മന്ത്രിമാരില്‍ പലരും വൃത്തികെട്ടവന്മാരാണെന്ന് പറയുന്നത് സാധാരണക്കാരല്ല. സര്‍ക്കാരിന്റെ ഭാഗമെന്ന് പറഞ്ഞാല്‍ പോര കാബിനറ്റ് മന്ത്രിയുടെ പദവിയുള്ള വ്യക്തിയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഒരു മയക്കുവെടിയും കൂസാതെ ഇളകിയാടി മദിക്കുന്ന ജോര്‍ജ്ജെന്ന ഒറ്റയാന് ആരെയും വിടുന്നില്ല. ജോര്‍ജ്ജ് വെളിയില്‍ തള്ളുന്ന പിണ്ഡത്തെ ഗൗനിക്കേണ്ടതില്ല. അങ്ങനെയല്ലാത്തതും ചിലപ്പോള്‍ പുറത്തുവരുന്നുണ്ട്. ജോര്‍ജ്ജിന് പരസ്യമായി പറയാനാകാത്ത കാര്യങ്ങള്‍ പുറം ലോകം അറിയുന്നത് ചിലരുടെ നാവ് വാടകയ്ക്കെടുത്താണ്. ഇടപാട് അങ്ങോട്ടും ഇങ്ങോട്ടുമുണ്ട്. ഈ കൊടുക്കല്‍ വാങ്ങലില്‍ നഷ്ടത്തെക്കാള്‍ ലാഭം തന്നെയാണ്.
നാവ് വാടകയ്ക്കെടുക്കുന്ന കാര്യം നേരത്തെ പ്രസ്താവിച്ചത് പിണറായി വിജയനാണ്. വി.എസ്. അച്യുതാനന്ദന് പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ചന്ദ്രചൂഢന് വഴിയാണ് പുറത്തറിഞ്ഞിരുന്നത്. നാവു വാടകയ്ക്ക് കൊടുക്കുന്നത് നിര്‍ത്താന്‍ ചന്ദ്രചൂഢനോട് ആവശ്യപ്പെട്ടത് പിണറായി വിജയനായിരുന്നു. ജോര്‍ജ്ജ് വാടകയ്ക്കെടുക്കുന്ന നാവുകളേതൊക്കെയെന്ന് കാലം തെളിയിക്കട്ടെ.
ഏതായാലും മന്ത്രിമാരില്‍ പലരും വൃത്തിഹീനരാണെന്ന കാര്യം അവിശ്വസിക്കേണ്ട കാര്യമില്ല. ഒരുമിച്ച് കിടക്കുന്നവര്ക്കാണല്ലോ രാപ്പനി നന്നായറിയുക. മന്ത്രിസഭാ രഹസ്യങ്ങള്‍ ഒറ്റിക്കൊടുക്കുന്ന മന്ത്രിമാര്‍വരെ ഉണ്ടെന്ന് ജോര്‍ജ്ജ് പറയുമ്പോള്‍ മൗനം ദീക്ഷിക്കുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമാണോ? അത്തരം മന്ത്രിമാര്‍ കാല്‍പ്പണത്തിന്റെ പൂച്ചകളെന്ന കാര്യത്തില്‍ സംശയമില്ല. കാല്‍പ്പണത്തിന്റെ പൂച്ചകള്‍ കുടിക്കുന്നതോ മുക്കാല്‍ പണത്തിന്റെ പാലും.
ചെലവുചുരുക്കാനും സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തില്‍നിന്നും രക്ഷപ്പെടുത്താനും സഹകരിക്കണമെന്ന് ധനമന്ത്രി അപേക്ഷിക്കുമ്പോള്‍ മന്ത്രിമാരത് ഗൗനിക്കുന്നതേയില്ല. “താടിക്ക് തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കാനാ”ണവര്‍ ഉത്സാഹിക്കുന്നത്. ഒരു കലത്തിലെ ചോറിന്റെ വേവറിയാന്‍ എല്ലാ വറ്റും ഞെക്കി നോക്കേണ്ടല്ലോ. ചിലതിതാ.
കൃഷിമന്ത്രി കെ.പി. മോഹനന് ഭാഗ്യവാനാണ്. ഭാഗ്യമുള്ളവര്‍ക്കാണ് ഇരട്ട കുട്ടികളുണ്ടാകുക. ഒന്നാണും മറ്റൊന്നു പെണ്ണുമായാല്‍ മോശമെന്ന ധാരണയുണ്ട്. മോഹനന്റെ ഇരട്ടകുട്ടികള്‍ രണ്ടും പെണ്ണ്. അച്ഛന് മന്ത്രിയായിരിക്കെ പെണ്മക്കളുടെ വിവാഹം അതിലും വലിയ ഭാഗ്യം. സോഷ്യലിസ്റ്റാണെങ്കിലും മാടമ്പിയും മന്ത്രിയുമൊക്കെയായിരുന്ന പി.ആര്. കുറുപ്പിന്റെ മകനാണല്ലോ മന്ത്രി കെ.പി. മോഹനന്. മന്ത്രിയുടെ മക്കളുടെ കല്യാണത്തിന് ക്ഷണിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനത പറഞ്ഞ് മാറിനില്‍ക്കാനാകുമോ? മുഖ്യമന്ത്രിയടക്കം മന്ത്രി പരിവാരങ്ങളും ഉദ്യോഗസ്ഥ പ്രഭുക്കന്മാരുമെല്ലാം പാനൂരിലേക്ക് തിരിച്ചു. മന്ത്രിമാര്‍ റെയില്‍മാര്‍ഗം തലശ്ശേരിയില്‍ വന്നിറങ്ങുമ്പോഴേക്കും അവര്‍ക്കുള്ള വാഹനങ്ങള്‍ തലസ്ഥാനത്തു നിന്നും റോഡുമാര്‍ഗം അവിടെ എത്തി.
ഏതാണ്ട് മൂന്നു ഡസനോളം. മന്ത്രിമാര്‍ പരിപാടികള്‍ ഔദ്യോഗികമാക്കിയെന്ന് ഉറപ്പാക്കാനും ശ്രദ്ധിച്ചു. അവലോകനയോഗങ്ങള്‍ ഉള്‍പ്പെടെ ചടങ്ങുകള്‍ തട്ടിക്കൂട്ടി. പണ്ട് എന്‍.കെ. ബാലകൃഷ്ണന് ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ നീലേശ്വരത്തെ വീട്ടില്‍ പോകുമ്പോഴൊക്കെ അവിടെ തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ പുതിയ തെങ്ങിന്‍തൈ നട്ട് ഔദ്യോഗിക യാത്രയാക്കിയത് ചര്‍ച്ചാവിഷയമായിരുന്നു. പ്രജാ സോഷ്യലിസ്റ്റായിരുന്ന ബാലകൃഷ്ണനോടൊപ്പം പാര്‍ട്ടിയും മണ്മറഞ്ഞത് ചരിത്രം.
‘കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി’ എന്ന മനോഭാവമാണ് മന്ത്രിമാര്‍ക്കെല്ലാം. ലീഗിന്റെ അഞ്ചാം മന്ത്രികൂടി ആയപ്പോള്‍ കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത ഭാരമേറിയ മന്ത്രിസഭയായി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലാകട്ടെ രാഷ്ട്രീയ ഭിക്ഷാംദേഹികള്ക്കെല്ലാം ആവാസവ്യവസ്ഥകളും തരപ്പെടുത്തി. ആവശ്യത്തിന് മാത്രമല്ല അനാവശ്യത്തിനുപോലും. ഒരു മന്ത്രിക്കെന്തിനാണ് നാലും അഞ്ചും കാറെന്ന് ചോദിച്ചേക്കാം. ടൂറിസം വകുപ്പ് മന്ത്രിമാര്‍ക്ക് കൈമാറുന്ന കാറുകള്‍ക്ക് പുറമെ മന്ത്രിക്ക് വകുപ്പുകളെത്രയുണ്ടോ അതില്‍ നിന്നൊക്കെ ഒന്നോ രണ്ടോ കാറുകള്‍ മന്ത്രിക്കുചുറ്റും സദാ നിഴല്പോലെയുണ്ടാകും. ആറ് ഡ്രൈവര്‍മാരും ഏഴ് അറ്റന്റര്മാരുമൊക്കെയുള്ള മന്ത്രിമാര്‍ കേരളത്തിലുണ്ടെന്നറിയുമ്പോള് “ആരോട് കുഞ്ഞിരാമാ ചെലവു ചുരുക്കാന്‍ പറയുന്നതെന്ന്” ആരും ചോദിച്ചുപോകും.
ഒരു മന്ത്രിക്ക് 21 സ്റ്റാഫാണ്. ഡ്രൈവര്‍മാരുടെ പ്രതിമാസ ശമ്പളം 1,37,225 രൂപ. അങ്ങനെ അരഡസനോളം മന്ത്രിമാര്‍. സംസ്ഥാനത്തിന് പുറത്തും വിദേശത്തും കുടുംബത്തോടൊപ്പവും തനിച്ചും സവാരി പോയതിന് കോടികളാണ് ഇതുവരെ ചെലവാക്കിയത്. കഴിഞ്ഞ ഡിസംബര്‍വരെ മന്ത്രിമാര്‍ 85 വിദേശയാത്രകള്‍ നടത്തി. സ്വകാര്യാവശ്യത്തിനാണ് ഇതില്‍ 50 യാത്രകളും. ആ മന്ത്രിമാരെല്ലാവരും കൂടി 374 ദിവസം വിദേശത്ത് താമസിച്ചു. മന്ത്രിമാരെ വൃത്തികെട്ടവരായി പൊതുജന മധ്യത്തില്‍ അവതരിപ്പിക്കുന്ന പി.സി. ജോര്‍ജ്ജും ഔദ്യോഗികപദവി ഉപയോഗിച്ച് വിദേശയാത്ര സംഘടിപ്പിക്കുകയും തങ്ങുകയും ചെയ്തിട്ടുണ്ട്. ഈ യാത്രകള്‍ കൊണ്ട് സംസ്ഥാനത്തിനെന്തൊക്കെ നേട്ടമുണ്ടായി എന്നാരും വിശദീകരിച്ചിട്ടില്ല.
തലസ്ഥാനത്ത് ആഡംബരം തുളുമ്പുന്ന വീടുകളുണ്ടായിട്ടും അവ വന്‍ തുകയ്ക്ക് വാടകയ്ക്ക് കൊടുത്ത് സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിക്കുന്ന മന്ത്രിമാരുണ്ട്. ആഡംബര കാറുകള്‍ നിരവധിയുള്ള ചില പൊതുമേഖലാസ്ഥാപനങ്ങളുടെ ചുമതല ലഭിച്ചവര്‍ ലക്ഷങ്ങള്‍ ചെലവിട്ട് മുന്തിയ കാറു വാങ്ങാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നുമുണ്ട്. മുന്നാക്ക സമുദായ കോര്പ്പറേഷന് അധ്യക്ഷനായി നിയമിതനായ ആര്. ബാലകൃഷ്ണപിള്ള അതിനൊരു ഉദാഹരണമാണ്. കാബിനറ്റ് പദവിയാണ് ഈ കോര്പ്പറേഷന് ചെയര്മാന് നല്‍കിയിട്ടുള്ളത്. സമുദായസേവനം ഭംഗിയായി നിര്‍വഹിക്കാന്‍ പിള്ളയ്ക്കുവേണ്ടി 14 ലക്ഷംരൂപയുടെ കാറാണ് വാങ്ങുന്നത്. സാമ്പത്തിക ഞെരുക്കം മൂലം പ്രഖ്യാപിത പദ്ധതികള്‍ താളം തെറ്റുന്നു. തദ്ദേശസ്ഥാപനങ്ങള്‍ കാശില്ലാതെ നട്ടം തിരിയുന്നു. 30000 താത്കാലിക ജീവനക്കാര്‍ക്ക് പുനര്‍നിയമനം പോലും തടയുന്ന സാഹചര്യമെത്തി. എന്നിട്ടും “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ” എന്ന ഭാവത്തിലാണ് മന്ത്രിമാരെല്ലാം.
(തുടരും)
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: