യാത്രാരസങ്ങള് കോര്‍ത്തിണക്കി അതൊരു മനോഹരാനുഭവമാക്കി മാറ്റി വായനക്കാരിലേക്കും എത്തിക്കുകയെന്നത് അത്ര നിസാര കാര്യമല്ല. സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം വായനക്കാരനേയും കൂട്ടി വീണ്ടുമൊരു യാത്ര. അതാണ് യഥാര്‍ത്ഥത്തില്‍ യാത്രാവിവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ പി.ശ്രീകുമാര്‍ രചിച്ച ‘അമേരിക്ക കാഴ്ചയ്ക്കപ്പുറം’ എന്ന പുസ്തകം ഈ ധര്‍മം നിര്‍വഹിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. അമേരിക്ക നിരവധി തവണ സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ മനസ്സില്‍ രേഖപ്പെടുത്തിയ വസ്തുതകള്‍ അക്ഷരങ്ങളിലൂടെ പകര്‍ത്തി ഒരിക്കല്‍ പോലും പോകാത്തവരെ ആ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഒതുക്കമുള്ളതും ലളിതവുമായ ഭാഷയിലാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
അമേരിക്കയുടെ ചരിത്രപരമായ വസ്തുതകളും ശ്രീകുമാര്‍ മിക്ക അധ്യായങ്ങളിലും വിവരിക്കുന്നുണ്ട്. ആദ്യമായി അമേരിക്കന്‍ യാത്ര തരപ്പെട്ടതിന്റേയും അതിന് അദ്ദേഹത്തെ സഹായിച്ചവരേയും പറ്റി വിവരിക്കാനും അദ്ദേഹം മറന്നിട്ടില്ല. ലൗകികതയ്ക്ക് പ്രാധാന്യം നല്കുന്ന അമേരിക്കയുടെ മണ്ണിലും ആത്മീയതയിലൂന്നിയ ഹിന്ദുമതത്തിന്റെ സ്വാധീനം എവിടെയൊക്കെയോ ഉണ്ടെന്ന് ആദ്യ അധ്യായമായ മഹാത്ഭുതത്തിലെ വിഷ്ണുശിലയിലൂടെ ശ്രീകുമാര്‍ വെളിപ്പെടുത്തുന്നു.
മായന്‍, ഇന്‍കാ, ആസ്ചെക് സംസ്കാരങ്ങളെക്കുറിച്ചും യൂറോപ്യന്‍ മാരുടെ ആഗമനത്താല്‍ തകര്‍ന്ന തദ്ദേശിയ സംസ്കാരത്തെ കുറിച്ചുമെല്ലാം ചരിത്ര രേഖകളുടെ സഹായത്തോടെ ആധികാരികമായിത്തന്നെ വിശദീകരിക്കുന്നുണ്ട്. ഭാരതത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തെ കുറിച്ചും വിവേകാനന്ദന്റെ അമേരിക്ക സന്ദര്‍ശനത്തെ കുറിച്ചും വിവേകാനന്ദന്റെ പ്രസംഗം മാറ്റൊലികൊണ്ട ചിക്കാഗോ ആര്‍ട് ഇന്‍സ്റ്റിറ്റിയൂട്ടിനെ പറ്റിയുമെല്ലാം പ്രതിപാദിക്കുകയാണ് സഹോദരീ സഹോദരന്മാരെ എന്ന അധ്യായത്തിലൂടെ.
മാലാഖ നഗരം എന്നറിയപ്പെടുന്ന ലോസ് ആഞ്ചല്സിനെപ്പറ്റിയും അവിടുത്തെ മായക്കാഴ്ചകളെപ്പറ്റിയും വിവരിക്കുന്നത് വായിക്കുമ്പോള്‍ ഒരിക്കലെങ്കിലും അമേരിക്ക സന്ദര്‍ശിക്കണമെന്ന മോഹം മനസ്സില്‍ രൂപം കൊണ്ടിരിക്കും. ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂട് നേരിട്ടറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളെ കുറിച്ചും അമേരിക്കയിലെ തെരഞ്ഞെടുപ്പിന്റെ സ്വഭാവത്തെ കുറിച്ചുമൊക്കെയുള്ള നേര് വിവരണമാണ് പാര്‍ട്ടികളും വോട്ടെടുപ്പും എന്ന അധ്യായം.
ഇങ്ങനെ ഓരോ അധ്യായവും ചരിത്രപരമായ വസ്തുതകളും അമേരിക്കന്‍ കാഴ്ചകളും കൊണ്ട് സമ്പന്നമാണ്. പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധേയമാണ്. മികച്ച വായനാനുഭവം സമ്മാനിക്കുന്നതിനൊപ്പം മനോഹര ദൃശ്യങ്ങള്‍ കണ്ണിനും ആനന്ദം പകരുന്നു. മാധ്യമ പ്രവര്ത്തകന് ആയതിനാല്‍ എഴുത്തില്‍ ഒരു കയ്യടക്കം പാലിക്കുവാന്‍ പി.ശ്രീകുമാറിന് സാധിക്കുന്നുണ്ട്. കാര്യങ്ങള്‍ നീട്ടി പരത്തി പറയാതെ, വായനക്കാരെ മുഷിപ്പിക്കാതെ പറയേണ്ടത് ഭംഗിയായി പറയുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: