കാസര്‍കോട്: മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന് പരിശോധനകള്‍ നടന്നുവരുമ്പോഴും സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടുന്നത് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്. ഇതുസംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിംഗ് പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും താത്പര്യമില്ല.
സര്‍ക്കാര്‍ വാഹനങ്ങളില്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച ചട്ടലംഘനം തടയണമെന്നാവശ്യപ്പെട്ട് ജൂലൈ മൂന്നിനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയത്. 16793/ടിസി/09 നമ്പര്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടാഴ്ച്ചക്കുള്ളില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നാലുമാസമാകുമ്പോഴും നിര്‍ദ്ദേശങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. സര്‍ക്കാര്‍ വാഹനങ്ങളുടെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാറില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പ്രതികരണം.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ മേഖലകള്‍ തുടങ്ങിയവയുടെ വാഹനങ്ങളില്‍ ‘കേരള സര്‍ക്കാര്‍’ എന്ന് പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ ഒരു നിര്‍ദ്ദേശം.
മന്ത്രിമാരും തത്തുല്യ പദവിയുള്ളവരും മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുള്ളു. വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളില്‍ ഉദ്യോഗസ്ഥരുടെ പദവി വ്യക്തമാക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതും ചട്ടലംഘനമാണ്. അതാത് വകുപ്പിന്റെ പേരാണ് ബോര്‍ഡുകളില്‍ രേഖപ്പെടുത്തേണ്ടത്. ഹൈക്കോടതി ജഡ്ജിമാര്‍, ജില്ലാ ജഡ്ജിമാര്‍, ഗവണ്മെന്റ് പ്ലീഡര്‍മാര്‍ തുടങ്ങി ജുഡീഷ്യല്‍ പദവിയുള്ളവര്‍ക്ക് മാത്രമേ ബോര്‍ഡുകളില്‍ പദവി എഴുതിവയ്ക്കാന്‍ അവകാശമുള്ളു. സര്‍ക്കുലര്‍ അനുശാസിക്കുന്ന പ്രകാരം ജില്ലാ കലക്ടര്‍ പോലും വാഹനങ്ങളില്‍ പദവി രേഖപ്പെടുത്തരുതെന്ന് വരും. എന്നാല്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായതിനാല്‍ ഇക്കാര്യത്തില്‍ കലക്ടര്‍ക്ക് ഇളവുലഭിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും മോട്ടോര്‍ വാഹനവകുപ്പിന് ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷനാണ്.
സംസ്ഥാനത്ത് നിലവില്‍ വകുപ്പുകള്‍ക്ക് അനുവദിക്കുന്ന വാഹനങ്ങളില്‍ ജില്ലാ ഓഫീസര്‍മാരുടെ പദവി രേഖപ്പെടുത്തുന്നത് സാധാരണയായി മാറിയിട്ടുണ്ട്.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ഇതിനുപുറമെയാണ് വകുപ്പുകള്ക്കുകീഴില് നടപ്പാക്കുന്ന പ്രത്യേക പദ്ധതികള്‍ക്കുവേണ്ടി അനുവദിക്കുന്ന വാഹനങ്ങളില്‍ പോലും ജില്ലാ അധികാരിയുടെ പദവി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ വകുപ്പിന്റേയും പദ്ധതിയുടേയും പേരാണ് ചേര്‍ക്കേണ്ടത്. ഇത്തരത്തിലുള്ള സര്‍ക്കാര്‍ വാഹനങ്ങളില്‍ ചുവപ്പ് പശ്ചാത്തലത്തില്‍ വെള്ള അക്ഷരമാണ് ഉപയോഗിക്കേണ്ടതും.
കോര്പ്പറേഷന് ചെയര്മാന്മാരും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് വ്യക്തമാണ്. സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന വാഹനങ്ങള്‍ക്ക് ചെയര്മാന് എന്ന് രേഖപ്പെടുത്തരുതെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. വാഹനത്തിന്റെ മുന്‍വശത്ത് ദീര്‍ഘചതുരാകൃതിയില്‍ കോര്‍പ്പറേഷന്റെ പേരിനുതാഴെ ‘എ സ്റ്റേറ്റ് ഗവ.അണ്ടര്‍ ടേക്കിംഗ്’ എന്ന് രേഖപ്പെടുത്തുകയാണ് വേണ്ടത്. പുറകുവശത്തും ബോര്‍ഡ് വെക്കേണ്ടതാണ്. നീല പശ്ചാത്തലത്തില്‍ കറുത്ത അക്ഷരമാണ് ഉപയോഗിക്കേണ്ടത്.
സ്വകാര്യ ടാക്സികളെ കരാറടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആവശ്യത്തിനുപയോഗിക്കുന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിനുതന്നെ വ്യക്തതയില്ല. ഏതാനും മണിക്കൂറുകള്‍ മാത്രം സര്‍ക്കാര്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന സ്വകാര്യ ടാക്സികള്‍ പോലും വകുപ്പിന്റെ ബോര്‍ഡ് വെക്കുന്നുണ്ട്. ഇത് വ്യാപകമായ ദുരുപയോഗത്തിന് കാരണമാകുന്നു. പോലീസ് പരിശോധനയില്‍ നിന്നും ഇത്തരം വാഹനങ്ങള്‍ ഒഴിവാക്കപ്പെടാന്‍ സാധ്യത ഏറെയാണ്. പ്രസ്, മീഡിയ സ്റ്റിക്കര്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയും നടപടി വേണമെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു.1994 ഫെബ്രുവരി 25നും 1995 ഒക്ടോബര്‍ 25നും ഇതുസംബന്ധിച്ച് നേരത്തെ മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഇതിനുപുറമെ കാലാകാലങ്ങളില്‍ നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു. ഇത് ഓര്‍മ്മപ്പെടുത്തിയാണ് ഋഷിരാജ്സിംഗ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ സാധാരണക്കാര്‍ക്ക് നിയമം ബാധകമാക്കാന്‍ കാണിക്കുന്ന ആവേശം ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനില്ല.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: