ന്യൂദല്‍ഹി: ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയുമായുള്ള വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച റാല്‍ഫ് ഹാഷ്കെ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. സ്വിറ്റ്സര്‍ലണ്ടില്‍ അറസ്റ്റിലായ ഹാഷ്കെയെ ഇറ്റലിയില്‍ എത്തിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. ഹാഷ്കെയെ ഇറ്റലിക്ക് കൈമാറാന്‍ സ്വിസ് കോടതി ഉത്തരവിട്ടുണ്ട്. കേസില്‍ പതിമൂന്നാം പ്രതിയാണ് ഹാഷ്കെ. 2012 ഒക്ടോബറില്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്വിസ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഹാഷ്കെ ആരോപണം നിഷേധിക്കുകയായിരുന്നു. ഇന്ത്യയിലെ വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്ടറുകള്‍ വാങ്ങുന്നതിന് അഗസ്റ്റാ കമ്പനിയുമായി 3600 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. ഇതില്‍ 360 കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. വ്യോമസേന മുന്‍ മേധാവി എസ്.പി.ത്യാഗിയും ഇടപാടില്‍ ആരോപണ വിധേയനായിരുന്നു.
എന്നാല്‍ ത്യാഗി ആരോപണം നിഷേധിച്ചിരുന്നു. അഴിമതിയെ കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പതിമൂന്ന് പേര് പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന കേസില്‍ ഹാഷ്കെയെ കൂടാതെ മുന്‍ വ്യോമയാന മേധാവി എസ് പി ത്യാഗി, സഞ്ജീവ് ഏലിയാസ് ജൂലി, രാജീവ് ഏലിയാസ് ദോസ്ക്കാ, സന്ദീപ്, യൂറോപ്യന്‍ ഇടനിലക്കാരന് കാര്‍ലോ ജെറോസാ, ക്രിസ്റ്റിയന്‍ മൈക്കിള്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: