ആലപ്പുഴ: വര്‍ഷങ്ങളായി കോണ്‍ഗ്രസുകാരനായിരുന്ന ഇപ്പോള്‍ സിപിഎമ്മിന്റെ സഹയാത്രികനായി മാറിയ ചെറിയാന് ഫിലിപ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവ് വി.എസ്. അച്യുതാനന്ദനെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയത് പാര്‍ട്ടിയുടെ ഇരുമ്പുമറ തകരുന്നതിന്റെ സൂചനയാണെന്ന് വിഎസ് വിഭാഗം. ഇത് ഒരുകാരണവശാലും വച്ചുപൊറുപ്പിക്കരുതെന്നും ഇതിന് ചൂട്ടുപിടിക്കുന്നവര്‍ ആരായാലും അവരെ പാഠം പഠിപ്പിക്കണമെന്നും വിഎസ് വിഭാഗം തീരുമാനിച്ചു. വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന് പരാതി അയക്കാനും വിഎസ്പക്ഷം തീരുമാനമെടുത്തിട്ടുണ്ട്.
ഔദ്യോഗിക പക്ഷത്തിന്റെയും പ്രത്യേകിച്ച് പിണറായിയുടെയും അറിവും അനുമതിയുമില്ലാതെ ചെറിയാന് ഫിലിപ്പ് വിഎസിനെതിരെ പരാമര്‍ശനം നടത്താന്‍ ധൈര്യം കാട്ടില്ലെന്നാണ് വിഎസ് വിഭാഗത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിനെ ലാക്കാക്കി പാര്‍ട്ടിയിലെ അഴിമതി വിരുദ്ധ നേതാക്കളെ മൂലയിലൊതുക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നും ഇതിനായി പാര്‍ട്ടിക്കുള്ളില്‍ വ്യാപക പ്രചരണം നടത്താനും വിഎസ് വിഭാഗം തീരുമാനിച്ചു.
വട്ടിയൂര്‍ക്കാവ് സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം തെറ്റായിപ്പോയെന്ന വിഎസിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ചെറിയാന് ഫിലിപ്പ് പരസ്യമായി പ്രതികരിച്ചത്. ഇത് കമ്യൂണിസ്റ്റ് വിരുദ്ധ നടപടിയാണെന്നും ഇങ്ങനെയൊരു പ്രസ്താവന നടത്തിയയാള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും ഔദ്യോഗിക നേതൃത്വം തയാറാകാത്തത് ഗൗരവമായി കാണണമെന്നും ഇതുസംബന്ധിച്ച് കേന്ദ്ര കമ്മറ്റിക്ക് പരാതി നല്‍കാനും തീരുമാനമായി.
എന്നാല്‍ മതവും ജാതിയും ഉപജാതിയും നോക്കിയാണ് പാര്‍ട്ടി വര്‍ഷങ്ങളായി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരുന്നതെന്ന വിഎസിന്റെ ഭംഗ്യേന്തരണയുള്ള വെളിപ്പെടുത്തല്‍ ഔദ്യോഗിക പക്ഷത്തെ ലക്ഷ്യംവച്ചുള്ളതാണെന്നാണ് പിണറായി വിഭാഗത്തിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മാധ്യമങ്ങളോട് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തരുതെന്ന് പോളിറ്റ്ബ്യൂറോ നേരത്തെ വിഎസിന് താക്കീത് നല്‍കിയിരുന്നതാണ്. അതെല്ലാം ലംഘിച്ചാണ് വിഎസ് മുന്നോട്ടു പോകുന്നതെന്നും തെറ്റുതിരുത്താന്‍ തയാറായിട്ടില്ലെന്നുമുള്ള നിഗമനത്തിലാണ് ഔദ്യോഗിക പക്ഷം.
വര്‍ഷങ്ങളായി പാര്‍ട്ടിക്കുള്ളില്‍ ജാതിയും ഉപജാതിയും നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതായി വ്യക്തമാക്കുന്നതായിരുന്നു വിഎസിന്റെ പ്രസ്താവന. തദ്ദേശ സ്വയംഭരണ സ്ഥാപനം മുതല്‍ പാര്‍ലമെന്റ് വരെ ജാതി രാഷ്ട്രീയം നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയാണ് ചെറിയാന് ഫിലിപ്പിന്റേത്. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ മുസ്ലിങ്ങളെയും ക്രിസ്ത്യന്‍ മേഖലയില്‍ ക്രിസ്ത്യാനികളെയും നിര്‍ത്തുന്ന കമ്യൂണിസ്റ്റ് പരമ്പരാഗത രീതി ലംഘിച്ചാണ് ഹിന്ദു വിഭാഗത്തിലെ ഒരു പ്രത്യേത സമുദായത്തിലെ ആള്‍ക്കാര്‍ക്ക് ഭൂരിപക്ഷമുള്ള വട്ടിയൂര്‍ക്കാവില്‍ ചെറിയാന് ഫിലിപ്പിനെ നിര്‍ത്തിയത്. ഇത് പാര്‍ട്ടിയെ മനപൂര്‍വം പരാജയപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഈ സത്യം പകല്‍ പോലെ വ്യക്തമാണെന്നിരിക്കെ കാര്യങ്ങള്‍ പറയുന്നതിന് നേതാക്കള്‍ വിറളിപിടിച്ചിട്ട് കാര്യമില്ലെന്നുമാണ് വിഎസ് വിഭാഗം കരുതുന്നത്.
എല്ലാക്കാലത്തും പാര്‍ട്ടി ഇത്തരം തന്ത്രപരമായ നിലപാടുകള്‍ കൈക്കൊണ്ടിട്ടുണ്ട്. പി.കെ.ഇമ്പിച്ചിബാവ, പാലൊളി മുഹമ്മദുകുട്ടി, ടി.കെ. ഹംസ, അബ്ദുള്ളക്കുട്ടി, ഡോ.കെ.എസ്. മനോജ്, സെബാസ്റ്റ്യന്‍ പോള്‍, സുരേഷ് കുറുപ്പ്, സജി ചെറിയാന് എന്നിവരുടെ സ്ഥാനാര്‍ഥിത്വം ഇതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലാവ്ലിന് കേസില്‍ സിഐജി റിപ്പോര്‍ട്ട് ശരിയാണെന്നും ഔദ്യോഗിക പക്ഷത്തെ ഇതിന്റെ പേരില്‍ വെല്ലുവിളിച്ച വിഎസിനെയും അനുകൂലികളെയും ഒതുക്കുന്നതിന് വേണ്ടിയുള്ള നീക്കത്തിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളണമെന്നും വിഎസ് വിഭാഗം തീരുമാനമെടുത്തു. പാര്‍ട്ടിക്കുള്ളില്‍ തിരുത്തല്‍ ശക്തിയായി മാറാന്‍ അണികളെ ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും വ്യാപകമായി വിതരണം ചെയ്യാനും തീരുമാനമായി.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: