മൊഹാലി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം ഇന്ന്. രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് മൂന്നാം ഏകദിനത്തിനിറങ്ങുന്നത്. ഈ മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ മുന്നിലെത്താനാണ് ഇന്ത്യയുടെ ആഗ്രഹം.
ജയ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് പുറത്തെടുത്തത്. ബൗളിംഗില്‍ പോരായ്മയുണ്ടെങ്കിലും ഓസ്ട്രേലിയ ഉയര്‍ത്തിയ 360 റണ്‍സിന്റെ വിജയലക്ഷ്യം 43.3 ഓവറില്‍ മറികടന്നാണ് ഇന്ത്യ വിജയതീരമണിഞ്ഞിരുന്നത്. ഈ മത്സരത്തില്‍ 95 റണ്‍സെടുത്ത ധവാന്റെയും അപരാജിത സെഞ്ച്വറിയുമായി നിന്ന രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും ഉജ്ജ്വല ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റന്‍ വിജയത്തിലേക്ക് നയിച്ചത്. വെറും 52 പന്തില്‍ നിന്ന് സെഞ്ച്വറി അടിച്ച വിരാട് കോഹ്ലി ഇന്ത്യക്കാരന് നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും തന്റെ പേരിലാക്കിയിരുന്നു. പരമ്പരയിലെ ആദ്യമത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ട ടീം ഇന്ത്യ രണ്ടാം മത്സരത്തില്‍ ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. ഏകദിന ക്രിക്കറ്റില്‍ പിന്തുടര്ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്.
എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ശരാശരിയിലും താഴെയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ 300 റണ്‍സിനുമേല്‍ അടിച്ചെടുത്തത് ഇന്ത്യന്‍ ബൗളര്‍മാരുടെ കഴിവുകേട് തുറന്നുകാട്ടുന്നു. വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭുവനേശ്വര്‍കുമാര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടിയത്. ഇഷാന്ത് ശര്‍മ്മ, ധോണിയുടെ വിശ്വസ്തരായ അശ്വിന്, രവീന്ദ്ര ജഡേജ, വിനയ്കുമാര്‍ എന്നിവര്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ മത്സരിക്കുകയായിരുന്നു.
അതേസമയം ഓസ്ട്രേലിയയും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്തിട്ടും തോല്ക്കേണ്ടിവന്നതിന്റെ അങ്കലാപ്പൊന്നും അവര്‍ക്കില്ല. ജയ്പൂരില്‍ അവരുടെ ആദ്യ അഞ്ച് മുന്‍നിര ബാറ്റ്സ്മാന്മാരും അര്‍ദ്ധസെഞ്ച്വറി നേടി ചരിത്രം കുറിച്ചിരുന്നു. മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്‍ തന്നെയാണ് കംഗാരുക്കളുടെ പ്രതീക്ഷകളും. ഇന്ത്യന്‍ ബൗളര്‍മാരുടെ നിരാശാജനകമായ പ്രകടനവും ഓസീസിന് തുണയാകുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ ഒഴികെയുള്ളവരെ ഓസ്ട്രേലിയക്കാര്‍ അടിച്ചുപറത്തുകയായിരുന്നു. ഇഷാന്ത് ശര്‍മ്മ 9 ഓവറില്‍ 70ഉം വിനയ്കുമാര്‍9 ഓവറില്‍ 73ഉം രവീന്ദ്ര ജഡേജ 10 ഓവറില്‍ 72ഉം അശ്വിന് 8 ഓവറില്‍ 50ഉം യുവരാജ് നാല് ഓവറില്‍ 35ഉം റണ്‍സുമാണ് വഴങ്ങിയത്.
പരീക്ഷിച്ച് മടുത്തിട്ടും ഗുണമില്ലാത്ത ബൗളര്‍മാരെയാണ് ധോണി വീണ്ടും വീണ്ടും പരീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്നു കാണാം. വിനയ് കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ ഉദാഹരണങ്ങള്‍. ഇവര്‍ നിരന്തരം പരാജയപ്പെടുന്ന ബൗളര്മാരായിട്ടും ടീമില്‍ ഇടം കണ്ടെത്തുന്നു. വിനയ്കുമാറും ഇഷാന്ത് ശര്‍മയും രാജ്യാന്തര മത്സരങ്ങളില്‍ തിളങ്ങിയിട്ട് നാളുകളായി. അതേസമയം അമിത് മിശ്ര കഴിഞ്ഞ സിംബാബ്വെ പര്യടനത്തിലെ മാന്‍ ഓഫ് ദി സീരീസായിട്ടും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനില്‍ കളിപ്പിച്ചില്ല. ഷാമി അഹമ്മദും ജയ്ദേവ് ഉനദ്കതും ടീമിലുണ്ടെങ്കിലും അവസാന ഇലവനില്‍ സ്ഥാനം പിടിച്ചില്ല. ഇന്നത്തെ മത്സരത്തില്‍ ചില മാറ്റങ്ങളോടെയായിരിക്കും ടീം ഇന്ത്യ ഇറങ്ങുകയെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെപോലെ ഇന്ത്യന്‍ ബൗളര്‍മാര്‍ വാരിക്കോരി റണ്‍സുകള്‍ വിട്ടുകൊടുക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ വിജയത്തിനായി കഴിഞ്ഞ മത്സരത്തിലെപ്പോലെ ബാറ്റ്സ്മാന്മാര് അത്ഭുതം കാണിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: