യജമാനന്റെ ശബ്ദം കൃത്യമായി തിരിച്ചറിയുന്ന ചില വളര്‍ത്തു മൃഗങ്ങളുണ്ട്. ശബ്ദത്തിനുമപ്പുറം തന്റെ യജമാനന്റെ മനസ്സിലിരുപ്പു കൃത്യമായി വായിച്ചറിയാന്‍ കഴിയുന്ന ഇനങ്ങളുമുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ എന്ന നിലയില്‍ മുന്തിയ പരിഗണനയും സ്നേഹവും ഇവര്‍ക്ക് എപ്പോഴും ലഭിക്കും. രാഷ്ട്രീയത്തില്‍ യജമാനന്റെ ശബ്ദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരുടെ വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരിക്കും.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും ഉദ്യോഗസ്ഥര്‍ക്കിടയിലും ഇത്തരം അനുചരന്മാരെ സൃഷ്ടിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അസാമാന്യമായ പാടവം തന്നെയുണ്ട്. അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാള്‍മാരുടെ പണി മുതല്‍ നേതാവിന്റെ ബിനാമി ഇടപാടുകള്‍ വരെ ഇത്തരക്കാരുടെ ഉത്തരവാദിത്വമായിരിക്കും. സാധാരണയായി ഉപഗ്രഹങ്ങളായി നടക്കുന്ന ചില കുട്ടി നേതാക്കളും അധികാര ശ്രേണിയില്‍ താഴെത്തട്ടില്‍ നില്ക്കുന്ന ഉദ്യോഗസ്ഥരുമാകും ഇത്തരം പണിക്ക് തയ്യാറാവുക. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി തന്നെ ഇത്തരമൊരാരോപണത്തില്‍ കുടുങ്ങുന്നത് രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ബാബുമാര്ക്കും നാണക്കേടാണ്.
രാജസ്ഥാന് ചീഫ് സെക്രട്ടറിയും മലയാളിയുമായ സി.കെ മാത്യു തരക്കേടില്ലാത്ത കരിയര്‍ റെക്കോഡുള്ളയാളാണ്. ഒരു മലയാളി മറ്റൊരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത് മുഴുവന്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടവുമാണ്. പക്ഷേ മാത്യുവിന്റെ കാര്യത്തില്‍ ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ അത്ര സുഖകരമല്ല.നിയമസഭ തെരഞ്ഞടുപ്പ് നടക്കാന്‍ പോകുന്ന രാജസ്ഥാനില്‍ ചീഫ് സെക്രട്ടറിയായ സി.കെ മാത്യു കോണ്‍ഗ്രസ് സര്‍ക്കാരിനു വേണ്ടി തെരഞ്ഞടുപ്പു ചട്ടങ്ങള്‍ ലംഘിക്കുകയും അധികാര ദുര് വിനിയോഗം നടത്തുകയും ചെയ്തെന്ന ആരോപണം നേരിടുകയാണ്.
മാത്യുവിനെതിരെ പ്രതിപക്ഷമായ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്കി. കമ്മീഷന് മാത്യുവിനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്. അതിനിടെ നാടകീയമായി കഴിഞ്ഞദിവസം താന്‍ തെരഞ്ഞടുപ്പ് കഴിയും വരെ അവധിയില്‍ പ്രവേശിക്കുകയാണെന്ന് മുഖ്യമന്ത്രിയെക്കണ്ട് മാത്യു കത്ത് നല്കി. പ്രതിപക്ഷത്തിന്റെ ആരോപണം തന്നെ വേദനിപ്പിച്ചെന്നും ഈ സാഹചര്യത്തില്‍ 58 ദിവസത്തെ ലീവ് അനുവദിക്കണമെന്നുമാണ് മാത്യുവിന്റെ കത്തില്‍ പറയുന്നത്. അവസരത്തിനൊത്തുയര്‍ന്ന മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് സി.കെ മാത്യുവിനെ പ്രകീര്‍ത്തിക്കുകയും സത്യസന്ധനായ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചതിന് ബിജെപിയെ കുറ്റപ്പെടുത്തുകയും ചെയ്തു. മാത്യുവിന്റെ ലീവ് അപേക്ഷ തന്നെ ഞെട്ടിച്ചുവെന്നാണ് ഗഹ്ലോട്ടിന്റെ പ്രസ്താവന. ഒരു ഉദ്യോഗസ്ഥനും ഇങ്ങനെ ക്രൂശിക്കപ്പെടരുതെന്നും മുഖ്യമന്ത്രി പറയുന്നു.
എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ലീവ് നാടകം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡ് പറയുന്നു. ബിജെപി പരാതിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ തെരഞ്ഞടുപ്പ് കമ്മീഷന് മാത്യുവിനെതിരെ നടപടി എടുക്കേണ്ടി വരും. ഗഹ്ലോട്ട് സര്‍ക്കാരിനെതിരെയും കമ്മീഷന്റെ നടപടി വന്നേക്കാം. ഈ സാഹചര്യത്തില്‍ മാത്യുവിനെ രക്ഷിക്കാനും പ്രതിപക്ഷ രോഷം തണുപ്പിക്കാനും ചീഫ് സെക്രട്ടറിയുടെ ലീവ് സഹായിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് ചീഫ് സെക്രട്ടറി ലീവ് അപേക്ഷ നല്‍കിയതെന്നും വ്യക്തമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സുക്ഷാ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെന്ന നിലയില്‍ സി.കെ മാത്യു കൈക്കൊണ്ട നടപടികളാണ് വിവാദമായത്. ഭക്ഷ്യ സുക്ഷാ പദ്ധതിയുടെ നടത്തിപ്പു സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ആശയക്കുഴപ്പത്തില്‍ തുടരവെ രാജസ്ഥാനില്‍ ഉടന്‍ പദ്ധതി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെടുകയായിരുന്നു. ബില്ലിലെ വ്യവസ്ഥകളോ അതു സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങളോ വ്യക്തമാകുന്നതിന് മുന്‍പ് പദ്ധതി നടപ്പാക്കാനാകില്ലെന്നറിയിച്ച ജില്ലാ കളക്ടര്‍മാര്‍ക്ക് ഇദ്ദേഹത്തിന്റെ വക ഭീഷണിയും.
അശോക് ഗഹ്ലോട്ട് ആദ്യവട്ടം മുഖ്യമന്ത്രിയായ 98-2003 കാലയളവില്‍ സി.കെ മാത്യു അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എന്ന ഒരനുബന്ധം കൂടിയുണ്ട് ഈ നാടകത്തിന്.
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്ക്കായുള്ളതാണ് ഭക്ഷ്യ സുരക്ഷാ പദ്ധതിയെങ്കിലും തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് 81 ലക്ഷം പേരെ പദ്ധതിയുടെ പരിധിയില്‍ അധികമായി ഉള്‍പ്പെടുത്താനും സി.കെ മാത്യുവിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. ചില കളക്ടര്‍മാരുടെ എതിര്‍പ്പ് മൂലമാണ് ഇത് പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയാതെ പോയത്.എന്തായാലും തെരഞ്ഞടുപ്പ ്കമ്മീഷന്റെ ഇടപെടലോടെ തത്ക്കാലം ഈ തന്ത്രം പാളിയിരിക്കുകയാണ്. രാജസ്ഥാനില്‍ ഇതാദ്യമായല്ല തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതി ഗഹ്ലോട്ട് സര്‍ക്കാരിനെതിരെ ഉയരുന്നത്. സംസ്ഥാനത്തെ നഗര വികസന വകുപ്പും ഭവന നിര്‍മ്മാണ വകുപ്പും ഇതേ ആരോപണം നേരിടുകയാണ്. ജയ്പൂര്‍ ഡവലപ്പ്മെന്റ് അതോറിട്ടിയുടെ പേരില്‍ നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കാന് ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. ഈ പരാതിയും ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ്.
രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെങ്കില്‍ സി.കെ മാത്യുവിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത് ഉദ്യോഗം രാജിവെച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുക എന്നതാണ്. ഐഎഎസിന്റെ വിശ്വാസ്യത നിലനിര്‍ത്താനും അത് ഉപകരിക്കും. പാരമ്പര്യമായി ഐഎ എസുകാരുടെ കുടുംബമാണ് അദ്ദേഹത്തിന്റേത്. അച്ഛന് കൊച്ചുകോശി സംസ്ഥാന വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്നു.സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം ഇപ്പോള്‍ 90 പിന്നിട്ട് വിശ്രമ ജീവിതം നയിക്കുന്നു. സഹോദരനും സിവില്‍ സര്‍വ്വീസിലാണ്. ഇംഗ്ലീഷ് ഭാഷാ പണ്ഡിതന് കൂടിയായ സി.കെ മാത്യു നല്ലൊരു എഴുത്തുകാരന് കൂടിയാണ്. തന്റെ ബ്ലോഗ് മാത്യുസ്കേപ്പില് അദ്ദേഹം ഇങ്ങനെ കുറിക്കുന്നു. വീട്ടില്‍ ചെലവഴിക്കുന്ന നിമിഷങ്ങളാണ് എനിക്കേറ്റവും പ്രിയംകരം. ധാരാളം പുസ്തകങ്ങള്‍ വായിക്കാം, മനസില്‍ തോന്നുന്നതൊക്കെ എഴുതാം, ഇഷ്ടപ്പെട്ട സംഗീതം ആസ്വദിക്കാം. വളരെ നല്ലത്. പക്ഷെ സ്ഥിരമായി വീട്ടിലിരിക്കേണ്ടി വരുന്നത് അത്ര നല്ലതല്ലെന്ന് അദ്ദേഹത്തിനറിയാമായിരിക്കും.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: