കൊച്ചി: ആത്യന്തിക ദുഃഖനിവൃത്തിയും നിരതിശയമായ സുഖപ്രാപ്തിയുമാണ് മനുഷ്യജന്മത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് സ്വാമി ചിദാനന്ദപുരി. ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷദ് വിചാരയജ്ഞം രണ്ടാംദിവസത്തെ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഋഷീശ്വരന്മാര് മോക്ഷം എന്ന് ഈ ലക്ഷ്യത്തെ വിളിച്ചു. തന്റെ ആനന്ദസ്വരൂപത്തെ സാക്ഷാത്കരിക്കുക എന്നത് മാത്രമാണ് ഈയൊരു ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം. ഇതാകട്ടെ, യഥാര്‍ത്ഥ ജ്ഞാനത്തിലൂടെ മാത്രം സാധിത്മാകുന്നതാണ്. ഇതിനുള്ള പ്രമാണമാണ് ഉപനിഷത് അഥവാ വേദാന്തം.
തന്റെ പൂര്ണസ്വരൂപത്തെ അറിയാതെ സുഖം തേടി പുറമേയുള്ള വിഷയങ്ങളിലേക്ക് അലയുന്ന കാലത്തോളം ആത്യന്തികമായ ദുഃഖ നിവൃത്തി സാധ്യമല്ല. വേദാന്തശാസ്ത്രം തന്റെ പൂര്‍ണ്ണാനന്ദ സ്വരൂപത്തെ ബോധിപ്പിക്കുന്നു. സമ്പ്രദായ ശുദ്ധിയോട് കൂടി വേദാന്ത വിചാരം ചെയ്യുന്നതിലൂടെ മനുഷ്യന് ആത്യന്തികമായ ദുഃഖനിവൃത്തിയിലേക്ക് ഉയരുന്നു.
സത്യദര്‍ശികളായ ഋഷീശ്വരന്മാര് നമുക്ക് അപാരകൃപയാല് നല്കിയ ഈ ദര്‍ശനത്തെ അറിഞ്ഞ് കൃതാര്‍ത്ഥരാകാന്‍ നമുക്കൊക്കെയും അധികാരമുണ്ട്. ഇതറിഞ്ഞ് സ്വയം കൃതാര്ത്ഥരായും സമാജത്തില്‍ ശാന്തിയുടെ സന്ദേശപ്രചാരകരായും നാം തീരേണ്ടതുണ്ട്. ടിഡിഎം ഹാളില്‍ വൈകിട്ട് 6 മുതല്‍ 8 വരെയാണ് സ്വാമിയുടെ പ്രഭാഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: