അല്‍മാട്ടി (കസാക്കിസ്ഥാന്‍): ഇന്ത്യയുടെ മന്‍പ്രീത് സിംഗ് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 91 കി.ഗ്രാം ഹെവിവെയ്റ്റ് വിഭാഗത്തിന്റെ രണ്ടാം റൗണ്ടില്‍ കെഡി ആഗ്നസിനെ മലര്‍ത്തിയടിച്ചാണ് എഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവായ ഇന്ത്യന്‍ താരം മന്‍പ്രീത് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ മന്‍പ്രീത് 3-0നാണ് എതിരാളിക്കുമേല്‍ വിജയം കണ്ടത്. പ്രീ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ അസര്‍ബെയ്ജാന്റെ ടെയ്മര്‍ മമഡേവിനെ നേരിടും.
75 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവ് വിജേണ്ടര്‍ സിംഗ് രണ്ടാം റൗണ്ടില്‍ കടന്നു. ഏകപക്ഷീയമായ പോരാട്ടത്തില്‍ സ്വീഡന്റെ ഹാമ്പസ് ഹെന്റിക്സ്സണെയാണ് വിജേണ്ടര്‍ 3-0ന് പരാജയപ്പെടുത്തിയത്. രണ്ടാംറൗണ്ടില്‍ അയര്‍ലന്‍ഡിന്റെ ജേസണ്‍ കിഗ്ലിയാണ് വിജേണ്ടറിന്റെ എതിരാളി.
അഞ്ചാം സീഡായ കിഗ്ലിക്ക് ആദ്യ റൗണ്ടില്‍ ബൈ കിട്ടി. 69 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മന്ദീപ് ജംഗ്രയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ടാന്‍സാനിയയുടെ സെലെമാനി കിടുന്ഡയെ 3-0ന് കീഴടക്കിയാണ് മന്ദീപ് രണ്ടാം റൗണ്ടിലെത്തിയത്. തുര്‍ക്ക്മെനിസ്ഥാന്റെ സെര്‍ഡാര്‍ ഹുഡെബര്ഡിവേയാണ് രണ്ടാം റൗണ്ടില്‍ മന്ദീപിന്റെ എതിരാളി. 60 കി.ഗ്രാം വിഭാഗത്തില്‍ വികാസ് മാലിക്കും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: