മാലി: ഇന്നു നടക്കാനിരുന്ന മാലദ്വീപ് പ്രസിഡന്റു തെരഞ്ഞെടുപ്പ് അവസാന നിമിഷം റദ്ദാക്കി. മാലദ്വീപ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനായി മൂന്നാഴ്ചയോ 21 ദിവസമോ വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിഡന്റ് ഫൗദ് തൗഫീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ റദ്ദാക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ എതിരാളികള്‍ പുതിയ വോട്ടര്‍പട്ടിക അംഗീകരിക്കാത്തതാണു തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ കാരണമായത്. വോട്ടേഴ്സ് ലിസ്റ്റില്‍ ക്രമക്കേടുണെ്ടന്ന് നഷീദിന്റെ എതിരാളികളായ അബ്ദുള്‍ യാമീന് ഖയൂമും ഖാസിം ഇബ്രാഹിമും ആരോപിച്ചു. നഷീദിന്റെ പാര്‍ട്ടി വോട്ടേഴ്സ് ലിസ്റ്റ് അംഗീകരിച്ചിരുന്നു.
നവംബര്‍ 11 മുമ്പ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അധിക സമയം ജോലി ചെയ്താണ് തിരഞ്ഞെടുപ്പിനുള്ള സജ്ജീകരണങ്ങള്‍ നടത്തുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞയാഴ്ച്ച സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സെപ്തംബര്‍ 7 ന് നടന്ന തെരഞ്ഞെടുപ്പില്‍ 45.45 ശതമാനം വോട്ട് നഷീദിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: