വയസ്സ് കൂടുന്തോറും പക്വത മുറ്റിവരുമെന്നാണ് പറയാറ്. ഏറിയും കുറഞ്ഞും നാമതൊക്കെ അനുഭവിക്കാറുണ്ട്. പക്ഷേ, വല്ലാതെ പ്രായമായാല്‍ മേധാക്ഷയം ഉള്‍പ്പെടെയുള്ള ഗുലുമാലുകള് അലട്ടും. ഏത് കോടീശ്വരനായാലും സ്ഥിതി അതുതന്നെ. പണമുണ്ടെങ്കില്‍ പക്ഷേ, മറ്റൊരു കാര്യമുണ്ട്. പ്രൗഢിക്കനുസരിച്ചുള്ള ദിനസരികളില്‍ മുഴുകാം. ആയ കാലത്തെ പ്രാപ്തിയെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും ഇരിക്കാം, അട്ടം നോക്കി മലര്‍ന്നുകിടക്കാം. അങ്ങനെ ഒരുപാടുണ്ട് സംഗതികള്‍.
സാഹിത്യകാരന് പ്രായമായാല്‍ മനോവിഭ്രാന്തി ഉറപ്പാണ്. കാരണം, മനസ്സിന്റെ സകല വാതായനങ്ങളും തുറന്നിട്ടുകൊണ്ടുള്ള ജീവിതമായിരുന്നല്ലോ. എത്രയെത്ര കഥാപാത്രങ്ങള്‍, എത്രയെത്ര ജീവിത മുഹൂര്‍ത്തങ്ങള്‍, എന്തെന്തൊക്കെ സംഭവഗതികള്‍! ഇടയ്ക്ക് പിടികൊടുത്തും, പിടിയയച്ചും ചിതറിപ്പോകുന്ന ഓര്‍മത്തുണ്ടുകള്‍. അപ്പൂപ്പന്താടി കണക്കെ പറന്നുപോകുന്ന കാര്യങ്ങള്‍. ഒന്നും എത്തിപ്പിടിക്കാന്‍ കഴിയാതെ പോവുന്നു. അത് അരിശത്തിന് വഴിവെക്കുന്നു. ആ അരിശം എഴുതിയും പ്രസംഗിച്ചും തീര്‍ക്കുന്നു. ചില പത്രാധിപന്മാര് അത് ആഘോഷിക്കുന്നു. അത്തരമൊരു ആഘോഷം ഇതാ ഇത്തവണത്തെ (ഒക്ടോ.18) മലയാളം വാരികയില്‍ കാണാം. ലോകത്തെ മൊത്തം നശിപ്പിച്ചത് മാധ്യമപ്രവര്‍ത്തകരാണെന്നാണ് നമ്മുടെ ബഹുമാനിതനായ സ്മാരകശിലകളുടെ കര്‍ത്താവ് പറയുന്നത്. ആ ആരോപണത്തിന്റെ മൂര്‍ച്ചയില്‍ ആര്‍ക്കൊക്കെ മുറിവേല്‍ക്കുമെന്നും ചോരയൊലിക്കുമെന്നും അനുഭവിച്ചറിയാം.
മാധ്യമപ്രവര്‍ത്തകരോട് എന്ന തലക്കെട്ടില്‍ അദ്ദേഹം കുറിക്കുന്ന അക്ഷരങ്ങളില്‍ കൊടിയ വിഷം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. പാനം ചെയ്താല്‍ തീര്‍ച്ച, ഏതെങ്കിലും ശിലയില്‍ സ്മാരകവചനം എഴുതി വെക്കേണ്ടിവരും. ടിയാന് ഉവാച: പ്രിയപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ, നിങ്ങളാണ് സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇപ്പോള്‍ വിഭജിക്കുന്നത്. നിങ്ങളാണ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ അകല്‍ച്ചയും ഭയവും ഉണ്ടാക്കുന്നത്.
ജാതിമതക്കോമരങ്ങളുടെ ന്യൂയ്സെന്സുകള് വലിയ വെണ്ടക്ക അക്ഷരത്തില്‍ കൊടുത്ത് നിങ്ങളാണ് അവര്‍ക്ക് മെയിലേജ് ഉണ്ടാക്കുന്നത്. ഇത് വായിച്ചാല്‍ തോന്നും എല്ലാ രോഗവും മാറ്റാനുള്ള മരുന്നുമായാണല്ലോ മേപ്പടി കഥാകാരന് നില്‍ക്കുന്നത് എന്ന്. എന്നാല്‍ ഉള്ളില്‍ തിടംവച്ചു തുള്ളുന്ന വിഷത്തിന്റെ ശീകരങ്ങള്‍ ഇതാ ഇങ്ങനെ പുറത്തുചാടി വരുന്നത് കണ്ടാലും: മാധ്യമപ്രവര്‍ത്തകര്‍ മുസ്ലിങ്ങളെ കരിവാരിത്തേക്കുകയാണ്. അവരെ പരിഹസിക്കുന്ന വിധത്തില്‍ വാര്‍ത്തകളും കാര്‍ട്ടൂണുകളും കൊടുക്കുന്നു. കാശ്മീരില്‍ മലയാളി തീവ്രവാദികള്‍ നുഴഞ്ഞുകയറിയതുപോലെ നമ്മുടെ പല മീഡിയകളിലേക്കും ഹിന്ദുവര്‍ഗീയവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. അപ്പോള്‍ സംഗതി അതാണ്. ഈയടുത്ത് ഒരു മാധ്യമ സ്ഥാപനം ലക്ഷം രൂപയുടെ പാരിതോഷികം അവാര്‍ഡായി കൊടുത്തതോടെ മൂപ്പര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. അതിന്റെ ആവേശത്തില്‍ ഇതാ ഒരു കാച്ചുംകൂടി കാച്ചിയത് നോക്കുക: മുസ്ലീം വിഷയമെഴുതുമ്പോള് നിങ്ങളുടെ പേനയ്ക്ക് കത്തിയുടെ മൂര്‍ച്ചയും ആര്എസ്എസ്സിനെക്കുറിച്ചെഴുതുമ്പോള് നിങ്ങളുടെ പേനയ്ക്ക് തൂവല്‍സ്പര്‍ശവുമുണ്ടാവരുത്.
ഇങ്ങനെ ഉപദേശിക്കുന്ന കഥാകാരന് ഇമ്മാതിരി വിഷലിപ്തമായ കാഴ്ചപ്പാടും ഉണ്ടാവരുത് എന്നാണ് ഏഴൈപ്പാവങ്ങള്ക്ക് പറയാനുള്ളത്. മൂക്കറ്റം കള്ള് മോന്തി വലിയവായില്‍ വേണ്ടാതീനം പറഞ്ഞുപോകുന്നവരെ കാണുമ്പോള്‍ നാട്ടുമ്പുറത്തുകാര്‍ പറയാറുണ്ട്, കുടിച്ചാല്‍ വയറ്റില്‍ കിടക്കണം വഴിയില്‍ വിളമ്പരുത്. പൊന്നുകഥാകാരാ അത്രയേ ങ്ങളോടും പറയാനുള്ളൂ. മലയാളം വാരികയുടെ മൂന്നു പേജിലെ ഛര്‍ദ്ദിക്ക് ദുസ്സഹമായ നാറ്റം. വെളിവുവരുമ്പോള് ഒന്ന് കഴുകിയേച്ച് പോ.
മൂന്നാം ലോകമഹായുദ്ധം ശുദ്ധജലത്തിനുവേണ്ടിയായിരിക്കുമെന്ന് വിദഗ്ധര്‍ വിശകലനം ചെയ്ത് സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നാം ഒരു പക്ഷേ, ചിരിച്ചേക്കും. അസംഭവ്യം എന്നു പറഞ്ഞ് തിരിഞ്ഞു നടന്നേക്കും. എന്നാല്‍ സമൃദ്ധജലത്തിന്റെ സുഖദമായ അനുഭവത്തില്‍ ഇഴുകിച്ചേര്‍ന്ന നമ്മുടെ ഓര്‍മ്മകള്‍ പോലും കിട്ടാത്ത അവസ്ഥ ഒരു തലമുറയ്ക്ക് വന്നേക്കാം. അവിടേക്കാണ് നാം കുതിച്ചുപായുന്നത്. എണ്ണയും ശുദ്ധജലവും എങ്ങനെയൊക്കെയാണ് ഈ ഭൂമിയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ചെറിയൊരു ചിന്ത മലയാളം വാരികയില്‍ കാണാം. ആശങ്കയുണര്‍ത്തുന്ന അതിന്റെ തലക്കെട്ട് ഇങ്ങനെ: ഭൂമിയിലെ ശുദ്ധജലം തീര്‍ന്നു തുടങ്ങിയോ? ഡോ. വി. ശശികുമാറിന്റേതാണ് അഞ്ചു പേജു വരുന്ന കുറിപ്പ്. ഒരു നിരീക്ഷണം നോക്കുക: ഭൂമിയിലെ ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യയിലാണ്. എന്നാല്‍ ആകെ ശുദ്ധജലത്തിന്റെ നാലു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. ഇതില്‍ തന്നെ, വലിയ നദികളായ സിന്ധുവിലെയും ഗംഗയിലെയും ജലം അതിരുവിട്ട് ഉപയോഗപ്പെടുത്തുന്നതുകൊണ്ട് നല്ല മഴ ലഭിക്കുന്ന കാലങ്ങളിലൊഴിച്ച് ഈ നദികള്‍ സമുദ്രം വരെ എത്താറില്ല. നമ്മുടെ നിളയുടെ കാര്യവും അങ്ങനെ തന്നെയാണല്ലോ. ഭരണകൂടവും ജനങ്ങളും ഒത്തൊരുമിച്ച് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കില്‍ പിന്നെ പരിഹാരമേ വേണ്ടിവരില്ല.
അടുത്ത കാലത്തായി വിദ്യാരംഭത്തിന് വല്ലാത്ത പ്രചാരം കിട്ടുന്നു. പത്രങ്ങളും മറ്റും അഹമഹമികയാ കുട്ടികളെ അക്ഷരമെഴുതിക്കാന്‍ മുന്നിട്ടിറങ്ങുന്നു. നല്ലതുതന്നെ. ക്ഷരമില്ലാത്ത സംഗതി ലോകം മുഴുവന്‍ പ്രസരിച്ചുവരുന്നത് നന്മയുടെ നിദര്‍ശനമാണല്ലോ. ചെറിയൊരു സംശയം മുളപൊട്ടുന്നുണ്ട്. ആദ്യക്ഷരം, ആദ്യാക്ഷരം കുറിക്കല്‍ എന്നൊക്കെ കേള്‍ക്കുന്നു. എന്താണിങ്ങനെയൊരു ആദ്യക്ഷരം കുറിക്കല്‍. ഏതാണ് ആദ്യത്തെ അക്ഷരം. നല്ലൊരു പേരുണ്ടല്ലോ, ഹരിഃശ്രീ കുറിയ്ക്കല്‍. അതുപോരെ. അങ്ങനെ പറയാന്‍ എന്താണൊരു വൈക്ലബ്യം? നമ്മുടെ ഗാനഗന്ധര്വന് എവിടെ പരിപാടിക്ക് പോയാലും ഒരു കാവ്യശകലം എല്ലാവരെക്കൊണ്ടും ചൊല്ലിക്കും. ബഹുകേമമാണത്. അദ്ദേഹം അരങ്ങേറ്റം കുറിച്ചത് ആ കാവ്യശകലം ചൊല്ലിയാണത്രെ. അതിന്റെ അവസാനഭാഗം പക്ഷേ, ചൊല്ലില്ല. കാര്യമെന്താണെന്ന് ഒരുവിധപ്പെട്ടവര്‍ക്കൊക്കെ അറിയാം.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്
ഇതിന്നൊടുവില് നാരായണ, നാരായണ, നാരായണ എന്നുണ്ട്. പക്ഷേ, ചൊല്ലില്ല, ചൊല്ലിക്കില്ല. ആദ്യക്ഷരം കൊണ്ട് ഹരിഃശ്രീയെ വെട്ടിനിരത്തിയതിന്റെ മറുവശം. ഗന്ധര്വന് എന്തുപറഞ്ഞാലും അതാണല്ലോ ശരി. അങ്ങനെ തന്നെ നടക്കട്ടെ. ഹരിഃശ്രീയുടെ ശ്രീത്വം ആദ്യാക്ഷരത്തിനും ആദ്യക്ഷരത്തിനും ഇല്ലെന്ന് മനസ്സിലാക്കുന്നവരും ഇവിടെയൊക്കെയുണ്ടേ.
തീവ്രവാദമെന്നോ, തീവ്രവാദപ്രവര്ത്തനമെന്നോ പറയുന്നത് സൂക്ഷിച്ചുവേണം. കാരണം ചിലര്‍ നടത്തുന്നത് അവരുടെ സ്വത്വാത്മക പ്രതികരണമാണ്. അതിനെ തീവ്രവാദത്തിന്റെ കണക്കില്‍പ്പെടുത്തി ആക്ഷേപിക്കുന്നവര്‍ക്ക് താക്കീതായി കോഴിക്കോട് വെള്ളിമാടുകുന്നിലെ കൊള്ളിയാന്‍ പ്രസിദ്ധീകരണം മുമ്പിലുണ്ട്, ജാഗ്രതൈ! അവരുടെ വൈകിയിറങ്ങിയ ലക്കത്തിന്റെ (ഒക്ടോ.21) മുഖചിത്രത്തില്‍ ഗ്രേറ്റ് കേരള ബുക്ക് ഹണ്ട്, പുസ്തകവേട്ട, ഒരു പേരിലെല്ലാമിരിക്കുന്നു എന്നിങ്ങനെ വിഷത്തിന്റെ പല പല ഗ്രേഡിലുള്ള കുപ്പികളുണ്ട്. യുക്തം പോലെ കുപ്പികളുടെ അടപ്പ് തുറക്കാം, ഒഴിക്കാം, വേണ്ടാത്തവയെ വേരോടെ കരിയ്ക്കാം. തുടക്കം തന്നെ നോക്കുക: ഭീകരവേട്ടയുടെ പേരില്‍ മുസ്ലീം യുവാക്കള്‍ പീഡിപ്പിക്കപ്പെടുന്നതായി നിരവധി പരാതികള്‍ കേന്ദ്രസര്‍ക്കാറിനു ലഭിച്ചിട്ടുണ്ടെന്നും പുറത്തുവന്ന ചില കേസുകളുടെ വിവരങ്ങള്‍ അത് ശരിവെക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചെന്ന് വാര്‍ത്ത. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേറെ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്! ഇതു പറഞ്ഞശേഷം അഹ്മദ് ഫരാസിന്റെ ഒരു കവിതയിലെ എട്ടുവരി ആപ്പ് അടിച്ചു കേറ്റിയിട്ടുണ്ട്. അക്ഷരങ്ങള്‍ അറസ്റ്റുവരിക്കുന്ന കാലം, ഒരു പേരിലെല്ലാമിരിക്കുന്നു തുടങ്ങിയ കസര്‍ത്തുകളും അതിന് പിന്നിലായി അണിനിരക്കുന്നു. ഭരണാധികാരികളും അവരുടെ തലതൊട്ടപ്പന്മാരും ദയവായി വെള്ളിമാടുകുന്നില്‍ പുഴുങ്ങിയ വിഭവങ്ങള്‍ ആവോളം രുചിക്കുക. പിന്നെ അതിന്റെ ദേഹണ്ഡക്കാരെ കൈകൊട്ടി വിളിക്കുക. യുക്തമായ സ്ഥാനമാനങ്ങള്‍ അവര്‍ക്ക് നല്‍കുക. അങ്ങനെയെങ്കിലും ഇമ്മാതിരി മാരണം തീരുമെങ്കില്‍ അതല്ലേ നല്ലത്. ചിലയാളുകള്‍ക്ക് അഴിഞ്ഞാടാനുള്ള ജന്മാവകാശം കിട്ടിയിട്ടുണ്ടെങ്കില്‍ അത് തടയാന്‍ ആര്ക്കധികാരമുണ്ട്. നാം തുടക്കത്തില്‍ കണ്ട കഥാകാരന് കൂട്ടായി വെള്ളിമാടുകുന്നിലെ സ്ഥാപനം നീണാള്‍ വാഴട്ടെ.
തൊട്ടുകൂട്ടാന്‍
നീ മേല്പ്പോട്ടും
ഞാന്‍ കീഴ്പ്പോട്ടും
വിരുദ്ധധ്രുവങ്ങളില്‍
സഞ്ചരിക്കുമ്പോഴാണല്ലോ
നീ നീയാകുന്നത്.
ഷീബാ ദിവാകരന്
കവിത: വേരോട്ടം
മാധ്യമം ആഴ്ചപ്പതിപ്പ് (ഒക്ടോ.21)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: