കൊച്ചി: കൂടുതല്‍ വികസന സാധ്യതയുള്ള കോളേജെന്ന നിലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്കുന്ന സമയത്ത് തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിന് സ്വയംഭരണാവകാശം ഉപയോഗപ്പെടുത്താമെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു അഭിപ്രായപ്പെട്ടു. അക്കാദമിക സൗകര്യം കൂടിയാല്‍ കൂടുതല്‍ കോഴ്സുകള്‍ക്കും വികസനത്തിനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളേജില്‍ നിര്‍മിക്കുന്ന കുളത്തിന്റെയും കുട്ടികളുടെ പാര്‍ക്കിന്റെയും പവലിയന്റെയും നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോളേജില്‍ നിര്‍മിക്കുന്ന കുളത്തിലെ വെള്ളം കുടിവെള്ളാവശ്യത്തിന് ഉപയോഗിക്കാന്‍ ജലവിഭവ വകുപ്പ് സംസ്കരണ പ്ലാന്റ് നിര്‍മിക്കും. പ്ലാന്റ് നിര്‍മാണം വൈകിയാലും 300 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ മറ്റാവശ്യങ്ങള്‍ക്ക് ഇതുപയോഗിക്കാന്‍ സാധിക്കും. മറ്റ് കോളേജുകളെ അപേക്ഷിച്ച് ഇവിടെ സൗകര്യം കുറവാണെങ്കിലും അവ പതുക്കെ പരിഹരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കുളത്തിന്റെ നിര്‍മാണത്തിനായി 50 ലക്ഷം രൂപയും അംഗവൈകല്യമുള്ള കുട്ടികളുടെ പാര്‍ക്കിന്റെയും പവലിയന്റെയും നിര്‍മാണത്തിനായി 10.63 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. അരനൂറ്റാണ്ട് പഴക്കമുള്ള ആശുപത്രിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന കുളത്തിന് 20 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും ആറ് മീറ്റര്‍ ആഴവുമുണ്ടാകും. ആറുമാസത്തിനകം പണി പൂര്‍ത്തിയാകും. ടെക്നോ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല.
ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ ആര്.വേണുഗോപാല്‍ അധ്യത വഹിച്ചു. ഉപാധ്യക്ഷ തിലോത്തമ സുരേഷ്, ആരോഗ്യസമതി അധ്യക്ഷന്‍ ടി.കെ.സുരേഷ്, കൗണ്‍സിലര്‍ ഇ.കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പൊതുമരാമത്ത് എക്സി.എഞ്ചിനിയര്‍ സി.ടി.സലോമി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് സൂപ്രണ്ട് ഡോ.എ.ജി.പ്രസന്നകുമാരി സ്വാഗതവും പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.ഉമ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: