അഞ്ചാലുംമൂട്: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണം തടയാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് കാര്യകാരി സദസ്യന്‍ സികെ. ചന്ദ്രബാബു പറഞ്ഞു. അറുപത് വര്‍ഷം നീണ്ടുനിന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ അത് ശ്രീരാമജന്മഭൂമി തന്നെയെന്ന് അസന്നിഗ്ധമായ വിധി പ്രഖ്യാപനമുണ്ടായിട്ടും രാമക്ഷേത്രനിര്‍മാണത്തിനെതിരെ രാഷ്ട്രീയ കക്ഷികള്‍ രംഗത്തിറങ്ങുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തില്‍ വാത്മീകി ജയന്തിയോടനുബന്ധിച്ചു തൃപ്പനയം ദേവിക്ഷേത്ര സന്നിധിയില്‍ നടന്ന ശ്രീരാമ ഭക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സി.കെ. ചന്ദ്രബാബു.
ശ്രീരാമ ജന്മഭൂമിയില് രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഹിന്ദുസമൂഹം തനമനധനാദികള്‍ സമര്‍പ്പിച്ച് ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു. രാമജന്മഭൂമി ഹിന്ദുക്കളുടെതാണ് എന്ന് വ്യക്തമായി തെളിഞ്ഞിട്ടും അത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാതെ നീതി നിഷേധിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. കോടാനുകോടി ഹിന്ദുക്കളുടെ വിശ്വാസത്തെ മുറിവേല്‍പ്പിച്ച് ഭൂമി തുരന്നും ഗവേഷണം നടത്തിയും കോടതികള്‍ കയറിയിറങ്ങിയും കാലം കഴിച്ചവര്‍ക്ക് ചരിത്രവും ശാസ്ത്രവും നിയമവും വ്യക്തമായ മറുപടി നല്കി ക്കഴിഞ്ഞു. അയോധ്യയിലെ രാമക്ഷേത്രം ദേശീയ സ്വാഭിമാനത്തിന്റെ പ്രതീകമാണ്. സ്വാതന്ത്ര്യം നേടിയ ഒരു രാഷ്ട്രം ഇനിയും അടിമത്തത്തിന്റെ സ്മരണകള്‍ പേറണമെന്ന വാദമുഖമുയര്ത്തുന്നവരെ ദേശദ്രോഹികളുടെ ഗണത്തിലേ പെടുത്താനാവുകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമാന്യ തിലകന് ഉയര്‍ത്തിയ ഗണേശോത്സവവും ബംഗാള്‍ വിഭജനത്തിനെതിരെ ഉയര്‍ന്ന വന്ദേമാതര പ്രക്ഷോഭവും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ സമരത്തിനായുള്ള പോരാട്ടങ്ങളായിരുന്നുവെങ്കില് ശ്രീരാമജന്മഭൂമി പ്രക്ഷോഭം സ്വാതന്ത്ര്യവും സ്വാഭിമാനവും കാത്തുരക്ഷിക്കുന്നതിനുള്ള മുന്നേറ്റമാണ്. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്ക്കുവേണ്ടി മുസ്ലീം സമൂഹത്തെ വോട്ട്ബാങ്കായി മാറ്റിയ രാഷ്ട്രീയക്കാരന്റെ കുതന്ത്രങ്ങള്‍ ഇനി വിലപ്പോവില്ല. ഒരുകാലത്ത് തെറ്റിദ്ധരിപ്പിക്കപ്പെട്ട ആ സമൂഹം ഇന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ദേശീയതയ്ക്കായുള്ള ഈ മുന്നേറ്റത്തില്‍ അണി ചേരുകയാണ്. എല്ലാവിധ പ്രകോപനങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാന്‍ കരുത്തു പകരുന്ന ധാര്‍മ്മികശക്തിയുടെ വിജയമാണ് ശ്രീരാമ ക്ഷേത്രനിര്‍മ്മാണത്തിലൂടെ ലോകം കാണാന്‍ പോകുന്നതെന്ന് ചന്ദ്രബാബു പറഞ്ഞു. മുഗളനും കൊള്ളക്കാരനുമായ ഒരു വിദേശ അക്രമകാരിയുടെ സ്മരണകളില്‍ ഇവിടുത്തെ മുസ്ലീം സമൂഹം ജീവിക്കണമെന്ന് ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയത് അധികാരമോഹികളായ രാഷ്ട്രീയക്കാരും അവരുടെ ചരിത്രകാരന്മാരും സൃഷ്ടിച്ച നുണക്കഥകള്‍ ഇനി വിലപ്പോവില്ല. അയോധ്യ ഭഗവാന് ശ്രീരാമന്റെ ജന്മസ്ഥാനമാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്ന ദേശീയ ജനതയുടെ വികാരമാണ് ശ്രീരാമജന്മഭൂമിപ്രക്ഷോഭത്തിന്റെ കാതലെന്ന് അദ്ദേഹം പറഞ്ഞു.
പനയം കോവില്‍മുക്കില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ് മഹാനഗര്‍ കാര്യവാഹ് സി. പ്രദീപ് സംസാരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് ആര്‍എസ്എസിന്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും ചുമതലക്കാരായ സന്തോഷ്, സുധീര്‍, ഷാജി, എന്നിവര്‍ സംസാരിച്ചു.
വാല്മീകി ജയന്തി പ്രമാണിച്ച് നാടെങ്ങും ശ്രീരാമശക്തി സമ്മേളനങ്ങള്‍ നടന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 300 കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. അയോദ്ധ്യയില്‍ മാര്‍ഗദര്‍ശക് മണ്ഡലിന്റെയും രാമജന്മഭൂമി മുക്തിയജ്ഞ സമിതിയുടെയും വിഎച്ച്പിയുടെയും നേതൃത്വത്തില്‍ സങ്കല്പദിവസ് ആചരിക്കുന്നതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ശക്തിസമ്മേളനങ്ങള്‍. ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് ജി. ശിവരാമന്, സഹകാര്യവാഹ് വി. പ്രതാപന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്, തപസ്യ കലാസാഹിത്യവേദി ജില്ലാ സെക്രട്ടറി കെ. നരേന്ദ്രന്, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി എം.എസ് ശ്യാംകുമാര്‍, ജില്ലാ പ്രസിഡന്റ് എം. സുനില്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. ശിവജി സുദര്ശനന്, വിഎച്ച്പി ജില്ലാ സെക്രട്ടറി സി.എസ്.ശൈലേന്ദ്രബാബു, ആര്‍എസ്എസ്, വിവിധ ക്ഷേത്ര സംഘടനാ നേതാക്കളായ ശിവനപ്പന്‍ നായര്‍, പി.എം രവികുമാര്‍, സി. പ്രദീപ്, എസ്. ഗോപകുമാര്‍, ആര്. ജയപ്രകാശ്, എ.വി ജയന്, എന്‍. ശ്രീപ്രകാശ്, ആര്. ബാഹുലേയന്, വാരിജാക്ഷന്‍, കാ.നാ.അഭിലാഷ്, കെ.വി സന്തോഷ് ബാബു, ആര്.ദിവാകരന്, ആര്. വേണു കെ.ജി അനില്‍ കുമാര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: