ന്യൂയോര്‍ക്ക്: നരവംശത്തിന്റെ പരിണാമചരിത്രം തിരുത്തിയെഴുതുന്ന പുതിയ കണ്ടുപിടിത്തം ലോകശ്രദ്ധ നേടുന്നു. മനുഷ്യപരിണാമവുമായി നിലവിലുള്ള പല ധാരണകളെയും പൊളിച്ചെഴുതാന്‍ പാകത്തിലുള്ള തിരിച്ചറിവുകള്‍ ശാസ്ത്രലോകത്തിന് കൗതുകമായിരിക്കുകയാണ്. ജോര്‍ജിയയില്‍നിന്നും കണ്ടെടുത്ത 18 ലക്ഷം വര്‍ഷം പഴക്കമുള്ള തലയോട്ടിയാണ് പുതിയ തിരുത്തലുകള്‍ക്ക് നാന്ദിയാകുന്നത്. വ്യത്യസ്ത നരവംശങ്ങള്‍ ഇരുപത് ലക്ഷം വര്‍ഷം മുമ്പ് ഭൂമുഖത്തുണ്ടായിരുന്നെന്ന ധാരണയാണ് ഗവേഷകര്‍ ‘തലയോട്ടി’യിലൂടെ തിരുത്തുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നത്തെ മനുഷ്യവര്‍ഗത്തില്‍ ഓരോരുത്തരും മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാണ്. അതുപോലെ, പ്രാചീന ഹോമിനിഡുകളും പരസ്പരം വ്യത്യസ്തരായിരുന്നു. അസ്ഥികളുടെ വലിപ്പത്തിലുള്ള വ്യത്യസ്തതകൊണ്ട് ഓരോന്നും വിവിധ സ്പീഷീസുകളാണെന്ന് ശാസ്ത്രജ്ഞര്‍ തെറ്റിദ്ധരിച്ചതായി പുതിയ പഠനം പറയുന്നു.
എട്ട് വര്‍ഷമാണ് ജോര്‍ജിയയില്‍നിന്ന് കിട്ടിയ തലയോട്ടിയുമായി ഗവേഷകര്‍ പഠനം നടത്തിയത്. പുതിയ ലക്കം സയന്‍സ് ജേണലിലാണ് കണ്ടുപിടിത്ത വിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ടിബിലിസിയില്‍ ജോര്‍ജിയന്‍ നാഷണല്‍ മ്യൂസിയത്തിലെ പാലിയോ ആന്ത്രോപ്പോളജിസ്റ്റ് ഡേവിഡ് ലോര്ഡ്കി പാനിഡ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണഫലം പുറത്തുവിട്ടത്.
2005 ല്‍ ജോര്‍ജിയയിലെ ഡിമാനിസിയില്നിന്നാണ് പ്രാചീന മനുഷ്യന്റെ തലയോട്ടി ലഭിക്കുന്നത്. ഏതാണ്ട് പൂര്‍ണമായി സൂക്ഷിക്കപ്പെട്ട പ്രായപൂര്‍ത്തിയായ ഹോമിനിഡ് തലയോട്ടിയാണിത്. ‘സ്കള് 5’ എന്ന പേരിലറിയപ്പെടുന്ന ഇത് ആഫ്രിക്കക്ക് പുറത്തുനിന്നും ലഭിച്ച ഏറ്റവും പഴക്കമേറിയ ഫോസിലാണ്. ആള്‍ക്കുരങ്ങുകളുടേതിനോട് സാമ്യമുള്ള നീണ്ട മുഖവും വലിയ പല്ലുകളും ഇതിനുണ്ട്.
വ്യത്യസ്ത ഹോമിനിഡുകളുടെ മറ്റ് നാല് ഫോസിലുകളും ‘സ്കള് 5’ നൊപ്പം ഡിമാനിസിയില്നിന്നും കണ്ടെത്തിയിട്ടുണ്ട്. ഭൗതികമായി വ്യത്യാസമുള്ളവയാണെങ്കിലും അവയെല്ലാം ഒരേ സമയത്ത് ഒരു സ്ഥലത്ത് കഴിഞ്ഞ വര്‍ഗത്തിന്റേതാണെന്ന സൂചനയാണ് ഇതിലൂടെ ലഭ്യമാകുന്നത്. ആഫ്രിക്കയില്‍നിന്ന് ലഭിച്ചിട്ടുള്ള ഫോസില്‍ റെക്കോര്‍ഡില്‍ ഏതാണ്ട് സമാനമായ വൈവിധ്യമാണ് കാണാനാവുക. 20 ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ ഒറ്റ ഹോമോ സ്പീഷീസ് (നരവംശം) മാത്രമേ നിലനിന്നിരുന്നുള്ളൂ എന്ന നിഗമനമാണ് ഈ പശ്ചാത്തലത്തില്‍ ശരിയാകൂവെന്ന് ഗവേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ സൂറിച്ച് യൂണിവേഴ്സിറ്റിയിലെ ക്രിസ്റ്റോഫ് സൊലിക്കോഫര് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ നിഗമനം ചോദ്യംചെയ്യുന്ന ഗവേഷകരും കുറവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: