ന്യൂദല്‍ഹി: സവാള വില ഉയര്‍ന്നതിനു സര്‍ക്കാരിനെ താഴെയിറക്കിയവരാണ് ദല്‍ഹിക്കാര്‍. അത്രയെളുപ്പം അവര്‍ ആരെയും വിശ്വസിക്കില്ല. ഒരിക്കല്‍ വിശ്വാസം നേടിക്കഴിഞ്ഞാല്‍ രക്ഷപ്പെട്ടു. മൂന്നുവട്ടം രാജ്യതലസ്ഥാനം ഭരിച്ച ഷീലാദീക്ഷിത് തന്നെ ഉദാഹരണം. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന ജനവിരുദ്ധ ഭരണത്തിന്റെ മടുപ്പ് ദല്‍ഹി നിവാസികള്‍ പ്രകടിപ്പിച്ചു തുടങ്ങിയതോടെ സംസ്ഥാനം കൈവിടുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. വീണ്ടും ഷീലാ ദീക്ഷിതിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കി പ്രചാരണം ആരംഭിച്ചെങ്കിലും പഴയപോലെ അവര്‍ക്ക് ശോഭിക്കാനാവുന്നില്ലെന്ന് വ്യക്തം.
വെല്ലുവിളി ഇത്തവണ ബിജെപിക്കു തന്നെയാണ്. ദല്‍ഹിയില്‍ ഭരണം പിടിച്ചെടുക്കുകയെന്നത് തീരുമാനിച്ചുറച്ചു കഴിഞ്ഞു. ഷീലാ ദീക്ഷിത് മാത്രമായിരുന്നു ആദ്യം ഭീഷണിയെങ്കില്‍ ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ഇപ്പോള്‍ തലയ്ക്കു മുകളിലുണ്ട്. പക്ഷേ ജയിക്കാനായി നിശ്ചയിച്ച് കളത്തിലിറങ്ങുമ്പോള്‍ നല്ല എതിരാളികളെത്തന്നെ വേണമെന്ന പക്ഷക്കാരനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയ് ഗോയല്‍. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലത്ത് അവരുടെ മൂക്കിനു താഴെ ദല്‍ഹി യൂണിവേഴ്സിറ്റി ഭരണം പിടിച്ചെടുത്ത് പ്രസിഡന്റായ പാരമ്പര്യമുണ്ട് വിജയ് ഗോയലിന്.
കോണ്‍ഗ്രസിന്റെ കയ്യില്‍നിന്നും ചാന്ദ്നിചൗക്ക് പോലുള്ള ലോക്സഭാ സീറ്റ് രണ്ടുവട്ടം തട്ടിയെടുത്തതിന്റെ മിടുക്കും ഗോയലിനുതന്നെ. മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട, മാധ്യമങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന, ജനാധിപത്യ സമ്പ്രദായത്തില്‍ യാതൊരു അടിത്തറയും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആം ആദ്മി പാര്‍ട്ടിയെ ഭയക്കാന്‍ എന്തായാലും വിജയ് ഗോയലിനു മനസ്സില്ല. മത്സരം ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലാണെന്ന് ഉറപ്പിച്ചു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യവുമില്ല ദല്‍ഹി ബിജെപി പ്രസിഡന്റിന്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധങ്ങളേപ്പറ്റിയും പ്രവര്‍ത്തന രീതിയേപ്പറ്റിയും അദ്ദേഹം ജന്മഭൂമിയോട് സംസാരിച്ചു.
ദല്‍ഹിയിലെ ഷീലാ ദീക്ഷിത് സര്‍ക്കാരിന്റെ പരാജയം മാത്രമല്ല ബിജെപിക്കു രാജ്യതലസ്ഥാനത്തെ വോട്ടര്‍മാരോട് പറയാനുള്ളത്. അതു വികസനത്തിന്റെ കൂടി ഭാഷയാണ്. ഭരണത്തിലേറിയാല്‍ ചെയ്തു തീര്‍ക്കാന്‍ വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞ കാര്യങ്ങള്‍ മാത്രമേ ബിജെപി വോട്ടര്‍മാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നുള്ളൂ, വിജയ് ഗോയല്‍ പറയുന്നു. ദല്‍ഹി പോലൊരു നഗരം ആഗ്രഹിക്കുന്ന തരത്തിലുള്ള,അര്‍ഹിക്കുന്ന തലത്തിലുള്ള വികസന പദ്ധതികളാണ് നടപ്പാക്കുക. ഇതിന്റെ ഭാഗമായി ജനങ്ങളില്‍നിന്നും നേരിട്ട് അവരുടെ ആവശ്യങ്ങളേപ്പറ്റി ചോദിച്ചറിയുന്ന കാമ്പയനിംഗാണ് സംസ്ഥാനമെങ്ങും നടന്നു കൊണ്ടിരിക്കുന്നത്.
‘ഘര്‍ ഘര്‍ ബിജെപി’ എന്ന പേരില്‍ ആരംഭിച്ച പ്രചാരണം സംസ്ഥാനത്തെ 70 നിയമസഭാ സീറ്റുകളിലെ 280 മണ്ഡലതലത്തിലാണ് പാര്‍ട്ടി നടത്തുന്നത്. മഹാനഗരത്തിലെ എല്ലാ വീടുകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ടെത്തി അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുന്നതാണ് പദ്ധതി. നാളെ സമ്പര്‍ക്ക പരിപാടി അവസാനിക്കുമ്പോള്‍ അടുത്ത റൗണ്ട് ഇലക്ഷന് പ്രചാരണം പൂര്ത്തിയാക്കിക്കഴിയും. ഒരു മുതര്‍ന്ന ബിജെപി പ്രവര്‍ത്തകനും മറ്റു രണ്ടു പ്രവര്‍ത്തകരും അടങ്ങുന്ന ഒരു ഗ്രൂപ്പ് 20 വീടുകളിലാണ് സമ്പര്‍ക്കം നടത്തുന്നത്. ഇത്തരത്തില്‍ അയ്യായിരത്തിലധികം ഗ്രൂപ്പ് പ്രവര്‍ത്തനത്തിലുണ്ട്. വീടുകളിലെത്തുന്ന പ്രവര്‍ത്തകര്‍ ബിജെപിയുടെ ആശയപ്രചാരണത്തിനൊപ്പം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിന്റെ ഉദാഹരണങ്ങളും അവരെ ബോധ്യപ്പെടുത്തുന്നുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പറയാന്‍ വിഷയങ്ങളുടെ അവസാനിക്കാത്ത പട്ടികയാണ് വിജയ് ഗോയല്‍ നിരത്തുന്നത്. വൈദ്യുതി,വെള്ളം,സ്ത്രീകളുടെ സുരക്ഷ,ആരോഗ്യം,ശുചിത്വം,റോഡുകള്‍,വിദ്യാഭ്യാസം ഇങ്ങനെ പ്രശ്നങ്ങളുടെ ലിസ്റ്റ് നീളുന്നു. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് ദല്‍ഹിയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജീവിതസാഹചര്യങ്ങളില്‍ വികാസമുണ്ടാകുന്ന തരത്തിലുള്ള ഭരണമായിരിക്കും ബിജെപി അധികാരത്തിലേറിയാല്‍ നടത്തുകയെന്നും വിജയ്ഗോയല്‍ പറയുന്നു. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ രാജ്യവികസനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ മധ്യവര്‍ഗ്ഗത്തിനു നിര്‍ണ്ണായക സ്വാധീനവും ഭൂരിപക്ഷവുമുള്ള ദല്‍ഹിയില്‍ കൊണ്ടുവരുന്ന വിജയത്തിനാകുമെന്നാണ് പ്രതീക്ഷ. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ജനലക്ഷങ്ങള്‍ പങ്കെടുത്ത രോഹിണിയില്‍ നടന്ന റാലി,വിജയ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
ഇനി കണക്കുകളിലേക്ക് പോയി നോക്കാം. നിലവില്‍ 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 43 സീറ്റുള്ളപ്പോള്‍ പ്രതിപക്ഷമായ ബിജെപിക്ക് 23 സീറ്റുകളാണുള്ളത്. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ വലിയ വത്യാസമില്ലെന്നതാണ് സത്യം. 2008 അവസാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 40.31% വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചപ്പോള്‍ 36.34% വോട്ടുനേടി ബിജെപി തൊട്ടുപിന്നാലെതന്നെയുണ്ടായിരുന്നു. പത്തിലധികം മണ്ഡലങ്ങളില്‍ നേരിയ മാര്‍ജ്ജിനിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകേറിയത്. ഇത്തവണ ബിജെപി 40 ശതമാനത്തിലധികം വോട്ട് നേടുമെന്നാണ് ഇതുവരെയുള്ള കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് 32 ശതമാനത്തിലേക്കും താഴുമ്പോള്‍ ആം ആദ്മി പാര്‍ട്ടി വെറും 6 ശതമാനം വോട്ടുമാത്രമേ നേടു എന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ തനിച്ചു 37 ശതമാനത്തിലധികം വോട്ടു നേടുമെന്ന സര്‍വ്വേയുമായി ആംആദ്മി പാര്‍ട്ടി രംഗത്തുണ്ട്. ആരേയും വിശ്വാസത്തിലെടുക്കാത്ത മധ്യവര്ഗ്ഗവോട്ട് ഒറ്റയടിക്ക് ഇത്രയധികം നേടിയെടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്ന അംആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ഫലത്തെ അതിജീവിക്കാനാവുമോ എന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. വിദേശ ധനസഹായം തങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്നു സമ്മതിച്ച അവര്‍ മാധ്യമങ്ങളുടെ സഹായത്താല്‍ ശക്തമായി മത്സരരംഗത്തുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടെന്ന് മാത്രം. കോണ്‍ഗ്രസിന്റെ സാമ്പത്തികസഹായമാണ് ആംആദ്മി പാര്‍ട്ടിയുടെ കോടികള്‍ മുടക്കിയുള്ള പ്രചാരണത്തിനു പിന്നിലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഭരണവിരുദ്ധ വികാരത്തെ സമര്‍ത്ഥമായി വിഭജിക്കുന്നതിലൂടെ വീണ്ടും ഇന്ദ്രപ്രസ്ഥം ഭരിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ജനകീയ വിഷയങ്ങളിലെ സജീവ ഇടപെടലിലൂടെ ബദല്‍ എന്നതു ബിജെപി മാത്രമാണെന്ന യാഥാര്‍ത്ഥ്യം ദല്‍ഹി നിവാസികളില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഡിസംബര്‍ 4ന് വോട്ടിംഗ് ബൂത്തുകളില്‍ മധ്യവര്ഗ്ഗമനസ്സ് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പ്രതിഫലിച്ചാല്‍ ഇന്ദ്രപ്രസ്ഥത്തില്‍ വീണ്ടും താമര വിരിയും.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: