്നത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഉത്തര്‍പ്രദേശില്‍ ബിജെപി റാലിയില്‍ മോദി പങ്കെടുത്തത്.
ഈ ആള്‍ക്കൂട്ടം എന്നെ കീഴടക്കിയിരിക്കുന്നു, ഈ ത്യാഗം വെറുതെയാകില്ല എന്ന തുടക്കത്തോടെയായിരുന്നു മോദി പറഞ്ഞുതുടങ്ങിയത്. മോദി…മോദി എന്ന നിലയ്ക്കാത്ത മുദ്രാവാക്യം വിളികള്‍ക്കിടയില്‍ നിന്ന് ആത്മവിശ്വാസത്തോടെ നരേന്ദ്രമോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. പതിവുപോലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ യുവരാജ് എന്ന സംബോധന ചെയ്ത മോദി ദാരിദ്ര്യം എന്നത് ഒരു മാനസികാവസ്ഥയാണെന്ന രാഹുലിന്റെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ചു.
കള്ളന്മാരുടെയും ധനികരുടെയും പോക്കറ്റില്‍ കുടുങ്ങുന്ന ഒരു സര്‍ക്കാരല്ല, സാധുക്കള്‍ക്കും അവശര്ക്കുമൊപ്പം നില്ക്കുന്ന സര്‍ക്കാരാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാണ്‍പൂരിന്റെ ചരിത്രപ്രാധാന്യമോര്മ്മിപ്പിച്ച് മോദി അഴിമതിക്കെതിരെയുള്ള പോരാട്ടം ഇവിടെനിന്ന് തുടങ്ങാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളെ ആഹ്വാനം ചെയ്തു. 1857ല്‍ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപുറപ്പെട്ട കാണ്‍പൂര്‍ ഇപ്പോള്‍ നല്ല ഭരണത്തിനായാണ് പോരാടേണ്ടത്. യുപിഎ സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് നിഷ്ക്കാസനം ചെയ്ത് സുരാജ് നിര്‍മ്മാണത്തിനായി ഈ ചരിത്രനഗരിയില്‍ നിന്ന് മറ്റൊരു വിപ്ലവം തുടങ്ങേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കല്ക്കരികേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് അറിയിക്കുമ്പോള്‍ മന്മോഹന് സിംഗിന് ഭരിക്കാനുള്ള അവകാശവും നഷ്ടമായിക്കഴിഞ്ഞു. ദല്‍ഹിയില്‍ നിന്ന് ഫയലുകള്‍ മാത്രല്ല ഭരണവും കാണാതാകുന്ന അവസ്ഥയാണിപ്പോള്‍. നമ്മുടെ ധീരസൈനികരുടെ കഴുത്തറുക്കപ്പെട്ടപ്പോള് നിശബ്ദത പാലിച്ച ഒരു പ്രധാനമന്ത്രിയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: