കൊച്ചി: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി.തോമസ്. മൂന്നു മാസത്തേക്കാവശ്യമായ ഭക്ഷ്യധാന്യം സംഭരിച്ചു വയ്ക്കുന്നതിന് ബ്ലോക്ക് തലത്തില്‍ ചെറിയ സംഭരണശാലകള്‍ നിര്‍മിക്കാനും പദ്ധതി വിഭാവന ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ദാരിദ്ര്യ ലഘൂകരണ യൂണിറ്റിന്റെ ജില്ലാതല വിജിലന്‍സ് -അവലോകന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് സംഭരണശാലകള്‍ നിര്‍മിക്കുക. ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണവും പദ്ധതി അവലോകനവും മുന്‍ഗണന നിശ്ചയിക്കലും പഞ്ചായത്തുകള്‍ക്കായിരിക്കും. ഓരോ ബ്ലോക്കിലുമുളള വിതരണകേന്ദ്രങ്ങളുടെ എണ്ണത്തിനനുസൃതമായ സൗകര്യമുളള സംഭരണ കേന്ദ്രങ്ങളാകും നിര്‍മിക്കുക. ഇതിനാവശ്യമായ സ്ഥലം സര്‍ക്കാര്‍ നല്‍കണം. ഇതിനുളള ചെലവ് 60 ശതമാനം പണമായും 40 ശതമാനം ഭക്ഷ്യധാന്യമായും വിതരണം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ തീരദേശം കൂടുതലായുളള പഞ്ചായത്തുകളില്‍ കടല്‍ഭിത്തിക്കു പുറമെ കണ്ടല്‍ക്കാട് വച്ചുപിടിപ്പിക്കുന്നതിനുളള നിര്‍ദേശം പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. ദ്വീപസമൂഹങ്ങള്‍ കൂടുതലായുളള മേഖലകളില്‍ കണ്ടല്‍ക്കാട് ഒരു അധിക സംരക്ഷണമാകും. ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താന്‍ മന്ത്രി നിര്‍ദേശം നല്കി.
ഈ സാമ്പത്തിക വര്‍ഷം കഴിഞ്ഞ 10 വരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 20.41 കോടി രൂപ ചെലവഴിച്ച് 11.04 ലക്ഷം തൊഴില്‍ ദിനം സൃഷ്ടിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത്.
ഈ സാമ്പത്തിക വര്‍ഷം വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടു റോഡുകളുടെയും ഒരു പാലത്തിന്റെയും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തില്‍ മൂന്നു റോഡുകളുടെയും നിര്‍മാണം പി.എം.ജി.എസ്.വൈ പദ്ധതിയില്‍ പൂര്‍ത്തിയാക്കി. മുളന്തുരുത്തി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്തുകളിലായി മൂന്നു റോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. എട്ടാംഘട്ടത്തിലുളള 27 റോഡുകളുടെ നിര്‍മാണത്തിനായി രണ്ടാമതും ദര്‍ഘാസ് ക്ഷണിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. യോഗത്തില്‍ എം.എല്‍.എ മാരായ ലൂഡി ലൂയിസ്, ടി.യു.കുരുവിള, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്‍.വിനോദിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: