കൊച്ചി: കണ്ണൂര്‍ നാറാത്ത് ആയുധ പരിശീലനക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തീവ്രവാദികളായ 22 പ്രതികളുടെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. ഒളിവിലുള്ള പ്രതികളായ സനാവുള്ള അസറുദ്ദീന്(20) കെ.വി. അബ്ദുള്‍ ജലീല്‍(25) എന്നിവരുടെ പേരില്‍ കുറ്റപത്രം നല്‍കിയിട്ടില്ല. എന്നാല്‍ ഒളിവിലുള്ള പ്രധാനപ്രതി കമറുദ്ദീനെതിരെ കുറ്റപത്രം നല്‍കിയിട്ടുണ്ട്. 21 പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി തിങ്കളാഴ്ച പൂര്‍ത്തിയാകാനിരിക്കെയാണ് എന്‍ഐഎ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. നാറാത്ത് ആയുധ പരിശീലനത്തിനായി ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ യാസിന് ഭട്കലിന്റെ ബന്ധുവായ സാനുള്ള ഷബന്ദ്രി സാമ്പത്തിക സഹായം നല്‍കിയതിന് തെളിവുകളുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി. നാറാത്ത് കേസിലെ 22ാം പ്രതി നാറാത്ത് സ്വദേശി എ.വി കമറുദ്ദീന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ യാസിന് ഭട്കലിന്റെയും റിയാസ് ഭട്കലിന്റെയും ബന്ധുവായ സാനുള്ളയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചുവെന്നും എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയെന്ന നിലയിലാണ് സാനുള്ള അറിയപ്പെടുന്നത്. ക്യാമ്പു സംഘടിപ്പിക്കാനുള്ള ഫണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അക്കൗണ്ട് വഴിയാണ് സ്വീകരിച്ചത്. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം വേണമെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും എന്‍.ഐ.എ ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാറാത്ത് ആയുധ ക്യാമ്പില്‍ നടത്തിയ പരിശോധനയില്‍ ബോംബുകള്‍, ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) നിര്‍മ്മിക്കാനാവശ്യമായ പൊട്ടാസ്യം ക്ലോറേറ്റ്, അലൂമിനിയം പൗഡര്‍, സര്‍ഫര്‍ എന്നിവയും ഒരു വാള്, തടിയില്‍ നിര്‍മ്മിച്ച മനുഷ്യരൂപങ്ങള്‍, 21 മൊബെയില്‍ ഫോണുകള്‍, വെടിമരുന്ന് തുടങ്ങിയവയും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഒമാന്‍, ഇറാന്, ഖത്തര്‍, സൗദ്യ അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സിയും സായുധ പരിശീലന ക്യാമ്പില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
ഇന്ത്യയില്‍ മുസ്ലിം മതവിശ്വാസികള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ഇതിനെതിരെ ഒരുമിച്ച് നിന്നു പോരാടണമെന്നതുള്പ്പെടെ പ്രകോപനപരമായ പ്രഭാഷണങ്ങള്‍ കേസിലെ ഒന്നാം പ്രതി അബ്ദുള്‍ അസീസ് നടത്തിയതായി നാറാത്ത് കേസിലെ ഒരു സാക്ഷിയുടെ മൊഴിയും കുറ്റപത്രത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
തുടക്കത്തിലെ തീവ്രവാദ ബന്ധം വെളിപ്പെട്ടതിനെത്തുടര്‍ന്ന് കേസ് എന്‍ഐഎ ഏറ്റെടുത്തതിനുശേഷം അന്വേഷണം ഊര്‍ജിതമാക്കി. അതുകൊണ്ടുതന്നെ സംഭവത്തിന് ആറു മാസത്തിനകംതന്നെ എന്‍ഐഎക്ക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: