തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ തീരമേഖലയായ ഇടയാറില്‍ ഒരുവിഭാഗം നടത്തിയ ഏകപക്ഷീയ അക്രമത്തെ തുടര്‍ന്ന് വീടുകളും വാഹനങ്ങളും തകര്‍ത്ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പോലീസിനും അതൃപ്തി. ഇക്കഴിഞ്ഞ 11നാണ് ഇടയാര്‍ ദ്വീപില്‍ പള്ളിവികാരിയുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. ദ്വീപില്‍ താമസിക്കുന്ന സാധാരണക്കാരായ ജനങ്ങളെ അവിടെ നിന്ന് കുടിയൊഴിപ്പിക്കുകയായിരുന്നു ലക്ഷ്യം.
11ന് വൈകിട്ട് 5.50 ഓടെയാണ് ഇടയാര്‍ ദ്വീപിലേക്ക് മുന്നാറ്റുമുക്ക് പ്രദേശത്തു നിന്ന് ഇരുന്നൂറോളം വരുന്ന അക്രമിസംഘം ഇരച്ചു കയറിയത്. പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം മാരകായുധങ്ങളുമായി വീടുകള്‍ക്ക് നേരെ ആക്രമണം നടത്തി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ വീടുകളിലുണ്ടായിരുന്ന പുരുഷന്മാര് ഇറങ്ങിയോടി. കയ്യില്‍ കിട്ടിയവരെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പുരുഷന്മാരെ കിട്ടാത്തതിന്റെ വാശി വീടുകളിലെ സ്ത്രീകളോട് തീര്‍ത്തു. സ്ത്രീകളെയും കുട്ടികളെയും നിലത്തിട്ടു ചവിട്ടിയ അക്രമികള്‍ ജനാലകളും ടിവി, വിസിഡി തുടങ്ങിയ ഉലക്ട്രോണിക്സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും വെട്ടിപ്പൊളിച്ചു. വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. വിലകൂടിയ വീട്ടുപകരണങ്ങളും സ്വര്‍ണവും പണവും കൊള്ളയടിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും അക്രമികള്‍ വെറുതെ വിട്ടില്ല. പോലീസ് ജീപ്പ്പ് തല്ലിത്തകര്‍ത്തു. ജീപ്പ്പിനു മുകളില്‍ വലിയ കല്ല് എടുത്തു വച്ചു. ആക്രമണത്തില്‍ എസ്ഐയ്ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. ഗത്യന്തരമില്ലാതെ പോലീസ് സംഘം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണ്ടെന്ന നിലപാടായിരുന്നു ഉന്നതങ്ങളില്‍ നിന്നുണ്ടായത്. ഇടയാറില്‍ നടന്ന മൃഗീയ അക്രമങ്ങള്‍ക്ക് പോലീസ് സംഘം സാക്ഷികളാണ്. പോലീസുകാരെ ഉള്‍പ്പെടെ ആക്രമിച്ചവരെ അവര്‍ നേരിട്ട് കാണുകയും ചെയ്തു. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത പന്ത്രണ്ടോളം പേരെ പോലീസ് പിടികൂടിയെങ്കിലും ഇവരെയെല്ലാം ആഭ്യന്തരവകുപ്പില്‍ നിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസുപോലും ചാര്‍ജ്ജ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു.
ഇതെല്ലാമാണ് പോലീസിന് അതൃപ്തിയുണ്ടാക്കിയിരിക്കുന്നത്. കണ്മുന്നില് നടന്ന അക്രമത്തില്‍ പ്രതികളായവരെ നേരിട്ടറിയാമായിരുന്നിട്ടും അവരില്‍ ചിലരെ പിടികൂടിയിട്ടും നടപടിയെടുക്കാന്‍ അനുവദിക്കാത്ത സമീപനം പോലീസിന്റെ മനോവീര്യം കെടുത്തുന്നതാണെന്നാണ് ചില പോലീസ് ഉദ്യോഗസ്ഥരെങ്കിലും പരസ്യമായി പറയുന്നത്. അക്രമം നടത്തുകയും വലി വര്‍ഗീയകലാപത്തിന് വഴിവയ്ക്കുമായിരുന്ന സംഭവത്തിന് തുടക്കമിടുകയും ചെയ്തവര്‍ പിന്നീട് കളക്ടറുടെ ചര്‍ച്ചയ്ക്കു വന്നിട്ടും അവരെ സ്വീകരിച്ചിരുത്തേണ്ട ഗതികേടാണ് പോലീസിനുണ്ടായത്.
എസ്ഐ ഉള്‍പ്പടെയുള്ള പോലീസുകാരെ മൃഗീയമായി ആക്രമിക്കുകയും പേലീസ് ജീപ്പ്പ് തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരെ കേസുപോലും എടുക്കേണ്ടെന്ന വാക്കാല്‍ ഉത്തരവ് പോലീസുകാരില്‍ കടുത്ത അമര്ഷമാണുണ്ടാക്കിയിട്ടുള്ളത്. മറ്റേതെങ്കിലും സംഭവത്തിലായിരുന്നെങ്കില് ഇടപെടല്‍ മറ്റൊരു വിധത്തിലാകുമായിരുന്നുവെന്നും അവര്‍ പറയുന്നു. അക്രമത്തില്‍ നേരിട്ടു പങ്കെടുത്തവരില്‍ ചിലരെ നഗരത്തിലെ ബാറുകളില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ ആക്രമിച്ചതും പോലീസ് ജീപ്പ്പ് തകര്‍ത്തതുമെല്ലാം ഇവരുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ പോലും അനുവദിക്കാതെ പുറത്തുവിടാനായിരുന്നു ഉന്നതങ്ങളില്‍ നിന്നുള്ള കല്പന.
ഇടയാറില്‍ അക്രമം നടന്നപ്പോള്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാതെ അക്രമികളെ സഹായിക്കുന്ന സമീപനമാണ് ഉന്നതരില്‍ നിന്നുണ്ടായതെന്ന ആക്ഷേപമുണ്ട്. ആദ്യമെത്തിയ പോലീസ് സംഘത്തെ അക്രമികള്‍ ഓടിച്ചശേഷം ഭയപ്പാടിലായ പോലീസ് അവിടെയെത്തിയ ഹിന്ദുസംഘടനാ നേതാക്കള്‍ സംരക്ഷണം വാഗ്ദാനം ചെയ്ത ശേഷമാണ് വീണ്ടും എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: