ചെന്നൈ: തൂത്തുക്കുടിയില്‍ നിന്ന് കഴിഞ്ഞ ദിവസം തീരദേശ രക്ഷാ സേന പിടികൂടിയ എം.വി സീമാന്‍ ഗാര്‍ഡ് ഒഹിയോ എന്ന അമേരിക്കന്‍ കപ്പലില്‍ നിന്ന് പൊലീസ് 35 എ.കെ 47 തോക്കുകളും 6600 വെടിയുണ്ടകളും പിടിച്ചെടുത്തു.
തമിഴ്നാട്ടിലെ ക്യൂബ്രാഞ്ച് പൊലീസാണ് രാവിലെ കപ്പലില്‍ നിന്ന് ആയുധശേഖരം പിടിച്ചത്. 35 കപ്പല്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ക്യൂബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്.
പോലീസ് കപ്പലില്‍ നടത്തിയ തെരച്ചിലില്‍ ഇവരുടെ പക്കല്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 35 എകെ 47 തോക്കുകളും 6500 തിരകളും പിടിച്ചെടുത്തു. തൂത്തുക്കുടിയില്‍ നിന്ന് 47 മൈല്‍ അകലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നാണ് മതിയായ രേഖകള്‍ ഇല്ലാതെ ഒക്ടോബര്‍ 11നാണ് എംപി സീമാന്‍ എന്ന കപ്പല്‍ പിടിച്ചെടുത്തത്. 10 ജീവനക്കാരും 25 സുരക്ഷാ ഗാര്‍ഡുമാരുമാണ് അതിലുണ്ടായിരുന്നത്.
ഇവരില്‍ വിരമിച്ച നാല് ഇന്ത്യന്‍ ജീവനക്കാരുമുണ്ട്. കപ്പല്‍, ഇന്ത്യന്‍ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഇന്ത്യന്‍ കടലില്‍ ഒരു മാസം കറങ്ങിയിരുന്നു. അമേരിക്കന്‍ കമ്പനി അഡ്വാന് ഫോര്ട്ടിന്റെതാണ് കപ്പല്‍.
ഇന്ത്യന്‍ തീരത്ത് ഉണ്ടായ ഫൈലിന് ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്നും, ഡീസല്‍ തീരാറായതിനെ തുടര്‍ന്നുമാണ് കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്നതെന്നാണ് കപ്പല്‍ കമ്പനി നല്കുന്ന വിശദീകരണം. കപ്പല്‍ ആഗസ്റ്റ് 23 ന് കൊച്ചി തുറമുഖത്ത് അടുത്തിരുന്നു. മൂന്നു ദിവസത്തിന് ശേഷം ഷാര്‍ജയ്ക്ക് പോയ കപ്പല്‍ വീണ്ടും ഇന്ത്യന്‍ കടലിലേക്ക് കടക്കുകയായിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: