“കായലരികത്തു വലയെറിഞ്ഞപ്പോള്‍
വളകിലുക്കിയ സുന്ദരി….” എന്നു തുടങ്ങുന്ന പാട്ട് മലയാളികളുടെ സാംസ്കാരികബോധത്തിലും ജീവിതത്തിലും സൃഷ്ടിച്ച ചലനം ചരിത്രപരമാണ്. പാട്ടിറങ്ങി ആറു പതിറ്റാണ്ടായിട്ടും പാട്ടിന്റെ വരികളും ഈണവും തലമുറകളുടെ വ്യത്യാസമില്ലാതെ ഓരോ മലയാളിയുടെയും മനസ്സില്‍ ചലനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
“…..ചേറില്‍ നിന്ന് ബളര്‍ന്നു പൊന്തിയ
ഹൂറിനിന്നുടെ കയ്യിനാല്‍-നെയ്
ച്ചോറു വച്ചതു തിന്നുവാന്‍
കൊതിയേറെയുണ്ടെന്‍ നെഞ്ചിലായ്…”
വരികള്‍ കേള്‍ക്കുമ്പോഴെ താളം പിടിച്ചു തുടങ്ങും. വടക്കേമലബാറിലെ നാട്ടിന് പുറത്തെ സാധാരണക്കാരുടെ ഈണം സിനിമാപാട്ടിലേക്കു വന്നപ്പോള്‍ അത് വിപ്ലവമായിരുന്നു. അതുവരെ കേള്‍ക്കാത്ത ശൈലിയും അനുഭവിക്കാത്ത ഈണവുമായിരുന്നു അത്. നീലക്കുയിലെന്ന സിനിമയും അതിലെ പാട്ടുകളും ചരിത്രത്തിലിടം നേടുന്നതും അങ്ങനെയാണ്. സിനിമയും പാട്ടും നീലക്കുയിലിനു മുമ്പും പിമ്പും എന്ന തരത്തില്‍ വേര്‍തിരിവുണ്ടായി. ഉറൂബിന്റെ കഥയില്‍ പി.ഭാസ്കരനും രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിച്ച നീലക്കുയിലിലെ കാലാതിവര്‍ത്തിയായ പാട്ടുകളുടെ സംവിധായകന് എന്ന നിലയിലാണ് കെ.രാഘവന് രംഗപ്രവേശം ചെയ്യുന്നത്. നീലക്കുയില്‍ ഇറങ്ങുന്നതിനു മുമ്പുവരെ ഹിന്ദി സിനിമയിലെ പാട്ടുകളുടെ ഈണങ്ങള്‍ കടമെടുത്ത് അതിനൊപ്പിച്ച് മലയാളത്തില്‍ പാട്ടെഴുതുകയായിരുന്നു പതിവ്. മലയാളിക്ക് സ്വന്തമായി സംഗിതമുണ്ടെന്നും അതിനനുസരിച്ച് സിനിമാഗാനങ്ങളുണ്ടാകണമെന്നുമുള്ള രാഘവന്മാസ്റ്ററുടെ നിര്‍ബന്ധത്തില്‍ നിന്നാണ് നീലക്കുയിലിലെ ഗാനങ്ങള്‍ പിറന്നത്. മലയാളികളുടെ മനസ്സിലെ സംഗീത സ്വപ്നങ്ങളുടെ കായലരികത്ത്, ഇമ്പമാര്‍ന്ന ഈണങ്ങളുടെ ഇഴയടുപ്പമുള്ള വലയെറിയുകയായിരുന്നു രാഘവന്മാസ്റ്റര്. നീലക്കുയിലും അതിലെ ഗാനങ്ങളും ഒരുപോലെ മലയാളിയെ വിസ്മയിപ്പിച്ചു. കേരളത്തിലുടനീളം നീലക്കുയിലിലെ ഗാനങ്ങള്‍ വലിയ ചലനം സൃഷ്ടിച്ചു. അതിനുമുമ്പുണ്ടായ ചലച്ചിത്രഗാനങ്ങള്ക്കൊന്നും അവകാശപ്പെടാനില്ലാത്ത ബഹുമതിയായിരുന്നു അത്. നീലക്കുയില്‍ മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര സംഭവമായതിനു പിന്നില്‍ അതിലെ പാട്ടുകള്‍ക്ക് വലിയ സ്ഥാനമുണ്ട്.
മാപ്പിളപ്പാട്ടിന്റെ ഇശലാണ് കായലരികത്ത് വലയെറിഞ്ഞപ്പോള്‍…എന്ന പാട്ടിന് രാഘവന്മാസ്റ്റര് സ്വീകരിച്ചത്. സംഗീതത്തില്‍ ഒട്ടും കമ്പമില്ലാത്തവരുടെ മനസ്സില്‍ പോലും താളം പിടിക്കാന്‍ പ്രേരിപ്പിക്കുന്ന ശൈലി. നീലക്കുയിലിലെ പാട്ടുകളുടെ ഈണങ്ങളെല്ലാം അങ്ങേയറ്റം ഗ്രാമീണവും വരികള്‍ കവിതയൂറുന്നതുമായിരുന്നു.
നീലക്കുയിലിനു മുന്നേ രണ്ടു ചിത്രങ്ങളില്‍ രാഘവന്മാസ്റ്റര് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരുന്നു. പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളിയും എസ്.കെ.പൊറ്റക്കാടിന്റെ പുള്ളിമാനും സിനിമയായപ്പോഴായിരുന്നു അത്. എന്നാല്‍ നീലക്കുയില്‍ ഇറങ്ങിയ ശേഷമായിരുന്നു ആ ചിത്രങ്ങള്‍ പുറത്തുവന്നത്. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും ചേര്‍ന്ന ഈണവും വരികളുമാണ് നീലക്കുയിലില്‍ സൃഷ്ടിക്കപ്പെട്ടത്. ഒരു സാധാരണ നാടന്‍ കഥയ്ക്ക് അന്നുവരെ അനുവര്‍ത്തിച്ചു പോന്ന സംസ്കൃത ശ്ലോകങ്ങളുടെയും കീര്‍ത്തനങ്ങളുടെയും ശൈലിയില്‍ ഈണം പകരുന്നത് യോജിക്കില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തനി നാടന്‍ ശൈലി സ്വീകരിച്ചത് അതിനാലാണ്. നാടോടിപ്പാട്ടിന്റെയും കയറുപിരിക്കുന്ന തോഴിലാളി സ്ത്രീകള്‍ പാടുന്ന ഈണങ്ങളുടെയും ശൈലിയാണ് നീലക്കുയിലില്‍ അദ്ദേഹം തെരഞ്ഞെടുത്തത്.
നീലക്കുയില്‍ തീയറ്ററില്‍ കാണാനെത്തിയവര്‍ പാട്ടുപുസ്തകവുമായാണു വന്നത്. മെഴുകുതിരി വെട്ടത്തില്‍ പാട്ടിനൊപ്പം പാട്ടുപുസ്തകം നോക്കി അവര്‍ ഏറ്റുപാടി. ഇപ്പോഴും ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍…’ എന്ന പാട്ടു കേള്‍ക്കുമ്പോള്‍ മലയാളി അറിയാതെ അതിന് ചെവിയോര്‍ക്കും. ചുണ്ടുകള്‍ ഒപ്പം മന്ത്രിക്കും. സിനിമാകൊട്ടകയ്ക്കുള്ളില് വെള്ളിത്തിരയിലെ രൂപങ്ങളുടെ ചലനങ്ങള്‍ക്കൊപ്പം പാട്ടുപുസ്തകം നോക്കി ‘എങ്ങനെ നീ മറക്കും കുയിലെ…’ എന്നു പാടിയ അതേ വികാരത്തോടെയാണ് ഇന്നും നീലക്കുയിലിലെ പാട്ട് ആസ്വദിക്കുന്നതും ഏറ്റുപാടുന്നതും. ജാനമ്മഡേവിഡായിരുന്നു പാട്ടുകാരി. കായലരികത്തു വലയെറിയുമ്പോള്‍…എന്ന പാട്ട് രാഘവന്മാസ്റ്റര് തന്നെ പാടി. കൃഷ്ണകുചേല എന്ന സിനിമയിലെ മായല്ലേ മായല്ലേ രാധേ… എന്ന ശാസ്ത്രീയ ശൈലിയിലുള്ള ഗാനവും പാടിയത് രാഘവന്‍മാസ്റ്ററാണ്.
നീലക്കുയിലിനു ശേഷം രാരിച്ചന്‍ എന്ന പൗരന് ആയിരുന്നു സംഗീതസംവിധാനം ചെയ്ത ചിത്രം. നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം…., പണ്ടുപണ്ടുപണ്ടു നിന്നെ… തുടങ്ങിയ പ്രശസ്തമായ ഗാനങ്ങള്‍ ഈ ചിത്രത്തിലേതാണ്. പിന്നീടുവന്നത് കൂടപ്പിറപ്പ് എന്ന ചിത്രമാണ്. ഇതിലാണ് വയലാര്‍ ആദ്യമായി പാട്ടെഴുതുന്നത്. 1956ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലാണ് തുമ്പി, തുമ്പീ, വാവാ… എന്ന പാട്ടുള്ളത്. പിന്നീടാണ് നായരുപിടിച്ച പുലിവാല്, നീലിസാലി, ഉണ്ണിയാര്‍ച്ച, കൃഷ്ണകുചേല, അമ്മയെകാണാന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ പിറവികൊണ്ടത്.
1963ല്‍ പുറത്തിറങ്ങിയ അമ്മയെകാണാന്‍, റബേക്ക എന്നീ ചിത്രങ്ങളില്‍ എത്തിയപ്പോഴേക്കും രാഘവന്മാസ്റ്ററുടെ സംഗീതം എല്ലാ ഭാവങ്ങളിലൂടെയും വളര്‍ന്ന് ഉച്ചസ്ഥായിയിലെത്തിയിരുന്നു. അമ്മയെകാണാന്‍ എന്ന ചിത്രത്തിലെ എസ്.ജാനകി പാടിയ ഉണരുണരൂ ഉണ്ണിപ്പൂവേ….എന്ന ഗാനം മാറ്റം പ്രതിഫലിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിലെ തന്നെ കൊന്നപ്പൂവേ കിങ്ങിണിപ്പൂവേ…, മധുരപ്പതിനേഴുകാരീ….എന്നീ പാട്ടുകളും റബേക്കയിലെ താലീപ്പീലിക്കാടുകളില്…, കിളിവാതിലില്‍ മുട്ടിവിളിച്ചത്…., ആകാശത്തെക്കുരുവികള്….എന്നീ ഗാനങ്ങള്‍ കാലഘട്ടത്തിന്റെ ദൈര്‍ഘ്യം രാഘവന്മാസ്റ്ററുടെ ഈണങ്ങളില്‍ വരുത്തിയ മാറ്റം പ്രതിഫലിപ്പിക്കുന്നുണ്ട്. നാടോടി സംഗീതത്തിലും നാടന്‍പാട്ടുകളിലും അദ്ദേഹത്തിനുള്ള പ്രാവീണ്യം പാട്ടുകളിലും കാണാം.
രമണനിലെ പാട്ടുകളാണ് പലരും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. കാനനച്ഛായയില്‍…., ഏകാന്തകാമുകാ…, വെള്ളിനക്ഷത്രമേ….ചപലവ്യാമോഹങ്ങള്‍…. തുടങ്ങിയ പാട്ടുകളില്‍ നാടന്‍ പാട്ടിന്റെ ശൈലി വ്യക്തമാണ്.
മലയാളത്തിലെ മികച്ച സംഘഗാനങ്ങളും രാഘവന്മാസ്റ്ററുടേതാണ്. പുന്നപ്രവയലാര്‍ എന്ന ചിത്രത്തിലെ “അപ്പോഴും പറഞ്ഞില്ലെ…”, ആദ്യ കിരണങ്ങളിലെ “ഭാരതമെന്നാല്‍ പാരിന് നടുവിലെ….”, നീലക്കുയിലിലെ “ജിഞ്ചക്കന്താരോ…” എന്നീ ഗാനങ്ങള്‍ ഉദാഹരണങ്ങളാണ്. പ്രണയഗാനങ്ങളുടെ പട്ടികയില്‍ മലയാളി എന്നും മനസില്‍ സൂക്ഷിക്കുന്ന മഞ്ജുഭാഷിണീ…., അമ്പലപ്പുഴ വേലകണ്ടൂ ഞാന്‍…, മധുരപ്പതിനേഴുകാരീ…, അനുരാഗക്കളരിയില്‍…., മഞ്ഞണിപ്പൂനിലാവ്…, മാനത്തെക്കായലില്‍…,സ്വപ്നമാലിനീ… എന്നീ പാട്ടുകള്‍ മലയാളിയുടെ മനസ്സില്‍ പണയം പുഷ്പിക്കുന്നവയാണ്. ശ്യാമസുന്ദര പുഷ്പമേ….എന്ന യുദ്ധകാണ്ഡത്തിലെ പാട്ട് എക്കാലത്തെയും വിഷാദഗാനമാണ്. കള്ളിച്ചെല്ലമ്മയിലെ “കരിമുകില്‍ കാട്ടിലെ….”, തുറക്കാത്ത വാതിലിലെ “പാര്‍വ്വണേന്ദുവിന്‍ ദേഹമടക്കി…”, ഉമ്മാച്ചുവിലെ “ഏകാന്തപഥികന് ഞാന്‍…”, ദേവദാസിലെ “എന്റെ സുന്ദര സ്വപ്ന മയൂഖമെ….” എന്നിവയൊക്കെ കെ.രാഘവന്റെ വിഷാദഗാനങ്ങളുടെ പട്ടികയിലുള്ളവയാണ്.
തമാശ പാട്ടുകളുടെ ട്രെന്‍ഡ് മലയാള സിനിമാ സംഗീതത്തില്‍ തുടക്കമിട്ടതും അദ്ദേഹമാണ്. കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം…, ഹാലുപിടിച്ചൊരു പുലിയച്ചന്…, എന്തിനിത്ര പഞ്ചസാര…., നയാപൈസയില്ല…, ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ….തുടങ്ങിയ പാട്ടുകള്‍ രാഘവ ഈണങ്ങളാണ്.
പ്രഗത്ഭരായ പലഗായകരെയും അവതരിപ്പിച്ചതും രാഘവന് മാസ്റ്ററാണ്. ഉദയഭാനു, ബ്രഹ്മാനന്ദന്, ഗായത്രീകൃഷ്ണന്, വി.ടി.മുരളി തുടങ്ങിയവര്‍ രാഘവന് മാസ്റ്ററുടെ ഈണം പാടി പാട്ടുകാരായവരാണ്. അറുപതുകളില്‍ സിനിമയ്ക്കൊപ്പം നാടകവും ജനകീയ കലയായി വളര്‍ന്നിരുന്നു. കെപിഎസിയായിരുന്നു അതില്‍ മുന്നില്‍. നാടകഗാനങ്ങളും അക്കാലത്ത് ജനങ്ങള്‍ ഏറ്റെടുക്കുകയും പ്രശസ്തമാകുകയും ചെയ്തു. കെപിഎസിയുടെ അശ്വമേധം എന്ന പ്രശസ്തനാടകത്തിലെ ഗാനങ്ങള്‍ രാഘവന്മാസ്റ്റര് ചിട്ടപ്പെടുത്തി. പാമ്പുകള്‍ക്കു മാളമുണ്ട്…, തലയ്ക്കുമീതെ ശൂന്യാകാശം… എന്നീ അശ്വമേധത്തിലെ ഗാനങ്ങള്‍ സിനിമാ പാട്ടുകളേക്കാള്‍ പ്രശസ്തമായവയാണ്. ചലച്ചിത്ര സംഗീതത്തിനും നാടകഗാനങ്ങള്‍ക്കും ഒപ്പം ആകാശവാണിയിലൂടെ ലളിതസംഗീതത്തിന്റെ ശക്തമായ സരണി സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
മലയാളിക്ക് ഗ്രാമീണമെന്നും കേരളീയമെന്നും പറയാവുന്നഒരു ചലച്ചിത്രഗാന പൈതൃകം സമ്മാനിച്ചു എന്നതാണ് മലയാള സിനിമാഗാനങ്ങളുടെ ചരിത്രത്തില്‍ കെ.രാഘവനുള്ള സ്ഥാനം. മലയാളിയുടെ ബോധത്തിനും സ്വന്തമായ സംസ്കാരത്തിനും ഇണങ്ങുന്ന നിരവധിഗാനങ്ങള്‍ രാഘവന്മാഷിന്റെ ഈണത്തില്‍ ഉണ്ടായി. നിരവധി പുരസ്കാരങ്ങള്‍ രാഘവന് മാഷിനെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ പുരസ്കാരത്തിനും മേലെയാണ് അദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളിയുടെ ഓര്‍മ്മയില്‍ എന്നും ഉണ്ടാകും എന്നത്.
“…..കുടവുമായ് പുഴക്കടവില്‍ വന്നെന്നെ
തടവിലാക്കിയ പൈങ്കിളീ
ഒടുവിലീയെന്നെ സങ്കടപ്പുഴ
നടുവിലാക്കരുതീക്കളീ…”
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: