തിരുവനന്തപുരം: പ്രസവാനുകൂല്യം ലഭിക്കാനുള്ള വ്യവസ്ഥകള്‍ പുതുക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമാവുന്നു. 18 വയസു തികഞ്ഞവര്ക്കുമാത്രമായിരുന്ന പ്രസവാനുകൂല്യം ഇനി പ്രായപരിധി നോക്കാതെ എല്ലാവര്ക്കും നല്‍കാമെന്ന് ആരോഗ്യ വകുപ്പാണ് ഉത്തരവിറക്കിയിട്ടുള്ളത്. മാത്രമല്ല, രണ്ടുതവണ മാത്രം ഒരാള്‍ക്ക് നല്‍കിയിരുന്ന ഈ ആനുകൂല്യം എത്ര തവണവേണമെങ്കിലും ലഭ്യമാക്കാമെന്നാണ് പുതുക്കിയ വ്യവസ്ഥ. സര്‍ക്കാര്‍ ഉത്തരവ് തഴേത്തട്ടിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്‍കിക്കഴിഞ്ഞു. ജനസംഖ്യാ നിയന്ത്രണ പദ്ധതിയെ അട്ടിമറിക്കുന്നതും രാജ്യത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നതുമായ ഉത്തരവിനു പിന്നില്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഇടപെടലാണുള്ളത്.
എല്ലാ മാസവും അഞ്ചിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും 11ന് പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെയും യോഗങ്ങള്‍ നടക്കും. സര്‍ക്കാരിന്റെ നയപരിപാടികളും തീരുമാനങ്ങളും വിശദീകരിച്ചു നടപ്പാക്കാന്‍ നിര്‍ദ്ദേശം കൊടുക്കുകയാണ് ഇൗ യോഗങ്ങളുടെ ഉദ്ദേശ്യം. ഈ മാസത്തെ യോഗത്തില്‍ പ്രസവാനുകൂല്യം സംബന്ധിച്ച സര്‍ക്കാരിന്റെ പുതിയ തീരുമാനം വിശദീകരിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പരസ്യമാക്കാതെയും താഴെത്തട്ടില്‍ രേഖാമൂലം വിതരണം ചെയ്യാതെയുമാണ് പുതിയ ഉത്തരവ് നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയോ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച വകുപ്പിന്റെയോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഈ വാര്‍ത്ത പാടെ നിഷേധിക്കാനും അധികൃതര്‍ തയ്യാറല്ല.
18 വയസു പ്രായപൂര്‍ത്തി മാനദണ്ഡമാക്കിയും വിവാഹ പ്രായമായും കണക്കാക്കുന്ന സാഹചര്യത്തില്‍ അതിനു ശേഷമുള്ള ഗര്‍ഭധാരണമാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഔദ്യോഗികം. എന്നാല്‍ വിവാഹ പ്രായം 16 ആക്കി കുറയ്ക്കാനുള്ള വിവാദ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസവാനുകൂല്യത്തിന് 18 വയസാകേണ്ടതില്ലെന്ന തീരുമാനം. ഇത് അവിഹിത ഗര്‍ഭ ധാരണത്തെ പോലും പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യ വിപത്തിനു വഴിവെയ്ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം പ്രസവാനുകൂല്യം രണ്ടുതവണ എന്ന വ്യവസ്ഥ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത് ജനസംഖ്യാ വര്‍ദ്ധനവിനെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാവുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ പദ്ധതിയെയും രാജ്യത്തെ ആസൂത്രണത്തേയും അട്ടിമറിക്കുന്നതാകും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: