പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനായി ആയിരത്തിത്തൊള്ളായിരത്തി എഴുപതിലാണ് ഞാന്‍ കോഴിക്കോട്ടെത്തിയത്. വൈഎംസിഎ ക്രോസ് റോഡിലായിരുന്നു ഞങ്ങളുടെ ഓഫീസ്. അതേ റോഡിലായിരുന്നു രാഘവന് മാഷിന്റെ വാസവും. ആ റോഡില്വച്ചുതന്നെയാണ് മാഷിനെ ആദ്യമായി കാണുന്നതും. ജുബ്ബയുടെ കൈകള്‍ മടക്കാതെയും തേയ്പിന്റെ മടക്കുകള്‍ ഉടയാതെയുമുള്ള രൂപം കണ്ടപ്പോള്‍തന്നെ, ഫോട്ടോകളിലൂടെ പരിചിതമായ മുഖം മനസ്സില്‍ പതിഞ്ഞിരുന്നതു കാരണം ആദ്യദര്ശനത്തില്ത്തെന്ന അത് രാഘവന്മാഷാണെന്ന് ആരും പറഞ്ഞുതരേണ്ടിവന്നില്ല. ഓഫീസിലേക്ക് പോകുമ്പോഴും ഓഫീസില്‍നിന്ന് മടങ്ങുമ്പോഴും മിക്കവാറും ദിവസങ്ങളില്‍ എതിര്‍ദിശയില്‍ മാഷിന്റെ ദര്‍ശനം ലഭിക്കുമായിരുന്നു.
‘കുയിലിനെത്തേടി കുയിലിനെത്തേടി
കുതിച്ചുപായും മാരാ
പട്ടുകുപ്പായക്കാരാ……’
എന്ന വരികയാണ് മനസ്സിലെത്തുക. ഈ കുപ്പായം കണ്ടിട്ടായിരിക്കും ഭാസ്കരന്മാഷ് അങ്ങനെ എഴുതിയതെന്ന കുസൃതിയാര്‍ന്ന ഒരു ചിന്തയ്ക്കും പ്രേരകമായി. മാത്രമല്ല, ‘കുപ്പായക്കാരാ…..’ എന്നു കഴിഞ്ഞ് ഈണത്തില്‍ വരുന്ന ബ്രേക്ക് സ്വന്തം കുപ്പായമോര്ത്തിട്ടാവാമെന്നും ചിന്തിക്കുവാന്‍ ആ കുസൃതി പ്രേരിപ്പിച്ചു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളെഴുതിയുള്ള എന്റെ അല്പപ്രശസ്തിവെച്ചു മാഷിനെ പരിചയപ്പെടാനുള്ള ധൈര്യം ലഭിച്ചില്ല. ബാല്യകാലത്തു കേട്ട പാട്ടിന്റെ ഗായകനെ, ആരാധ്യനായ സംഗീതസംവിധായകനെ പല ദിവസങ്ങളിലും നേരിട്ടുകാണുവാന്‍ കഴിയുന്നതുതന്നെ ഭാഗ്യമായി കരുതി.
കവിതാരചനയോടൊപ്പം ഗാനരചനയും നിര്‍വഹിച്ചിരുന്ന ആ കാലത്ത് മാഷിന്റെ സംഗീതത്തില്‍ ആകാശവാണിയിലൂടെ എന്റെ ഗാനങ്ങളും വന്നെങ്കില്‍ എന്ന ആഗ്രഹം സഫലമാകുവാനുള്ള മാര്‍ഗ്ഗം കാണാതെ ദിവസങ്ങള്‍ കടന്നുപോയി.
കിഴക്കേ നടക്കാവില്‍ ഒരു ‘ഭാര്‍ഗ്ഗവീനിലയ’ത്തിലാണ് ഞാനന്ന് താമസിച്ചിരുന്നത്. വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്നവരായിരുന്നു അവിടത്തെ അന്തേവാസികള്‍. അങ്ങനെ പരസ്പരം ഓഫീസ് സൗഹൃദസന്ദര്‍ശനം ഞങ്ങള്‍ നടത്താറുണ്ട്. സഹവാസിയും എന്റെ ഒരഭ്യൂദയകാംക്ഷിയുമായ ഖാദര്‍ ആലി എന്നൊരു സെയില്‍സ് ടാക്സ് ഓഫീസറുടെ കൂടെ അദ്ദേഹത്തിന്റെ ഓഫീസ് സന്ദര്‍ശിക്കുകയും അവിടത്തെ മറ്റൊരാഫീസറായ മുഹമ്മദ് കോയയെ പരിചയപ്പെടുകയും ചെയ്തു.
ഖാദര്‍ അലിയിലൂടെ എന്നെകുറിച്ച് നേരത്തെ അറിയാവുന്ന അദ്ദേഹം ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായ കെ.എം.കെ. കുട്ടിസാഹിബുമായി അടുപ്പമുണ്ടെന്നും അദ്ദേഹത്തെ പരിചയപ്പെടുത്താമെന്നും പറഞ്ഞു. അങ്ങനെ കുട്ടി സാഹിബിനെ പരിചയപ്പെടുത്തുകയും മൂന്നുപാട്ട് കൊടുക്കുകയും ചെയ്തു. അധികം വൈകാതെ ആകാശവാണിയില്‍നിന്നും ഒരു കോണ്ട്രാക്റ്റ് ലഭിച്ചു. അതിന്റെ സംഗീതം കമ്പോസറായ കുഞ്ഞിരാമന് മാഷായിരുന്നു. രാഘവന്മാഷിനെ ബന്ധപ്പെടുവാന്‍ ആ ഗാനങ്ങളിലൂടെ കഴിഞ്ഞില്ലെങ്കിലും അതിനുള്ള വാതില്‍ തുറന്നുകിട്ടിയതില്‍ ആഹ്ലാദിച്ചു.
കുറച്ചുനാള്‍ കഴിഞ്ഞ് ആകാശവാണിയില്‍ നിന്ന് ഒരു കത്തുവന്നു. ഓണം പ്രമാണിച്ച് ക്ഷണിക്കപ്പെട്ട സദസ്സിനുമുന്‍പില്‍ അവതരിപ്പിക്കുന്ന ലളിതഗാന പരിപാടിക്കുവേണ്ടി ഒരു പാട്ടെഴുതണമെന്നും അതിനു മുന്നോടിയായി കെ. രാഘവനെ മീറ്റ് ചെയ്യണമെന്നുമായിരുന്നു കത്ത്. അങ്ങനെയാണ് മാഷുമായുള്ള ആദ്യ മിറ്റീംഗ്.
‘നിറകതിര്‍ താലം കൊണ്ടു
നിലാവിറങ്ങി
നിന്റെ വീണാസ്വരം കേട്ടു
പ്രിയസഖീ ഞാനുറങ്ങി…’
എന്ന ഗാനം മാഷിന്റെ സംഗീതസംവിധാനത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിനുമുന്‍പില്‍ അന്നു പാടിയത് ബ്രഹ്മാനന്ദനായിരുന്നു. ‘മാനത്തെ കായലി’ന്റെ മാധുര്യം നിറഞ്ഞുനിന്ന കാലമായിരുന്നു അത്.
‘നിറകതിര്‍ താലം’ പിന്നെ റേഡിയോയില്‍ പല പ്രാവശ്യം പ്രക്ഷേപണം ചെയ്യുകയും മാഷിന്റെ ശബ്ദത്തില്‍ സംഗീതപാഠത്തിലൂടെ ശ്രദ്ധേയമാവുകയും ചെയ്തതിലൂടെയാണ് ഗാനരചയിതാവെന്ന നിലയില്‍ കോഴിക്കോട്ടു നിന്ന് എനിക്ക് ലഭിച്ച പ്രഥമ അംഗീകാരം. തുടര്‍ന്ന് മാഷിന്റെ സംഗീത സംവിധാനത്തില്‍ എന്റെ നിരവധി ഗാനങ്ങള്‍ ആകാശവാണിയിലൂടെ ശ്രദ്ധേയങ്ങളായി. ഇതിനകം രാഘവന്മാഷുമായി നല്ലൊരുബന്ധം സ്ഥാപിക്കുവാനും കഴിഞ്ഞു. പിന്നെ ചില പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് ഗാനങ്ങളെഴുതുവാനുള്ള അവസരങ്ങളുണ്ടായി. ആകാശവാണിയില്‍ വന്ന ഗാനങ്ങളും അക്കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വന്ന കവിതകളും ഐ.വി. ശശി- ഷെരീഫ്മാരോടുള്ള കാനേഷ് പൂനൂരിന്റെ ശക്തമായ ശുപാര്‍ശയുമാണ് എന്നെ ചലച്ചിത്രവേദിയിലെത്തിച്ചത്. കവിത എന്ന ചിത്രത്തിലൂടെ ഷെരീഫിന്റെ തിരക്കഥയില്‍ വിജയനിര്‍മ്മല സംവിധാനം ചെയ്ത ചിത്രത്തിന്റെ കലാസംവിധായകനും സഹസംവിധായകനും ഐ.വി. ശശിയായിരുന്നു. സംഗീത സംവിധാനം രാഘവന്മാഷിനെക്കൊണ്ടു നിര്വഹിപ്പിക്കണമെന്നും അതിനുവേണ്ടി ഞാന്‍തന്നെ മാഷോടു സംസാരിക്കണമെന്നും പിന്നീട് ശശി ബന്ധപ്പെട്ടുകൊള്ളാമെന്നും പറഞ്ഞതനുസരിച്ചു ഞാനും കാനേഷ് പുനൂരുമാണ് മാഷുമായി സംസാരിക്കാന്‍ പോയത്. മാഷ് സന്തോഷം അത് സമ്മതിക്കുകയും എനിക്കൊരു പ്രവേശം കിട്ടുന്നതിലുള്ള ആഹ്ലാദം പ്രകടിപ്പിക്കുകയും അനുമോദിക്കുകയും ചെയ്തു. അതിലെ പാട്ടുകള്‍ ഭാസ്കരന്‍മാഷും മുഖ്യകഥാപാത്രമായ കവയത്രിക്കുവേണ്ടിയുള്ള കവിതകള്‍ ഞാനുമാണ് എഴുതിയത്.
‘പിന്നെയും വാല്മീകങ്ങളുയര്ന്നു, നൂറ്റാണ്ടിന്റെ
കിന്നര പ്രകാണ്ഡത്തില് മാനിഷാദകള്‍ പൂത്തു’
എന്ന ശീര്ഷകകവിതയും നാലോ അഞ്ചോ കവിതാ ശകലങ്ങളുമാണ് ഞാനെഴുതിയത്.
പതിനാലാം രാവ്, മലങ്കാറ്റ്, തീരാത്തബന്ധങ്ങള്, തിര, ഈ യുഗം കലിയുഗം എന്നീ ചിത്രങ്ങളിലായി ‘അഹദോന്റെ തിരുനാമം….’, മണവാട്ടി കരംകൊണ്ടു മുഖം മറച്ചു….’, കറുമ്പിമലയില്….’, ചുവന്ന പ്രകൃതി…’, ‘ഉദയം നമുക്കിനിയും അകലെ..’ ‘എന്തേ ഒരു മൗനം…’, ‘സായംസന്ധ്യമേയും തീരം’, ‘എടി, എന്തെടി രാജമ്മാ….’, ‘ആടകള്‍ ഞൊറിയും…’ ‘എന്തുനല്കാന് അനുജത്തീ…’ തുടങ്ങിയ ഗാനങ്ങള്‍ പാടിപ്പതിഞ്ഞതിന് രാഘവന് മാഷോടു കടപ്പെട്ടിരിക്കുന്നു.
സംഗീതത്തിന്റെ ചിട്ട ജീവിതത്തിലും പകര്‍ത്തിയ സംഗീതജ്ഞനാണ് രാഘവന്മാഷ്. മാഷിനെ സംബന്ധിച്ചു വാക്കും പ്രവൃത്തിയും ഒന്നാണ്.
ശാസ്ത്രീയസംഗീതത്തിലെ അവഗാഹപ്രകടനമില്ലാതെ തിരുവിതാംകൂര്‍ കൊച്ചി-മലബാറുകളെ ഒന്നാക്കിയ സംഗീതകാരനെന്നു മാത്രമല്ല, മാപ്പിളപ്പാട്ടിന്റെയും നാടന്‍ പാട്ടിന്റെയും നറുമാധുര്യം മലയാളസിനിമയില്‍ ആദ്യമായി പകര്‍ന്ന ഗായകനും സംഗീതസംവിധായകനും അദ്ദേഹമാണ്. മാഷിന്റെ സംഗീതം ഒരു ധ്യാനത്തിന്റെ അനന്തരഫലമാണ്. മാറ്റിയും മറിച്ചും പാടിപ്പാടി സ്ഫുടംചെയ്ത് സ്വയം തൃപ്തിവന്നതിനുശേഷമേ അദ്ദേഹം മറ്റുള്ളവരെ കേള്‍പ്പിക്കൂ.
കമ്പോസിങ്ങ് എന്ന പദം മാഷിന്റെ സംഗീതപുസ്തകത്തിലില്ല. കമ്പോസിങ്ങിന് അദ്ദേഹം കൊടുത്തിട്ടുള്ള വാക്ക് ‘ഫിറ്റിംഗ്’ എന്നാണ്. അതില്‍നിന്ന് വ്യത്യസ്തമായി പ്രഭാതത്തില്‍ പൊട്ടിവിരിയുന്ന നറുമലരുകളാണ് മാഷിന്റെ പാട്ടുകള്‍. ആകാശവും ഭൂമിയും കുങ്കുമം ചാര്ത്തുന്നതിനുമുന്പാണ് മാഷിന്റെ ഗാനസൃഷ്ടി. അതുകൊണ്ടുതന്നെയാണ് ആ പാട്ടുകള്‍ മഞ്ഞുതുള്ളിപോലെ, മുല്ലമലര്‍പോലെ നിര്മ്മലമായിരിക്കുന്നതും.
റിക്കോര്‍ഡിംഗിനു മുന്‍പായി ഗാനം സ്വന്തം കയ്യക്ഷരത്തിലാക്കി അതിനുമുകളില്‍ തമിഴക്ഷരങ്ങളില്‍ നൊട്ടേഷനുമെഴുതി ഒരു റൈറ്റിങ്ങ് പാഡില്വെച്ച് മാഷ് റിക്കോര്‍ഡിംഗ് തിയേറ്ററിലെത്തുമ്പോള്‍ ഒരു പരീക്ഷാഹാളിലെത്തുന്ന വിദ്യാര്‍ത്ഥിയുടെ ചിത്രമാണ് മുന്പില് വരിക. പാട്ടേഴുതിയ ആ പേപ്പറുകള്തന്നെ കൗതുകമുണര്‍ത്തുന്നവയാണ്. അതുനോക്കി സാഹിത്യവും സംഗീതവും തെറ്റാതെ പാടിക്കേള്ക്കുന്നതും സുഖജന്യമാണ്. പക്ഷേ, ഒരു കുഴപ്പംമാത്രം. മാഷ് പാടുന്നതുകേട്ടു കഴിഞ്ഞാല്‍ മറ്റാരുപാടിയാലും ആ സുഖം വേറിട്ടുതന്നെനില്ക്കും. അന്നു കേട്ട ആ പാട്ടുകള്‍ മതി രാഘവന് മാസ്റ്ററെ എക്കാലവും മനസ്സിലോര്‍ത്തു വയ്ക്കാന്‍.
പൂവച്ചല്‍ ഖാദര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: